കബോസു ഇനി ഓർമ്മ

Saturday 25 May 2024 7:41 AM IST

ടോക്കിയോ: ജനപ്രിയ ക്രിപ്‌റ്റോ കറൻസിയായ ഡോജ്‌കോയിന്റെ (Dogecoin) ലോഗോയിലൂടെയും സോഷ്യൽ മീഡിയ മീമുകളിലൂടെയും ശ്രദ്ധനേടിയ ജാപ്പനീസ് ഷിബ ഇനു ഇനത്തിലെ നായ 'കബോസു" ഇനി ഓർമ്മ. കബോസുവിന്റെ ഉടമയും ടോക്കിയോയിൽ നിന്നുള്ള അദ്ധ്യാപികയുമായ അ​റ്റ്സുകോ സാ​റ്റോ ആണ് വിവരം പുറത്തുവിട്ടത്. 18 വയസുണ്ടായിരുന്ന കബോസു ലുക്കീമിയ, കരൾ രോഗബാധിത ആയിരുന്നു. 2008ലാണ് സാ​റ്റോ കബോസുവിനെ ദത്തെടുത്തത്.

2010ൽ കുസൃതി കണ്ണുകളും ഇളം പുഞ്ചിരിയോടും കൂടിയ കബോസുവിന്റെ മനോഹരമായ ഒരു ചിത്രം സാറ്റോ ഓൺലൈനിൽ പോസ്റ്റ് ചെയ്തു. പിന്നാലെ സമൂഹ മാദ്ധ്യമങ്ങളിൽ കബോസു വൈറലായി. സ്റ്റിക്കറായും മീമായും കബോസു ലോകമാകെ പ്രശസ്തയായി. പിന്നാലെ 2013ൽ കബോസുവിനെ ലോഗോയാക്കി ഡോജ്‌കോയിൻ അവതരിപ്പിക്കപ്പെട്ടു.

ലോകത്തെ ഏറ്റവും മൂല്യമുള്ള എട്ടാമത്തെ ക്രിപ്‌റ്റോ കറൻസിയാണിത്. കബോസു ചത്തുപോയെന്ന തരത്തിൽ നേരത്തെ നിരവധി തവണ വ്യാജ പ്രചാരണങ്ങളുണ്ടായിട്ടുണ്ട്.

Advertisement
Advertisement