കെഎസ്‌ആർടിസി ബസിൽ നിന്ന് ഒന്നേക്കാൽ കിലോ കഞ്ചാവ് പിടികൂടി; ലഹരി എത്തിച്ചത് തമിഴ്‌നാട്ടിൽ നിന്ന്

Saturday 25 May 2024 4:56 PM IST

ആലപ്പുഴ: കെഎസ്‌ആർ‌ടിസി ബസിൽ നിന്ന് കഞ്ചാവ് പിടികൂടി. ബസിലെ യാത്രക്കാരനായ പുറക്കാട് സ്വദേശി ഷെഫീക്കിന്റെ പക്കൽ നിന്നാണ് ഒന്നേക്കാൽ കിലോ കഞ്ചാവ് പൊലീസ് പിടികൂടിയത്. ഇന്നുരാവിലെ പത്തരയോടെ തോട്ടപ്പള്ളി സ്റ്റോപ്പിൽ ബസ് നിർത്തിയപ്പോഴാണ് പൊലീസ് ഷെഫീക്കിനെ പിടികൂടിയത്.

രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിൽ പ്രതിയെ പിടികൂടുകയായിരുന്നു. തമിഴ്‌നാട്ടിൽ നിന്ന് പുനലൂർ വഴി ട്രെയിൻ മാർഗം കൊല്ലത്ത് എത്തിച്ച കഞ്ചാവ് അവിടെനിന്ന് കെഎസ്‌ആ‌ർടിസി ബസിൽ ആലപ്പുഴയ്ക്ക് കൊണ്ടുവരുമ്പോഴാണ് ഇയാളെ പിടികൂടിയത്.

അതിനിടെ, തൊടുപുഴയിൽ കഞ്ചാവ് വില്പന നടത്തുന്ന വിവരം അറിഞ്ഞെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ കണ്ട് പ്രതികൾ ഓടി രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാത്രിയിൽ മുതലക്കോടം- പഴുക്കാക്കുളം റോഡിലായിരുന്നു സംഭവം. രണ്ടുപേർ ചേർന്ന് റോഡിൽ കഞ്ചാവ് വിൽക്കുന്നതായി തൊടുപുഴ പൊലീസിന് വിവരം ലഭിച്ചതിനെ തുടർന്നാണ് തൊടുപുഴ എസ്.എച്ച്.ഒ എസ്. മഹേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തിയത്. പൊലീസ് അടുത്തെത്തിയപ്പോൾ പ്രതികൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിലൊരാളുടെ ടീഷർട്ടിൽ സി.ഐ കയറി പിടിച്ചു. എന്നാൽ ഷർട്ട് ഊരി പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.

ഇവരുടെ കൈവശമുണ്ടായിരുന്ന ഒന്നരകിലോയോളം കഞ്ചാവും ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും ഉപേക്ഷിച്ചാണ് രക്ഷപ്പെട്ടത്. പ്രതികളുടെ കൈവശമുണ്ടായിരുന്ന കഞ്ചാവ്, സ്‌കൂട്ടർ, ധരിച്ചിരുന്ന മുണ്ട്, ടീഷർട്ട് എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തു. അൻസിൽ, ആരോമൽ എന്നിവരാണ് പ്രതികളെന്ന് തിരിച്ചറിഞ്ഞതായും ഇവർക്കെതിരെ കേസെടുത്തിട്ടുമുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇവർ മറ്റ് നിരവധി കേസുകളിൽ പ്രതികളാണെന്ന് എസ്.എച്ച്.ഒ മഹേഷ് കുമാർ അറിയിച്ചു.

പ്രതികൾ ഉടൻ പൊലീസ് പിടിയിലാകുമെന്നും സി.ഐ പറഞ്ഞു. പൊലീസിന് നേരെ കുരുമുളക് സ്‌പ്രേ അടിച്ചെന്ന പ്രചരണം വ്യാജമാണ്. പൊലീസിന് നേരെ കുരുമുളക് സ്‌പ്രേ അടിച്ചാണ് പ്രതികൾ രക്ഷപ്പെട്ടതെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് എസ്.എച്ച്.ഒ മഹേഷ് കുമാർ. അത്തരത്തിലൊരു സംഭവമുണ്ടായിട്ടില്ല. പ്രതികൾ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. മറ്റുള്ള പ്രചരണങ്ങൾ തീർത്തും വസ്തതുതവിരുദ്ധമാണെന്നും പൊലീസ് പറഞ്ഞു

Advertisement
Advertisement