കലയും കരവിരുതുമായി വെള്ളാർ ക്രാഫ്റ്റ് വില്ലേജ്

Sunday 26 May 2024 1:16 AM IST

തിരുവനന്തപുരം: പാലക്കാട് പെരുവമ്പ് ഗ്രാമത്തിൽ നിർമ്മിക്കുന്ന തകിലുകൾ കാണുമ്പോൾ വെള്ളാർ ക്രാഫ്റ്റ് വില്ലേജിലെത്തുന്ന വിദേശികൾക്ക് അദ്ഭുതം. നാലുതലമുറയായി സ്ത്രീകളുൾപ്പെടെ ഈ തൊഴിലാണ് ചെയ്യുന്നതെന്നറിയുമ്പോൾ അതിരട്ടിക്കും. രാജ്യത്ത് ഏറ്റവുമധികം കരകൗശല ഉത്പന്നങ്ങളുള്ള കോവളം ക്രാഫ്റ്റ് വില്ലേജ് നാലാം വയസിലേക്ക് കടക്കുകയാണ്.

കലാകാരന്മാർക്ക് ഉത്പന്നങ്ങൾ പ്രദർശിപ്പിക്കാനും ഇടനിലക്കാരില്ലാതെ വിൽക്കാനും ആകുമെന്നതാണ് സവിശേഷത. ടൂറിസം വകുപ്പിന്റെ പ്രോജക്ടിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിക്കാണ് 25 വർഷത്തേക്ക് നടത്തിപ്പ് ചുമതല. 2018ൽ ഏറ്റെടുക്കുകയും 2021ൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. ആംഫി തിയേറ്റർ, ഭക്ഷണശാലകൾ എന്നിവയിലൂടെയാണ് വരുമാനം കണ്ടെത്തുന്നത്.

ഓപ്പൺ എയർ തിയേറ്ററിൽ 1500 പേരെയും ഓഡിറ്റോറിയത്തിൽ 300 പേരെയും ഉൾക്കൊള്ളാനാകും. ഉഗാണ്ടയിൽ നിർമ്മിക്കുന്ന മുഖംമൂടികൾ, ഹാൻഡ്ലൂം സാരി, ബേപ്പൂർ ഉരുവിന്റെ മോഡലുകൾ എന്നിവ പ്രധാന ആകർഷണങ്ങൾ. മൊബൈലിന്റെ ശബ്ദം ഇരട്ടിപ്പിക്കുന്ന ടെറാക്കോട്ട ആംപ്ലിഫയർ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. കോഴിക്കോട് ഇരിങ്ങയിൽ 20 ഏക്കറിൽ സർഗാലയ ക്രാഫ്റ്റ് വില്ലേജും പ്രവർത്തിക്കുന്നുണ്ട്.

അഡ്വഞ്ചർ സ്പോ‌ട്ട്

ക്രാഫ്റ്റ്‌ വില്ലേജിന്റെ മുകൾ ഭാഗത്തായി മൂന്ന് ഏക്കർ സ്ഥലത്ത് നിർമ്മിക്കുന്ന അഡ്വഞ്ചർ പാർക്ക് രണ്ടുവർഷത്തിനകം പൂർത്തിയാകും. നിലവിൽ ഇവിടെ പദ്മശ്രീ മീനാക്ഷിയമ്മയുടെ കളരി പ്രവർത്തിക്കുന്നുണ്ട്. വിദേശത്ത് നിന്നുൾപ്പെടെ സാധനങ്ങൾ ഓൺലൈനായി ഓർഡർ ചെയ്യാനാവുന്ന സംവിധാനവും തുടങ്ങും. സേവ് ദ ഡേറ്റ് ഷൂട്ടിനും പ്രത്യേകം സ്പോട്ടുണ്ട്. കലയ്ക്ക് പ്രാധാന്യം നൽകുന്നതിനാൽ ഓഡിറ്റോറിയത്തിൽ വിവാഹം അധികമായി നടത്താറില്ല. എന്നാൽ 1.5 മുതൽ 2 ലക്ഷം വരെയുള്ള ഉത്പന്നങ്ങൾ വാങ്ങിയാൽ ഹാൾ അനുവദിക്കും.

ക്രാഫ്റ്റ് വില്ലേജ്

ആകെസ്ഥലം: 8.5 ഏക്കർ

രണ്ടു ഫെയ്സുകൾ

ചെലവ്: 35 കോടി

ക്രാഫ്റ്റ് സ്റ്രുഡിയോകൾ: 32

പ്രവേശനം: ചൊവ്വ- വെള്ളി (10.00- 7.00), ശനി, ഞായർ (10.00- 8.00)

ടിക്കറ്റ്: 5 വയസിനു താഴെ സൗജന്യം, 10 വയസിന് താഴെ 50 രൂപ, 10 വയസിന് മുകളിൽ 100.

പരിപാടികൾ

മാർച്ചിൽ വേൾഡ് ഒഫ് വിമൻ വീക്ക്

ഒക്ടോബറിൽ ഇന്റർനാഷണൽ ഡാൻസ് ഫെസ്റ്റ്

നവംബറിൽ ഇന്റർനാഷണൽ ഇൻഡീ മ്യൂസിക് ഫെസ്റ്റ്

Advertisement
Advertisement