വിമര്‍ശനങ്ങള്‍ക്കൊടുവില്‍, മണ്ഡലം തിരിച്ച് വോട്ടുകളുടെ കണക്ക് പുറത്ത് വിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

Saturday 25 May 2024 7:28 PM IST

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പ്രക്രിയയെ തകര്‍ക്കാന്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന ആരോപണവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടുകളുടെ കണക്ക് സംബന്ധിച്ച ആരോപണങ്ങളും വിമര്‍ശനങ്ങളും ശക്തമാകുന്നതിനിടെയാണ് കമ്മീഷന്റെ നടപടിയെന്നത് ശ്രദ്ധേയമാണ്. അതിനിടെ രാജ്യത്ത് ഇതുവരെ വോട്ടെടുപ്പ് പൂര്‍ത്തിയായ അഞ്ച് ഘട്ടങ്ങളിലേയും ഓരോ മണ്ഡലങ്ങളിലേയും സമ്പൂര്‍ണ വോട്ടിംഗ് ശതമാനവും കമ്മീഷന്‍ പുറത്ത് വിട്ടു.

ഓരോ പോളിങ് സ്റ്റേഷനിലേയും വോട്ടുകളുടെ കണക്ക് വ്യക്തമാക്കുന്ന ഫോം 17-സി വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള വിവിധ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളിയതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. അഞ്ചുഘട്ടത്തിലേയും വോട്ടിങ് ശതമാനം, വോട്ടര്‍മാരുടെ എണ്ണം എന്നിവയടക്കമുള്ള ഇതുവരേയുള്ള കണക്കുകളാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താക്കുറിപ്പിലൂടെ ഔദ്യോഗികമായി പുറത്തുവിട്ടത്.

എല്ലാ സ്ഥാനാര്‍ഥികളുടെയും പോളിങ് ഏജന്റുമാര്‍ക്ക് നല്‍കിയ ഫോം 17 സിയിലെ കണക്കുകളും മാറ്റാന്‍ ആര്‍ക്കും കഴിയില്ലെന്ന് കമ്മിഷന്‍ പുറത്തിറക്കിയ ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി. പൊതുജനങ്ങള്‍ക്കായി ഉറക്കിയ ഔദ്യോഗിക ആപ്പ് വഴി സ്ഥാനാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും വോട്ടിങ് കണക്കുകള്‍ 24 മണിക്കൂറും ലഭ്യമാകുമെന്നും കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു.

പോളിംഗ് വിവരങ്ങള്‍ പുറത്തുവിടുന്നത് സംബന്ധിച്ച് സുപ്രീംകോടതി പറഞ്ഞ നിര്‍ദേശങ്ങളും വിധിയും തിരഞ്ഞെടുപ്പ് കമ്മീഷന് ശക്തിപകരുന്നതാണെന്നും ആറാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന സമയത്ത് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി. ജൂണ്‍ ഒന്നിനാണ് ഏഴാമത്തേയും അവസാനത്തേയും ഘട്ട വോട്ടെടുപ്പ് നടക്കുക. ജൂണ്‍ നാലിനാണ് അടുത്ത അഞ്ച് വര്‍ഷം രാജ്യത്തെ ആര് നയിക്കുമെന്നറിയുന്ന വോട്ടെണ്ണല്‍.