വോട്ടിംഗ് മെഷീനിൽ ബി ജെ പി ടാഗ്,​ തൃണമൂലിന്റെ ആരോപണത്തിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ മറുപടി

Saturday 25 May 2024 8:32 PM IST

ന്യൂഡൽഹി : ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ ബി.ജെ.പി ടാഗ് കണ്ടെന്ന തൃണമൂൽ കോൺഗ്രസിന്റ ആരോപണത്തിന് മറുപടിയുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ. ബങ്കുരയിലെ രഘുനാഥ്പുരിൽ അഞ്ച് വോട്ടിംഗ് മെഷീനുകളിലാണ് ബി.ജെ.പിയുടെ ടാഗ് കണ്ടതായി തൃണമൂൽ കോൺഗ്രസ് ആരോപിച്ചത്. വോട്ടിംഗ് മെഷീനുകൾ കമ്മിഷനിംഗ് ചെയ്യുന്ന സമയത്ത് സ്ഥലത്തുണ്ടായിരുന്നത് ബി.ജെ.പിയുടെ പ്രതിനിധികൾ മാത്രമാണെന്നും അതു കൊണ്ടാണ് ടാഗിൽ അവരുടെ പ്രതിനിധികളുടെ മാത്രം ഒപ്പ് ഉള്ളത് എന്നുമായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശദീകരണം. എന്നാൽ മറ്റ് ചിലതിൽ എല്ലാ പാർട്ടിയുടെ ഏജന്റുമാരും എത്തിയിരുന്നുവെന്നും അവരുടെ ഒപ്പ് ശേഖരിക്കാൻ സാധിച്ചുവെന്നും കമ്മിഷൻ വ്യക്തമാക്കി.

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് കമ്മിഷനിംഗ് ചെയ്യുന്നതെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. എല്ലാ നടപടിക്രമങ്ങളും സി.സി ടിവിയുടെ സാന്നിദ്ധ്യത്തിലാണ് നടത്തിയതെന്നും ഇതിന്റെ വീഡിയോ ചിത്രീകരിച്ചിട്ടുണ്ടെന്നും കമ്മിഷൻ അറിയിച്ചു.

ബങ്കുരയിലെ രഘുനാഥ് പുരിൽ അഞ്ച് ഇലക്ട്രോണിക് മെഷീനുകളിൽ ബി.ജെ.പി ടാഗുകൾ കണ്ടു. ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മിഷൻ ഉടൻ ശ്രദ്ധയിൽ കൊണ്ടുവന്ന് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് തൃണമൂൽ കോൺഗ്രസ് തങ്ങളുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ ആവശ്യപ്പെട്ടിരുന്നു. വോട്ടിംഗ് മെഷീനുകളുടെ ചിത്രം അടക്കം തൃണമൂൽ പങ്കുവച്ചിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആറാംഘട്ടത്തിൽ എട്ട് പാർലമെന്റ് മണ്ഡലങ്ങളിലേക്കാണ് ബംഗാളിൽ വോട്ടെടുപ്പ് നടന്നത്.

Advertisement
Advertisement