അനുബന്ധ റോഡ് പൂർത്തിയായില്ല നീണ്ടുനോക്കിപ്പാലം നോക്കുകുത്തി;

Saturday 25 May 2024 9:28 PM IST

കൊട്ടിയൂർ:നിർമ്മാണം പൂർത്തിയായിട്ടും അനുബന്ധറോഡ് ഒരുങ്ങാതെ നീണ്ടുനോക്കി പാലം നോക്കുകുത്തിയായി. കൊട്ടിയൂർ വൈശാഖോത്സവകാലമായതിനാൽ വൻതിരക്ക് ഒഴിവാക്കാൻ ഉപകരിക്കുന്ന പാലം റോഡ് ഒരുക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് അടക്കമുള്ള സംഘടനകൾ പ്രതിഷേധമുയർത്തിയിരിക്കുകയാണ്.കേളകം, കൊട്ടിയൂർ പഞ്ചായത്തുകളിലാണ് സമാന്തര റോഡുള്ളത്. ഈ റോഡിനെ മലയോര ഹൈവേയുമായി ബന്ധിപ്പിക്കുന്നതാണ് നീണ്ടുനോക്കി പാലം.

കൊട്ടിയൂർ വൈശാഖ മഹോത്സത്തിന് മുൻപ് പാലവും അപ്രോച്ച് റോഡും പൂർത്തിയാക്കി തുറന്നുകൊടുക്കാൻ ലക്ഷ്യമിട്ട് ദ്രുതഗതിയിലായിരുന്നു നിർമ്മാണത്തിന്റെ തുടക്കം. എന്നാൽ പിന്നീട് പ്രവൃത്തിയുടെ വേഗത കുറഞ്ഞു. നിർമ്മാണം പൂർത്തിയാകാത്ത റോഡിന്റെ ഒരു ഭാഗം കാൽനടയാത്ര പോലും സാദ്ധ്യമാകാത്ത വിധം ചെളിക്കുളമായിട്ടുണ്ട്.

ഇതിനൊപ്പം കൊട്ടിയൂർ ഉത്സവ കാലത്തെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന് സഹായകമായ വളയംചാൽ കൊട്ടിയൂർ മന്ദംചേരി വരെയുള്ള സമാന്തര റോഡിന്റെ നിർമ്മാണത്തിലും ഇതെ അനാസ്ഥ വന്നു. റോഡ് അവസാനഘട്ടത്തിലെത്തിയെങ്കിലും കലുങ്കുകളുടെ നിർമാണം ഇനിയും പൂർത്തിയായിട്ടില്ല.

നീണ്ടുനോക്കി പാലം

ചിലവ് 6.4 കോടി

നിർമ്മാണം തുടങ്ങിയത് 2022 ഡിസംബർ

വളയംചാൽ മുതൽ മന്ദംചേരി 11.67 കിലോമീറ്റർ റോഡ് നവീകരണം

ചിലവ് 14,10,17,933 രൂപ

നെല്ല് വിതച്ച് പ്രതിഷേധിച്ച് കോൺഗ്രസ്

അപ്രോച്ച് റോഡ് പൂർത്തിയാക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് കൊട്ടിയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെളിക്കുളമായ റോഡിൽ നെല്ല് വിതച്ച് പ്രതിഷേധിച്ചു.ഡി.സി.സി സെക്രട്ടറി പി.സി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സണ്ണി വേലിക്കകത്ത് അദ്ധ്യക്ഷത വഹിച്ചു.നിരവധി പേർ പ്രതിഷേധ സമരത്തിൽ പങ്കാളികളായി.

വാഴനട്ട് യുവമോർച്ച

കൊട്ടിയൂർ നീണ്ടുനോക്കി പാലത്തിന്റെ അപ്രോച്ച് റോഡ് ഗതാഗതയോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ച് യുവമോർച്ചയുടെ നേതൃത്വത്തിൽ റോഡിൽ വാഴനട്ട് പ്രതിഷേധിച്ചു. ജില്ലാ പ്രസിഡന്റ് അരുൺ ഭരത് ഉദ്ഘാടനം ചെയ്തു.ദീപക് മോഹൻ, പി.എം.വിഷ്ണു , നിധിൻ തുടങ്ങിയവർ നേതൃത്വം നൽകി.എത്രയും വേഗം റോഡ് ടാറിംഗ് പൂർത്തിയാക്കി ഗതാഗതയോഗ്യമാക്കിയില്ലെങ്കിൽ വരും ദിവസങ്ങളിൽ പ്രത്യക്ഷ സമര പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും യുവമോർച്ച മുന്നറിയിപ്പ് നൽകി.

നീണ്ടുനോക്കി പാലത്തിന്റെ അനുബന്ധ റോഡിൽ യുവമോർച്ച പ്രവർത്തകർ വാഴ നട്ട് പ്രതിഷേധിക്കുന്നു

Advertisement
Advertisement