ഈ തണ്ണിമത്തൻ ബാഗ് ഉണ്ടാക്കിയത് എങ്ങനെയെന്ന് കാണണോ? വീഡിയോ പുറത്ത്

Saturday 25 May 2024 1:23 PM IST

കാൻ ചലച്ചിത്രോത്സവത്തിലെ റെ‌ഡ് കാർപ്പറ്റിൽ നടി കനി കുസൃതിയുടെ ഔട്ട്‌ഫിറ്റും തണ്ണിമത്തൻ ഡിസൈനിലുള്ള ക്ലച്ച് ബാഗും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പാലസ്‌തീനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് കനി ഈ ക്ലച്ച് ഉപയോഗിച്ചത്. പാലസ്‌തീൻ പതാകയുടെ നിറങ്ങളായ ചുവപ്പും പച്ചയും കറുപ്പും നിറങ്ങൾ തണ്ണിമത്തനിലുണ്ട്. അതിനാൽ തണ്ണിമത്തനെ സ്വതന്ത്രപോരാട്ടത്തിന്റെ പ്രതീകമായാണ് കണക്കാക്കുന്നത്.

കൊച്ചി പനമ്പള്ളി നഗറിലുള്ള സാൾട്ട് സ്റ്റുഡിയോ എന്ന ബുട്ടീക്കാണ് നടിക്കായി ക്ലച്ച് പഴ്‌സ് ഡിസൈൻ ചെയ്‌തത്. ഇപ്പോഴിതാ ഈ ക്ലച്ച് നിർമിക്കുന്നതിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ് സാൾട്ട് സ്റ്റുഡിയോ. പച്ച നിറത്തിലുള്ള വെൽവറ്റ് തുണിയിൽ മഞ്ഞയും പച്ചയും ചുവപ്പും മുത്തുകൾ തുന്നിപ്പിടിപ്പിച്ചാണ് ഈ ക്ലച്ച് ഉണ്ടാക്കുന്നത്.

A post shared by Salt Studio (@saltstudio)

ആദ്യം തുണിയിൽ തണ്ണിമത്തന്റെ ചിത്രം വരയ്‌ക്കുകയും അതിന് മുകളിലൂടെ മുത്തുകൾ തുന്നിപ്പിടിപ്പിക്കുകയുമാണ് ചെയ്യുന്നത്. റെഡ് കാർപ്പറ്റിൽ വെള്ള നിറത്തിലുള്ള ഗൗണിനൊപ്പമാണ് കനി ഈ ക്ലച്ച് സ്റ്റൈൽ ചെയ്‌തിരിക്കുന്നത്. ഈ വസ്ത്രവും ഹാംഗിംഗ് കമ്മലും എല്ലാം ഡിസൈൻ ചെയ്‌തതും സാൾട്ട് സ്റ്റുഡിയോ ആണ്. സാൾട്ട് സ്റ്റുഡിയോ സ്ഥാപക ദിയ ജോണാണ് കനിയെ സ്റ്റൈൽ ചെയ്‌തത്.

A post shared by Salt Studio (@saltstudio)

ക്ലച്ച് ഡിസൈനിംഗ് വീഡിയോയ്‌ക്ക് താഴെ നിരവധിപേർ അഭിനന്ദിച്ചുകൊണ്ട് കമന്റുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുപോലൊരെണ്ണം തനിക്കും വേണമെന്നാണ് നടി പാർവതി കമന്റ് ചെയ്‌തിരിക്കുന്നത്. നന്ദി അറിയിച്ചുകൊണ്ട് കനിയും കമന്റ് ചെയ്‌തിട്ടുണ്ട്.

Advertisement
Advertisement