ഗുഗിൾ സഹസ്ഥാപകന്റെ മുൻ ഭാര്യയുമായി മസ്‌കിന് ബന്ധം,​ ലഹരിമരുന്ന് ഉപയോഗിച്ചു,​ ലൈംഗിക ബന്ധത്തിലേർപ്പെട്ടതായും റിപ്പോർട്ട്

Saturday 25 May 2024 10:46 PM IST

ന്യൂയോർക്ക് : ശതകോടീശ്വരനും ടെ‌സ്ല സി.ഇ.ഒയുമായ ഇലോൺ മസ്കും ഗൂഗിൾ സഹസ്ഥാപകൻ സെർജി ബ്രിന്നിന്റെ മുൻ ഭാര്യയും അഭിഭാഷകയുമായ നിക്കോൾ ഷാനഹാനുമായി ബന്ധമുണ്ടായിരുന്നതായി ന്യൂയോർക്ക് ടൈംസ് റിപ്പോ‌ർട്ട്. ഒരു സ്വകാര്യ പാർട്ടിയിൽ വച്ച് മസ്കും ഷാനഹാനും മാരക ലഹരിമരുന്നായ കെറ്റമിൻ ഉപയോഗിച്ചതായും റിപ്പോർട്ടിൽ പറയുന്നു. എട്ട് വ്യ​ത്യസ്ത സ്രോതസുകളെ ഉദ്ധരിച്ചാണ് ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട്

2021ൽ ഷാനഹാൻ സംഘടിപ്പിച്ച ഒരു ജന്മദിന ആഘോഷത്തിനിടെയാണ് ഇരുവരും കെറ്റമിൻ ഉപയോഗിച്ചതായി പറയുന്നത്. അതേവർഷം തന്നെ ആർട്ട് ബേസൽ ഫെസ്റ്റിവലുമായി ബന്ധപ്പെട്ട് മസ്കിന്റെ സഹോദരൻ കിംബാൽ മസ്ക് നടത്തിയ ഒരു സ്വകാര്യ പാർട്ടിയിലും ഇരുവരും പങ്കെടുത്തു. ഇവിടെ വച്ച് ഇരുവരെയും മണിക്കൂറുകളോളം കാണാതായതായി പരിപാടിയിൽ പങ്കെടുത്ത നാലു പേരെ ഉദ്ധരിച്ച് പത്രം റിപ്പോർട്ടു ചെയ്യുന്നു. എന്നാൽ ഇവരുടെ പേരുകൾ പുറത്തുവിട്ടിട്ടില്ല. താൻ മസ്കുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടുവെന്ന് സെർജി ബ്രിന്നിനോട് ഷാനഹാൻ തുറന്നു പറഞ്ഞുവെന്നും റിപ്പോർട്ടിലുണ്ട്.

2022ൽ തന്നെ ഇരുവരും തമ്മിൽ ബന്ധമുണ്ടെന്ന വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ അന്ന് ഷാനഹാൻ ഇക്കാര്യം നിഷേധിച്ചിരുന്നു. കൂടാതെ ആ രാത്രിയിൽ തൻ്റെ മകളുടെ ഓട്ടിസം ചികിത്സയെക്കുറിച്ച് മസ്‌ക് അവളുമായി ചർച്ച ചെയ്‌തിരുന്നുവെന്നും അല്ലാതെ മറ്റൊന്നുമില്ലെന്നും അവർ പ്രതികരിച്ചു. വഞ്ചനയുടെ പേരിൽ തന്റെ പേര് ചർച്ചയാകുന്നതിലെ രോഷവും അവർ പ്രകടിപ്പിച്ചിരുന്നു. തന്റെ കരിയർ അക്കാദമികവും ബൗദ്ധികവുമായ വിശ്വാസ്യതയിൽ അധിഷ്ഠിതമാണെന്ന് അവർ അവകാശപ്പെട്ടു, ഒരു വഞ്ചകയെന്ന പേരിൽ അന്താരാഷ്ട്രതലത്തിൽ താൻ അപമാനിക്കപ്പെടുന്നു. ലൈംഗിക പ്രവൃത്തിയുടെ പേരിൽ അറിയപ്പെടുക എന്നത് ഏറ്റവും അപമാനകരമായ കാര്യങ്ങളിലൊന്നാണ്. അത് തീർത്തും ദുർബലപ്പെടുത്തുന്നതായിരുന്നു അവൾ കൂട്ടിച്ചേർത്തു.

അന്നത്തെ പാർട്ടിക്ക് പിന്നാലെ സെർജി ബ്രിന്നും ഷാനഹാനും വേർപിരിഞ്ഞു,​ പൊരുത്തപ്പെടാനാവാത്ത വ്യത്യാസങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇരുവരും 2022ൽ വിവാബമോചന ഹർജി ഫയൽ ചെയ്തത്. 18 മാസങ്ങൾക്ക് ശേഷം കഴിഞ്ഞ വർഷമായിരുന്നു ഇവർ ഔദ്യോഗികമായി വേർപിരിഞ്ഞത്.