പാപ്പുവ ന്യൂഗിനിയിൽ വൻ മണ്ണിടിച്ചിലിൽ: 100 മരണം

Saturday 25 May 2024 7:40 AM IST

പോർട്ട് മോർസ്ബി: പസഫിക് ദ്വീപ് രാജ്യമായ പാപ്പുവ ന്യൂഗിനിയിൽ അതിശക്തമായ മണ്ണിടിച്ചിലിൽ 100ലേറെ മരണം. ഒരു ഗ്രാമം പൂർണമായും മണ്ണിനടിയിലായി. പ്രാദേശിക സമയം ഇന്നലെ പുലർച്ചെ മൂന്നിന് വടക്കൻ പാപ്പുവ ന്യൂഗിനിയിലെ എൻഗ പ്രവിശ്യയിലെ കാവോകലം എന്ന ഗ്രാമത്തിലായിരുന്നു അപകടം.

ഏകദേശം 50ഓളം വീടുകൾ മണ്ണിനടിയിലായെന്ന് അധികൃതർ അറിയിച്ചു. മരണ സംഖ്യ ഉയർന്നേക്കും. 300ഓളം പേർ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. മൃതദേഹങ്ങൾ പുറത്തെടുക്കാനുള്ള ശ്രമം തുടരുന്നു. തലസ്ഥാനമായ പോർട്ട് മോർസ്ബിയിൽ നിന്ന് 600 കിലോമീറ്റർ അകലെയാണ് എൻഗ പ്രവിശ്യ. പ്രതിരോധ സേനയെ അടക്കം വിന്യസിച്ച് രക്ഷാദൗത്യം ഊർജ്ജിതമാക്കിയെന്ന് പ്രധാനമന്ത്രി ജെയിംസ് മറാപെ അറിയിച്ചു. എന്നാൽ, ഗ്രാമത്തിലേക്കുള്ള റോഡുകൾ തകർന്നത് രക്ഷാപ്രവർത്തകർ ഇവിടേക്ക് എത്തിച്ചേരുന്നതിന് തടസം സൃഷ്ടിക്കുന്നു.

ഉറക്കത്തിനിടെ

പുലർച്ചെ ഗ്രാമീണർ അവരുടെ ചെറുവീടുകളിൽ ഉറങ്ങവെയായിരുന്ന അപകടം. അതിനാൽ ഭൂരിഭാഗം പേർക്കും പുറത്തേക്ക് ഓടിരക്ഷപെടാൻ കഴിഞ്ഞില്ല. ഉഗ്ര സ്ഫോടനം പോലൊരു ശബ്ദം കേട്ട് എത്തിയപ്പോൾ വലിയ പ്രദേശമാകെ പാറകളും കടപുഴകി വീണ മരങ്ങളും നിറഞ്ഞതായാണ് കണ്ടതെന്ന് സമീപ ഗ്രാമത്തിലുള്ളവർ പറയുന്നു. മണ്ണിനടിയിലുള്ള പ്രിയപ്പെട്ടവർക്കായി നിലവിളികളോടെ നൂറുകണക്കിന് പേർ തെരച്ചിൽ നടത്തുന്ന നടുക്കുന്ന കാഴ്ചകളും പുറത്തുവന്നു.

Advertisement
Advertisement