400 കടക്കില്ല, 'ബിജെപിക്ക് പരമാവധി 260 സീറ്റ്, കോണ്‍ഗ്രസ് നൂറ് കടക്കും'

Saturday 25 May 2024 9:57 PM IST

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 400 സീറ്റുകളില്‍ വിജയിച്ച് അധികാരത്തില്‍ തിരിച്ചെത്തുകയെന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നം. ഇതിനായി ഒരു വര്‍ഷം മുമ്പ് തന്നെ ബിജെപി തങ്ങളുടെ കര്‍മ്മപദ്ധതിക്ക് തുടക്കമിടുകയും ചെയ്തിരുന്നു. എന്നാല്‍ 400 സീറ്റ് എന്നത് ബിജെപിയുടെ സ്വപ്‌നം മാത്രമാണെന്നും പരമാവധി 260 സീറ്റുകള്‍ വരെ മാത്രമേ അവര്‍ക്ക് തനിച്ച് ലഭിക്കുകയുള്ളൂവെന്നുമാണ് തിരഞ്ഞെടുപ്പ് വിശകലന വിദഗ്ദ്ധനും ആക്ടിവിസ്റ്റുമായ യോഗേന്ദ്ര യാദവ് പ്രവചിക്കുന്നത്.

ബിജെപി 260 സീറ്റ് വരെ നേടുമെന്ന് പറയുമ്പോള്‍ രാജ്യത്ത് കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന് തിരഞ്ഞെടുപ്പ് ഫലം തുടക്കം കുറിക്കുമെന്ന പ്രതീക്ഷയാണ് പാര്‍ട്ടിക്ക് നൂറ് സീറ്റില്‍ അധികം ലഭിച്ച് നില മെച്ചപ്പെടുത്താന്‍ കഴിയുമെന്ന യോഗേന്ദ്ര യാദവിന്റെ വാക്കുകള്‍. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 50 സീറ്റുകളില്‍ പോലും വിജയിക്കാന്‍ കഴിയാത്ത കോണ്‍ഗ്രസിന് പ്രതിപക്ഷ നേതാവിന്റെ സ്ഥാനം പോലും ലഭിച്ചിരുന്നില്ല.

ഇത്തവണ ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് കണക്കുനിരത്തി യോഗേന്ദ്ര യാദവ് അവകാശപ്പെടുന്നത്. 240- 260 സീറ്റ് വരെ ബിജെപി നേടുമെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. എന്‍ഡിഎ മുന്നണിയിലെ മറ്റ് പാര്‍ട്ടികള്‍ക്കെല്ലാം കൂടി 35-45 സീറ്റ് വരെ കിട്ടാം. അതേസമയം കോണ്‍ഗ്രസ് 85- 100 സീറ്റിലധികം നേടുമെന്നും യോഗേന്ദ്ര യാദവ് ചൂണ്ടിക്കാട്ടുന്നു. കോണ്‍ഗ്രസ് ഒഴികെയുള്ള ഇന്ത്യ സഖ്യത്തിലെ മറ്റ് പാര്‍ട്ടികള്‍ക്ക് 120- 135 സീറ്റ് വരെ ലഭിക്കാമെന്നും അദ്ദേഹം വിലയിരുത്തുന്നു.

ബിജെപിക്ക് സീറ്റ് കുറയുമെങ്കിലും എന്‍ഡിഎ തന്നെ ഭരണത്തില്‍ വരുമെന്നാണ് മിക്ക പ്രവചനങ്ങളും അവകാശപ്പെടുന്നത്. എന്നാല്‍ ഒരു മുന്നണിക്കും ഭൂരിപക്ഷം ലഭിക്കാത്ത അവസ്ഥ വരുമെന്നും വൈഎസ്ആര്‍ കോണ്‍ഗ്രസ് ഇത്തവണ കിംഗ് മേക്കറാകുമെന്നുമാണ് ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെയും വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെയും അവകാശവാദം.

Advertisement
Advertisement