ഇറാൻ അവയവ റാക്കറ്റ്: ഒരാൾ കൂടി പിടിയിൽ

Sunday 26 May 2024 1:13 AM IST

കൊച്ചി/ആലുവ: ഇറാൻ കേന്ദ്രീകരിച്ചുള്ള രാജ്യാന്തര അവയവക്കച്ചവട കേസിൽ ഒരാൾകൂടി പിടിയിലായി. പാലാരിവട്ടത്ത് താമസിക്കുന്ന ആലുവ എടത്തല സ്വദേശി സജിത്ത് ശ്യാമാണ് കസ്റ്റഡിയിലുള്ളത്. കേസിൽ അറസ്റ്റിലായ മുഖ്യഇടനിലക്കാരനായ തൃശൂർ എടമുട്ടം സ്വദേശി സാബിത്ത് നാസറുമായി സാമ്പത്തിക ഇടപാടുകൾ കണ്ടെത്തിയതിന് പിന്നാലെയാണ് ഇയാളെ കസ്റ്റ‌ഡിയിലെടുത്തത്. ആലുവ ഡിവൈ.എസ്.പി എ. പ്രസാദിന്റെ മേൽനോട്ടത്തിൽ സജിത്തിനെ ചോദ്യംചെയ്തു. വൈകാതെ അറസ്റ്റ് രേഖപ്പെടുത്തും.

സാബിത്തിന്റെ നാല് ബാങ്ക് അക്കൗണ്ടുകൾ കഴിഞ്ഞദിവസം അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇതിലൂടെയാണ് സജിത്തുമായുള്ള സാമ്പത്തിക വൻ തുകയുടെ ഇടപാടുകൾ വ്യക്തമായത്.

വരുംദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് ‌ഡിവൈ.എസ്.പി പറഞ്ഞു. വിവിധ സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. ഒരു സംഘം തൃശൂരും മറ്റൊരു സംഘം പാലക്കാടും തമ്പടിക്കുന്നുണ്ട്.

സാബിത്ത് അറസ്റ്രിലായതിന് പിന്നാലെ, തൃശൂർ, എറണാകുളം, ആലപ്പുഴ ജില്ലകളിൽ അവയവത്തട്ടിപ്പിലെ ഇരകൾ രംഗത്തെത്തി. ഇവർക്ക് തൃശൂർ അവയവക്കച്ചവടവുമായി ബന്ധമില്ലെന്നാണ് സാബിത്തിന്റെ മൊഴി. ഇത് അന്വേഷണ സംഘം വിശ്വാസത്തിലെടുത്തിട്ടില്ല. എമിഗ്രേഷൻ വിഭാഗത്തിന്റെ സഹായത്തോടെ സാബിത്തിന്റെ വിദേശ യാത്രയുടെ വിവരങ്ങൾ ശേഖരിക്കും. വൈകാതെ സാബിത്തിനെ അവയവ റാക്കറ്റിന്റെ കേന്ദ്രമായ ഹൈദരാബാദിലെത്തിച്ചും തെളിവെടുക്കും.

മധു ഇറാനിൽ; നാട്ടിലെത്തിക്കും

ഇറാൻ അവയവക്കച്ചവടത്തിന്റെ പ്രധാന ആസൂത്രകരിൽ ഒരാളായ എറണാകുളം സ്വദേശി മധു ഇറാനിലാണെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. ഇയാളുടെ നമ്പർ കേന്ദ്രീകരിച്ചാണ് അന്വേഷണം. കേന്ദ്രസർക്കാർ വഴി ഇറാൻ എംബസിയുടെ സഹായവും തേടും.

Advertisement
Advertisement