'സ്വയം പ്രഖ്യാപിത ദിവ്യൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് പരിശോധിക്കണം'; മോദിയെ പരിഹസിച്ച് തരൂർ

Saturday 25 May 2024 2:58 PM IST

ന്യൂഡൽഹി: ദൈവമാണ് തന്നെ ഭൂമിയിലേക്ക് അയച്ചതെന്നും എന്തുകാര്യം ചെയ്യുമ്പോഴും ആ ശക്തി തനിക്ക് വഴികാട്ടുമെന്നുമുള്ള പ്രധാനമന്ത്രിയുടെ പരാമർ‌ശത്തെ പരിഹസിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ. പ്രധാനമന്ത്രി ദിവ്യനാണെങ്കിൽ അദ്ദേഹത്തിന് ഇന്ത്യയിൽ പൗരത്വത്തിന് അർഹതയുണ്ടോയെന്നായിരുന്നു ശശി തരൂരിന്റെ ചോദ്യം.

'ഒരു ദിവ്യന് ഇന്ത്യയിൽ പൗരത്വത്തിന് അർഹതയുണ്ടോ? ഇല്ലെങ്കിൽ അദ്ദേഹത്തിന് ഇന്ത്യയിൽ വോട്ട് ചെയ്യാനും തിരഞ്ഞെടുപ്പിൽ മത്സരിക്കാനും അവകാശമുണ്ടോ? സ്വയം പ്രഖ്യാപിത ദിവ്യൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ഇന്ത്യയിലെ തിരഞ്ഞെടുപ്പ് കമ്മിഷൻ പരിശോധിക്കണം'- തരൂർ ആവശ്യപ്പെട്ടു.

'അമ്മ ജീവിച്ചിരുന്നപ്പോൾ, ഏതൊരാളെയുംപോലെ ജീവശാസ്ത്രപരമായാണ് ഞാനും ജനിച്ചത് എന്നാണ് വിശ്വസിച്ചിരുന്നത്. അമ്മ മരിച്ചശേഷം, എന്റെ ജീവിതത്തിലെ അനുഭവങ്ങൾ പരിശോധിച്ചപ്പോൾ ദൈവം എന്നെ ഇവിടേക്ക് അയച്ചതാണെന്ന് മനസിലായി." - തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ എങ്ങനെ ഇത്ര സജീവമായി എന്ന ഒരു ചാനൽ അഭിമുഖത്തിലെ ചോദ്യത്തിനാണ് മോദി ഇങ്ങനെ പ്രതികരിച്ചത്.

'എന്റെ ഊർജ്ജം എന്റെ ശരീരത്തിൽ നിന്നുള്ളതല്ല, അത് ദൈവം നൽകിയതാണ്. ലക്ഷ്യം നേടാൻ ദൈവം കഴിവുകളും പ്രചോദനവും നല്ല ഉദ്ദേശ്യങ്ങളും നൽകിയിട്ടുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ദൈവത്തിന്റെ ഒരു ഉപകരണമാണ് ഞാൻ. എന്തുകാര്യം ചെയ്യുമ്പോഴും ദൈവം എനിക്ക് വഴികാട്ടുമെന്നാണ് വിശ്വാസം."- എന്നായിരുന്നു മോദിയുടെ വാക്കുകൾ.

മോദിയുടെ പരാമർശം സോഷ്യൽ മീഡിയയിൽ വൈറലായതിനുപിന്നാലെ പരിഹാസവുമായി രാഹുൽ ഗാന്ധിയും രംഗത്തെത്തിയിരുന്നു. 'ഇന്ത്യയുടെ പ്രധാനമന്ത്രി അദ്ദേഹത്തിന്റെ സ്തുതിപാഠകർക്കു മുന്നിൽ പറയുന്നത്,​ ജനങ്ങൾക്ക് നല്ലതു ചെയ്യുന്നതിനുവേണ്ടി ദൈവം നേരിട്ട് ഭൂമിയിലേക്ക് അയച്ചു എന്നാണ്. ഇത് ഒരു സാധാരണക്കാരനാണ് പറയുന്നതെങ്കിൽ അയാളെ നേരെ മനഃശാസ്ത്രജ്ഞന്റെ അടുക്കലേക്കാവും കൊണ്ടുപോവുക. മോദിയുടെ സ്തുതിപാഠക‌ർ പറയുന്നത് അദ്ദേഹത്തെ ദൈവം നമ്മുടെ പ്രധാനമന്ത്രിയായി അയച്ചു എന്നാവും. കൊവിഡ് കാലത്ത് ഗംഗാ തീരത്ത് ജനങ്ങൾ മരിച്ചു കിടന്നപ്പോൾ,​ ആശുപത്രികളിൽ ആയിരങ്ങൾ അന്ത്യശ്വാസം വലിച്ചപ്പോൾ മൊബൈൽ ഫോണിലെ ലൈറ്റ് തെളിക്കാനാണ് ഈ ദൈവദൂതൻ പറഞ്ഞത്'- എന്നായിരുന്നു രാഹുൽ ഗാന്ധി പരാമർശിച്ചത്.

Advertisement
Advertisement