പെൺകുട്ടികളെ അദ്ധ്യാപികയുടെ ശബ്ദത്തിൽ വിളിച്ചുവരുത്തി, പിന്നാലെ പീഡനം; ഇരയായത് ഏഴ് പേർ

Saturday 25 May 2024 3:06 PM IST

ഭോപ്പാൽ: ശബ്‌ദം മാറ്റുന്ന ആപ്പ് ഉപയോഗിച്ച് അദ്ധ്യാപികയെന്ന വ്യാജേന പെൺകുട്ടികളെ വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മുഖ്യപ്രതിയായ ബ്രിജേഷ് പ്രജാപതിയെന്ന യുവാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മദ്ധ്യപ്രദേശിലെ സിധി ജില്ലയിലാണ് സംഭവം. ഈ വർഷം ജനുവരി മുതൽ മേയ് വരെ ഏഴ് ആദിവാസി പെൺകുട്ടികളെയാണ് ഇയാൾ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.

സ്കോളർഷിപ്പിനെക്കുറിച്ച് ചർച്ച ചെയ്യാനാണെന്ന് പറഞ്ഞാണ് പ്രതി പെൺകുട്ടികളെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയിരുന്നത്. പ്രതിക്കെതിരെ നാല് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും പീഡനത്തിനിരയായിട്ടുണ്ടെന്നാണ് വിവരം. ഏഴ് പെൺകുട്ടികളെയും ബ്രിജേഷ് പീഡിപ്പിച്ചിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. ഇയാൾക്കൊപ്പം പ്രതി സ്ഥാനത്തുളളവരുടെ വിവരങ്ങൾ ശേഖരിച്ച് വരികയാണെന്നും പീഡനത്തിനിരയായ പെൺകുട്ടികളുടെ എണ്ണം കൂടാൻ സാദ്ധ്യതയുണ്ടെന്നും സിധി എസ് പി രവീന്ദ്ര വർമ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇരകളുടെ ഫോൺ നമ്പറുകൾ പ്രതികൾക്ക് എങ്ങനെ ലഭിച്ചുവെന്നും അന്വേഷിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പെൺകുട്ടികൾ പഠിക്കുന്ന കോളേജിലെ അദ്ധ്യാപികയുടെ ശബ്‌ദത്തിലാണ് ആപ്പിന്റെ സഹായത്തോടെ പ്രതികൾ സംസാരിക്കുന്നത്. ശേഷം സ്കോളർഷിപ്പുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കാനെന്ന വ്യാജേന പെൺകുട്ടികളെ വിളിച്ചുവരുത്തും. അവിടെ വച്ച് അദ്ധ്യാപികയുടെ മകനാണെന്ന് പരിചയപ്പെടുത്തി പ്രതികൾ പെൺകുട്ടികളെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോകുകയാണ് ചെയ്യുന്നതെന്ന് പൊലീസ് പറഞ്ഞു.

Advertisement
Advertisement