സലീമിന് കുരുക്കായത് പെൺസുഹൃത്തിന്റെ സഹായം തേടിയുള്ള വിളി; മുംബൈയിലേക്ക് കടക്കാനുള്ള പദ്ധതി പൊലീസ് പൊളിച്ചു

Saturday 25 May 2024 8:51 PM IST

പടന്നക്കാട്(കാസർകോട്): ആന്ധ്ര -കർണ്ണാടക അതിർത്തിയിലെ റായ്ച്ചൂരിൽ താമസിക്കുന്ന പെൺസുഹൃത്തിന്റെ സഹായം തേടിയതാണ് പത്തുവയസുകാരിയെ പീഡിപ്പിച്ച ശേഷം കവർച്ച നടത്തി മുങ്ങിയ പ്രതി പി.എ.സലീമിന് കുരുക്കായത്. റായ്ച്ചൂരിലെ കാമുകിയുടെ വീട്ടിൽ എത്തിയ ശേഷം അവരുടെ സഹായത്തോടെ മുംബൈയിലേക്ക് കടക്കാനുള്ള സലീമിന്റെ പദ്ധതി അതിസമർത്ഥമായാണ് പ്രത്യേക അന്വേഷണ സംഘം പൊളിച്ചത്.

ഈ മാസം 15ന് പുലർച്ചെ കൃത്യം നടത്തി കമ്മലുമായി മുങ്ങിയ പ്രതി തലശേരി വഴി രണ്ടു സഹോദരിമാരുടെയും കുടകിലെ ബന്ധുവീടുകളിലും എത്തിയെങ്കിലും അവരാരും ഈയാളെ സഹായിക്കാൻ തയ്യാറായില്ല. കുടകിലെ മാതാവും ബന്ധുക്കളും ഈയാളെ കൈവിട്ടു. വർഷങ്ങളായി ബന്ധം പുലർത്തുന്ന റായ്ച്ചൂരിലെ പെൺ സുഹൃത്താണ് ഈയാളെ സഹായിക്കാൻ തയ്യാറായത്. പലരുടെയും ഫോൺ വാങ്ങി ഇയാൾ കാമുകിയെ വിളിച്ചു കൊണ്ടിരുന്നു.

'സഹായിക്കണം, ജീവിക്കാൻ വേറെ വഴിയില്ല, നീ എവിടെയെങ്കിലും ഒരു ജോലി ശരിയാക്കി തരണം' എന്ന് സലീം ഇവരോട് അഭ്യർത്ഥിക്കുകയായിരുന്നു. നൂറിലധികം ഫോൺ നമ്പറുകൾ ശേഖരിച്ച അന്വേഷണ സംഘം പിന്നാലെ തന്നെയുണ്ടെന്ന് അപ്പോൾ പ്രതി അറിഞ്ഞിരുന്നില്ല.

ഡി.ഐ.ജി തോംസൺ ജോസിന്റെയും ജില്ലാ പൊലീസ് മേധാവി പി.ബിജോയിയുടെയും നിർദ്ദേശങ്ങൾ സ്വീകരിച്ചു കൊണ്ട് കർണ്ണാടകയിലും ആന്ധ്രയിലുമായി ഒരു സംഘം സദാ ജാഗ്രതയിലായിരുന്നു. കാസർകോട് ജില്ലയിലെയും കണ്ണൂർ സ്‌കോഡിലെയും പൊലീസ് ഉദ്യോഗസ്ഥർ ഊണും ഉറക്കവും ഒഴിച്ച് തിരച്ചിലിൽ ആയിരുന്നു. 19ന് കർണ്ണാടകയിലേക്ക് പോയ എസ്.ഐ അബൂബക്കർ കല്ലായി, പൊലീസ് ഉദ്യോഗസ്ഥരായ സി വി.ഷാജു, രജീഷ് മാണിയാട്ട്, ജിനേഷ്. രജീഷ്, നിഖിൽ മലപ്പിൽ എന്നിവർ പ്രതി പോകുന്ന വഴികളിലെല്ലാം സഞ്ചരിച്ചു. പ്രതിയുമായി തിരിച്ചു വരുന്ന ദിവസം മുഴുവൻ കർണ്ണാടക ആന്ധ്ര ഭാഗങ്ങളിൽ ആയിരുന്നു. ഡിവൈ.എസ്.പി സി കെ സുനിൽകുമാറായിരുന്നു ഇവരെ ഏകോപിപ്പിച്ചത്.സൈബർ വിദഗ്ധൻ ശിവകുമാർ ഉദിനൂർ, റാഫി അഹമ്മദ്, മിഥുൻ എന്നിവർ പോകേണ്ട വഴികൾ അറിയിച്ചു കൊണ്ടിരുന്നു.

കാമുകിയെ കാണാൻ റായ്ച്ചൂരിലെക്കും അവിടെ നിന്ന് മുംബൈയിലേക്കും പോകാൻ പദ്ധതിയിട്ട സലീം അഡോണി റെയിൽവെ സ്റ്റേഷൻ പരിസരത്ത് രഹസ്യമായി ക്യാമ്പ് ചെയ്തിരുന്ന അന്വേഷണ സംഘത്തിന്റെ വായിലാണ് പോയി വീണത്. നാട്ടിൽ നിന്ന് പോകുമ്പോൾ ധരിച്ചിരുന്ന വേഷം മാറാത്തതും സഹായകമായി. ചെറിയൊരു മൽപ്പിടുത്തം വേണ്ടിവന്നെങ്കിലും പൊലീസ് സംഘം ഈയാളെ പൂട്ടി മടങ്ങുകയായിരുന്നു.

Advertisement
Advertisement