രാഷ്ട്രപതിയും വിദേശകാര്യമന്ത്രിയും വോട്ട് രേഖപ്പെടുത്തി, രാജ്യത്തെ ആറാംഘട്ട തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു

Saturday 25 May 2024 11:19 AM IST

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ഏഴ് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ ജമ്മു കാശ്മീരിലെയും അടക്കം 58 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡൽഹിയിലെയും ഹരിയാനയിലെയും എല്ലാ സീറ്റുകളിലും ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ്. ആകെ 889 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. ഈ ഘട്ടത്തോടെ 489 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് പൂർത്തിയാകും.

രാഷ്ട്രപതി ദ്രൗപതി മുർമു, വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ,ക്രിക്ക​റ്റ് താരം ഗൗതം ഗംഭീർ, കോൺഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർ ആദ്യം തന്നെ വോട്ട് രേഖപ്പെടുത്തി. ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായികും ബിജെഡി നേതാവ് വി കെ പാണ്ഡ്യനും ഭുവനേശ്വറിലെ വിവിധ പോളിംഗ് ബൂത്തുകളിൽ വോട്ട് രേഖപ്പെടുത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെ‌ഡി മികച്ച വിജയം നേടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സ്ഥിരതയുളള സർക്കാർ രൂപീകരിക്കുമെന്നും നവീൻ പട്നായിക് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

രാവിലെ ഒമ്പത് മണിവരെയുളള വോട്ടിംഗ് ശതമാനം പരിശോധിക്കുമ്പോൾ ആകെ 10.82 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്. ഡൽഹിയിൽ 8.94 ശതമാനവും പശ്ചിമ ബംഗാളിൽ 16.54 ശതമാനം പോളിംഗും രേഖപ്പെടുത്തി. 58 മണ്ഡലങ്ങളിലായി ഏകദേശം 11 കോടിയിലധികം വോട്ടർമാരുണ്ടെന്നാണ് കണക്ക്.

കേന്ദ്രമന്ത്രിമാരായ ധർമേന്ദ്ര പ്രധാൻ, റാവു ഇന്ദർജിത് സിംഗ്, ബിജെപി നേതാവ് മനേക ഗാന്ധി, സംബിത് പത്ര, മനോഹർ ഖട്ടർ, മനോജ് തിവാരി, മെഹബൂബ മുഫ്തി, കോൺഗ്രസ് നേതാവ് കനയ്യ കുമാർ എന്നിവരാണ് ഈ ഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖ സ്ഥാനാർത്ഥികൾ.

ഹരിയാനയിലും വോട്ടിംഗ് പുരോഗമിക്കുന്നു

ഹരിയാനയിലെ പത്ത് സീറ്റുകളിലേക്കാണ് ആറാംഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. കർണാലിൽ മത്സരിക്കുന്ന മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ മനോഹർ ലാൽ ഖട്ടാർ ഉൾപ്പടെയുളള പ്രമുഖ സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുളളത്. റാവു ഇന്ദർജിത് സിംഗ് ഗുരുഗ്രാം മണ്ഡലത്തിലും നവീൻ ജിൻഡാൽ കുരുക്ഷേത്ര മണ്ഡലത്തിലാണ് മത്സരിക്കുന്നത്.

Advertisement
Advertisement