ബൈക്ക് മോഷണം: രണ്ടുപേർ കസ്റ്റഡിയിൽ, അഞ്ചുപേർ റിമാൻഡിൽ

Sunday 26 May 2024 1:10 AM IST

കൊല്ലം: ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്ത ഏഴംഗ സംഘത്തെ കോടതിയിൽ ഹാജരാക്കി. രണ്ട് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. മറ്റുള്ളവരെ റിമാൻഡ് ചെയ്തു. രണ്ടുപേർ ഒളിവിലാണ്. ഇവർക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

കരിക്കോട് സാരഥി നഗർ-52 ഫാത്തിമ മൻസിലിൽ ഷഹൽ (42), ഓയൂർ റാഷിന മൻസിലിൽ റാഷിദ് (33), വാളത്തുംഗൽ വയലിൽ പുത്തൻവീട്ടിൽ നൗഷാദ് (64), ഉമയനല്ലൂർ അടികാട്ടുവിള പുത്തൻ വീട്ടിൽ സലീം (71), പിനക്കൽ, തൊടിയിൽ വീട്ടിൽ അനസ്, തമിഴ്നാട് സ്വദേശികളായ കതിരേഷൻ (24), കുള്ളൻ കുമാർ എന്ന കുമാർ (49) എന്നിവരാണ് കഴിഞ്ഞ ദിവസം പിടിയിലായത്.

സംഘത്തിലെ താന്നി സുനാമി ഫ്ലാറ്റിൽ മണികണ്ഠൻ, വാഹനങ്ങൾ പൊളിച്ച് വിൽക്കുന്ന തമിഴ്നാട്ടിലെ യാർഡ് ഉടമ ശെൽവം എന്നിവരാണ് ഒളിവിലുള്ളത്. നാളുകളായി റെയിൽവേ സ്റ്റേഷൻ പരിസരത്തും മറ്റും തുടർച്ചയായി വാഹനമോഷണം നടന്നുവരുകയായിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം കൊല്ലം എ.സി.പി അനുരൂപിന്റെ മേൽനോട്ടത്തിൽ ഈസ്റ്റ് പൊലീസ് ഇൻസ്പെക്ടർ ഹരിലാലിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. വാഹന ബ്രോക്കർമാരെയും വാഹനങ്ങളൾ പൊളിച്ച് വിൽക്കുന്നവരെയും വാഹനമോഷണ കേസുകളിൽ പ്രതിയായിട്ടുള്ളവരെയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിത്.

ഈസ്റ്റ് സ്റ്റേഷൻ പരിധിയിൽ നിന്ന് മോഷണം പോയ 28 ഇരുചക്ര വാഹനങ്ങളും 8 എൻജിനുകളും ബോഡി പാർട്സുകളുമാണ് കണ്ടെത്തിയത്. സബ്ഇൻസ്പെക്ടർ ദിൽജിത്ത്, സി.പി.ഒമാരായ അനു.ആർ.നാഥ്, ഷെഫീക്ക്, സൂരജ്, എം.അനീഷ്, അനീഷ്, ഷൈജു.ബി.രാജ്, അജയകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

അതിർത്തി കടത്താൻ കതിരേശൻ

 അനസ്, റാഷിദ്, മണികണ്ഠൻ എന്നിവർ ചേർന്നാണ് ബൈക്ക് മോഷണം

 ബസിൽ യാത്ര ചെയ്ത് വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലത്തെത്തും

 ഹാൻഡിൽ ലോക്കില്ലാത്തതും കള്ളത്താക്കോലിൽ തുറക്കുന്ന ബൈക്കുകൾ അയത്തിൽ, ഉമയനല്ലൂർ ഇൻ‌ഡസ്ട്രിയൽ എസ്റ്റേറ്റ്, കരിക്കോട് പഴയ സ്റ്റാൻഡ് എന്നിവിടങ്ങളിലെത്തിക്കും

 ഷഹൽ, നൗഷാദ്, സലീം എന്നിവരാണ് വിൽപ്പന നടത്തുന്നത്

 കതിരേശൻ വാഹനത്തിലെത്തി ബൈക്ക് അതിർത്തി കടത്തും

 തെങ്കാശി അടയ്ക്കല പട്ടണത്തിലെ ശെൽവന്റെ യാർഡിലാണ് പൊളിക്കൽ

അനസിലൂടെ തുടക്കം

സംശയത്തെ തുടർന്ന് സ്ഥിരം മോഷ്ടാവായ അനസിനെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് മോഷണസംഘത്തെ കുറിച്ച് വിവരം ലഭിച്ചത്. അനസിനെക്കൊണ്ട് കതിരേശനെ വിളിച്ചുവരുത്തിക്കുകയായിരുന്നു. പൊലീസ് തെങ്കാശിയിൽ എത്തിയെങ്കിലും ശെൽവം കടന്നുകളഞ്ഞു.

മിക്ക വാഹനങ്ങളും പൊളിച്ച നിലയിലാണ്. നമ്പർ പ്ലേറ്റ് നീക്കം ചെയ്തിരുന്നില്ല. യാർഡിന് മുന്നിൽ സ്പെയർ പാർട്സ് വിൽപ്പനയുമുണ്ട്.

കേരള - തമിഴ്നാട് രജിസ്ട്രേഷനിനുള്ള ഏകദേശം 50,000 വാഹനങ്ങൾ തങ്കാശിയിലെ ശെൽവന്റെ യാർഡിൽ ഉണ്ടായിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥർ

Advertisement
Advertisement