ഇസ്രയേലിന് മേൽ സമ്മർദ്ദം ശക്തം:ആക്രമണം നിറുത്തണം, ലോക കോടതി

Saturday 25 May 2024 7:41 AM IST

ഹേഗ്: തെക്കൻ ഗാസയിലെ റാഫ നഗരത്തിലെ ആക്രമണം ഉടൻ നിറുത്തണമെന്ന് ഇസ്രയേലിനോട് ഉത്തരവിട്ട് ലോക കോടതി (അന്താരാഷ്ട്ര നീതിന്യായ കോടതി)​. ഗാസയിൽ ഇസ്രയേൽ വംശഹത്യ നടത്തുന്നെന്ന് കാട്ടി ദക്ഷിണാഫ്രിക്ക സമർപ്പിച്ച കേസുമായി ബന്ധപ്പെട്ട് അടിയന്തര വിധി പറയുകയായിരുന്നു കോടതി. ഉത്തരവ് വന്ന് മിനിറ്റുകൾക്കുള്ളിൽ റാഫയിൽ ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രയേൽ മറുപടി നൽകി. ഇതോടെ ഇസ്രയേൽ ഉത്തരവ് പാലിക്കില്ലെന്ന് വ്യക്തമായി. എന്നാൽ,​ ഗാസയിലെ വിനാശകരമായ യുദ്ധത്തിന്റെ പേരിൽ ആഗോള തലത്തിൽ ഇസ്രയേൽ ഒറ്റപ്പെടുമെന്നതിന്റെ സൂചനയാണ് ലോക കോടതി വിധി.

കടുത്ത ക്ഷാമത്തിലൂടെ നീങ്ങുന്ന ഗാസയിൽ ഭക്ഷ്യ വിതരണം തടയാൻ പാടില്ലെന്ന് ഇസ്രയേലിനോട് മാർച്ചിൽ കോടതി ഉത്തരവിട്ടിരുന്നു. ഇതു പാലിച്ചില്ലെന്ന് മാത്രമല്ല,​ സ്ഥിതിഗതികൾ കൂടുതൽ വഷളായെന്നും കോടതി ചൂണ്ടിക്കാട്ടി. ഹമാസിനെ ഉന്മൂലനം ചെയ്യാൻ റാഫയിൽ സൈനിക നടപടി അനിവാര്യമാണെന്ന് ഇസ്രയേൽ വാദിച്ചിരുന്നു. ഭക്ഷണവും വെള്ളവും മരുന്നുമില്ലാതെ നരക യാതനയിലാണ് ഗാസയിലെ ജനങ്ങൾ. റാഫയിലെ അതിർത്തി പിടിച്ചെടുത്തതിനാൽ സഹായം എത്തുന്നില്ല.

ഏകദേശം 8,​00,000 പേർ റാഫയിൽ നിന്ന് പലയാനം ചെയ്തു. വടക്കൻ ഗാസയിലും ഇസ്രയേൽ ആക്രമണം ശക്തമാക്കിയതോടെ ജനങ്ങൾ ദുരിതത്തിലാണ്. ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 35,800 കടന്നു.

 മറ്റ് ഉത്തരവുകൾ

 ഈജിപ്റ്റിനും ഗാസയ്ക്കുമിടെയിലെ റാഫ അതിർത്തി തുറക്കണം

 ജനങ്ങളിലേക്ക് മാനുഷിക സഹായം എത്തണം

 കോടതിയുടെ അന്വേഷണ സംഘത്തെ ഇസ്രയേൽ ഗാസയിലേക്ക് കടത്തിവിടണം

 ഒരു മാസത്തിനുള്ളിൽ പുരോഗതിയെ കുറിച്ച് റിപ്പോർട്ട് സമർപ്പിക്കണം

 ലോകത്തെ ഒരു ശക്തിക്കും ഹമാസിനെ പിന്തുടരുന്നതിൽ നിന്ന് തങ്ങളെ തടയാനാകില്ല

- ഇസ്രയേൽ സർക്കാർ വക്താവ് (വിധിക്ക് മുമ്പ് പറഞ്ഞത്)

 ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെത്തി

ഗാസയിൽ മൂന്ന് ഇസ്രയേലി ബന്ദികളുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ഒക്ടോബർ ഏഴിന് ഹമാസ് രാജ്യത്ത് നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇവരുടെ മൃതദേഹങ്ങൾ ഗാസയിലേക്ക് കടത്തുകയായിരുന്നു. നൂറോളം ബന്ദികൾ ജീവനോടെയുണ്ടെന്ന് കരുതുന്നു.

Advertisement
Advertisement