കറിവേപ്പിലയില്ലെങ്കിൽ കറിയില്ല!

Sunday 26 May 2024 12:25 AM IST

ഇന്ത്യ മുന്നണിയിലെ വലിയ 'വാളായ' ആപ്പ് ആശാൻ കേജുഭായിയെ വീര്യമുള്ള ലാർജ് വിവാദത്തിൽ മുക്കിയ ഡൽഹി മദ്യനയ അഴിമതിക്കു പിന്നാലെ വിപ്ലവ കേരളത്തിലെ ചങ്കന്മാർക്കും കാലിടറുകയാണ്. മുഖ്യമന്ത്രിയാകാനിരുന്ന മാണിസാറിനെയും സംശുദ്ധനായ കെ. ബാബുവിനെയും കണ്ണൂരിൽ നിന്നടക്കം ആളെയിറക്കി തിരുവനന്തപുരത്ത് പുലർകാല അപ്പിസമരം നടത്തി നാറ്റിച്ച പ്രസ്ഥാനത്തിലെ ഡബിൾ ചങ്കന്മാരെ സമാനരീതിയിൽ തറപറ്റിക്കാൻ ആസൂത്രിത ഗൂഢാലോചനയാണ് നടക്കുന്നത്. ഇടതില്ലെങ്കിൽ ഇന്ത്യയില്ലെന്നും കറിവേപ്പിലയില്ലെങ്കിൽ കറിയില്ലെന്നും പുവർഫെലോസ് മനസിലാക്കുന്നില്ല. അഖിലേന്ത്യാതലത്തിൽ ഒന്നാണെങ്കിലും കേരളത്തിൽ ഇന്ത്യമുന്നണിയുടെ കയ്യാലപ്പുറത്തിരിക്കുന്ന കോൺഗ്രസിലെ ആവേശ്കുമാരന്മാർ തുള്ളിച്ചാടുകയാണെങ്കിലും തലമൂത്ത ഖദറുകാരിൽ ചിലർക്ക് ചെറിയൊരു വിഷമം. ഡൽഹിയിൽ കേജുവണ്ണനെ താങ്ങിനിറുത്തുന്ന കൈകൾകൊണ്ട് കേരളത്തിൽ സർക്കാരിനെതിരെ വാളെടുക്കുന്നത് ആദർശപരമായി ശരിയല്ലെന്നാണ് അവരുടെ നിലപാടെങ്കിലും എളിമകൊണ്ട് പരസ്യമായി പറയുന്നില്ല. വെള്ളവും വീര്യവും പോലെയാണ് ആദർശവും രാഷ്ട്രീയവും. ചേരുംപടി ചേർന്നേ പറ്രൂ. ഭൂരിപക്ഷവും ആദർശ രാഷ്ട്രീയക്കാർ ആയതിനാൽ കേരളം ബാർ വിവാദത്തിന്റെ രണ്ടാം എപ്പിസോഡിലേക്ക് കടക്കുകയാണ്. മദ്ധ്യ തിരുവിതാംകൂറുകാരും മദ്യവും തമ്മിലുള്ള ഇരിപ്പുവശം വച്ചു നോക്കുമ്പോൾ അത്രവലിയ പാതകമൊന്നും ഇടതുസർക്കാർ ചെയ്തിട്ടില്ല.


ഒന്നാം തീയതികളിലെ ഡ്രൈഡേ ഒഴിവാക്കുന്നതടക്കം മദ്യനയത്തെ കൂടുതൽ ജനകീയമാക്കാൻ സർക്കാർ നടത്തുന്ന ശ്രമങ്ങൾക്ക് ചില്ലറ ചെലവുകൾ വരുന്നത് സ്വാഭാവികമാണ്. ബാറുടകൾ രണ്ടരലക്ഷം രൂപവീതം നൽകണമെന്ന് സംഘടനാനേതാവ് ശബ്ദരേഖ അയച്ചതാണ് പ്രശ്നമായത്. ഏതാണ്ട് ഒരുദിവസത്തെ വരുമാനം മാത്രമാണ് ചോദിച്ചത്. അതുകൊണ്ട് പാവങ്ങൾ രക്ഷപ്പെട്ടു പോകട്ടെയെന്നു കരുതി ചെയ്തുപോയതാണ്. സംസ്ഥാനത്തെ 800 ബാറുകളിൽ നിന്ന് രണ്ടരലക്ഷം രൂപവീതം സംഭാവന വാങ്ങിയാൽ വെറും 20 കോടിയേ വരൂ എന്ന് അത്യാവശ്യം കണക്കറിയാവുന്നവർക്ക് മനസിലാകുന്നതേയുള്ളൂ. ബക്കറ്റ് പിരിവ് നടത്തിയാൽപ്പോലും ഇതിലും കൂടുതൽ കളക്ഷൻ കിട്ടും. സകല വിവരങ്ങളും ചില തുരപ്പന്മാർ ചോർത്തി മോങ്ങാനിരുന്ന കോൺഗ്രസുകാരുടെ ചെവിയിലോട്ടു വച്ചുകൊടുത്തു. അനാവശ്യ സമരങ്ങളിലൂടെ കേരളത്തിന്റെ വികസനപ്രക്രിയയെ തകർക്കാൻ തക്കംപാർത്തിരുന്ന അവർ സംഘികളുടെ പിന്തുണയോടെ വിധ്വംസക പ്രവർത്തനങ്ങളിൽ ഏർപ്പെടുമെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്.

അതിവേഗം ലഘുദൂരം
കൗണ്ടറിൽനിന്ന് രണ്ടെണ്ണമടിച്ചാൽ കൗണ്ട്ഡൗൺ തുടങ്ങി പടിയിറങ്ങി പുറത്തെത്തുമ്പോഴേക്കും ഇരുത്തുകയോ കിടത്തുകയോ ചെയ്യുന്ന സ്‌പെഷ്യൽ സംഗതികളാണ് സംസ്ഥാനത്തെ ബാറുകളിൽ ലഭിക്കുന്നതെന്ന് സർക്കാർ ഉറപ്പാക്കിയിട്ടുണ്ട്. 'അതിവേഗം ലഘുദൂരം' എന്നതാണ് മദ്യനയം. സ്‌പെഷ്യൽ സാധനങ്ങൾക്ക് വിലകൂടും. അതുകൊണ്ട് അയൽ സംസ്ഥാനങ്ങളിലെ വിലയുമായി താരതമ്യം ചെയ്യരുത്. ഒന്നാം തീയതികളിൽ ബാറുകൾക്കും ബിവറേജസ് ഔട്ട്ലറ്റുകൾക്കും അവധി പ്രഖ്യാപിച്ച് കുടിയന്മാരെ നന്നാക്കിയെടുക്കാനാവില്ലെന്ന് ഉറപ്പായതോടെ ചില മാറ്റങ്ങൾ സർക്കാർ ആലോചിച്ചിരുന്നുവെന്നത് നേരാണ്. ഡ്രൈഡേയായ ഒന്നാംതീയതി കിട്ടുന്ന ശമ്പളം കൃത്യമായി വീടുകളിലെത്തുമെന്നു കരുതിയിരുന്നതും വെറുതേയായി. തലേന്നുവാങ്ങി സ്റ്റോക്ക് ചെയ്ത് ഇരട്ടി വിലയ്ക്ക് വിറ്റ് 'സമാന്തര ബാറുടമകൾ' സജീവമായത് സർക്കാരിനും ഒറിജിനൽ ബാറുകാർക്കും തിരിച്ചടിയായി. ഒഴിഞ്ഞുകിടക്കുന്ന പല പറമ്പുകളിലും ചെറുകിട ഡിസ്റ്റിലറികൾ വന്നതായിരുന്നു മറ്റൊരു ഭീഷണി. നിലത്തിരുത്താത്ത, പറന്നുനടക്കാവുന്ന സാധനം കുറഞ്ഞ നിരക്കിൽ സ്വന്തം പറമ്പിൽ നിർമ്മിക്കാനുള്ള സാങ്കേതിക വിദ്യകൾ അതിവേഗമാണ് പലരും പഠിച്ചെടുത്തത്. വാറ്റുന്നത് ഓൺലൈനിൽ പഠിക്കാൻ സൗകര്യമൊരുങ്ങിയതും വലിയ പാരയായി. മിക്സിംഗ് തെറ്റി ഇവർക്ക് അപകടം സംഭവിക്കാതിരിക്കാനാണ് മദ്യനയത്തിൽ മാറ്റം വരുത്തിയാലോ എന്നാലോചിച്ചത്. രാത്രി 12 വരെ ബാറുകൾ തുറന്നുവയ്ക്കാനും ആലോചനയുണ്ട്. പിന്നെ നേരം വെളുക്കാൻ അധികസമയം ഇല്ലാത്തതിനാൽ ബാറുകളിലോ പരിസരങ്ങളിലോ കിടന്നുറങ്ങാം. ഇരുട്ടത്ത് തപ്പിത്തടഞ്ഞു നടന്ന് വീഴാനുള്ള സാദ്ധ്യത ഇല്ലാതാക്കി ഒരു കുടുംബത്തെ രക്ഷിക്കാനുമാവും. ഈ ലക്ഷ്യങ്ങളെ തകിടം മറിക്കാൻ കോൺഗ്രസുകാരുടെ സഹായത്തോടെ ചിലർ നടത്തിയ നീക്കമാണ് പുതിയവിവാദമെന്ന് ആർക്കാണ് അറിയാത്തത്.
ഇതിന്റെ പേരിൽ കോൺഗ്രസുകാർ സമരം നടത്തിയാൽ ഒരു ചുക്കും സംഭവിക്കില്ലെന്ന് ഇടത് നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. കോൺഗ്രസുകാർ പ്രക്ഷോഭം നടത്തിയാലും ഇടത് സമരത്തേക്കാൾ വലിയ പ്രക്ഷോഭമൊന്നും നടത്താനുള്ള കരുത്ത് ഖദറുകാർക്കില്ല. അതിനിടെ, ഇന്ത്യസഖ്യത്തിലെ രണ്ടു മല്ലന്മാരുടെ പോരാട്ടം കാണാനുള്ള തയ്യാറെടുപ്പിലാണ് സംഘികൾ. മന്ത്രിക്കസേരയിൽ നിന്നിറങ്ങേണ്ടിവന്ന മാണിസാറിന്റെ പാർട്ടിയെ മോൻ ജോസ് കെ.മാണി എൽ.ഡി.എഫിൽ എത്തിച്ച് പാർട്ടിയുടെ മാനം കാത്തതുപോലെയുള്ള നീക്കങ്ങൾ ഉണ്ടാവില്ലെന്നാണ് സൂചനകളെങ്കിലും രാഷ്ട്രീയമാണ്, എന്തുംസംഭവിക്കാം എന്ന പ്രതീക്ഷ ഇല്ലാതില്ല. ചാഞ്ചാടി നിൽക്കുന്ന ജോസ്‌മോൻ പുതിയ വിവാദത്തിന്റെ മറപറ്റി ആഞ്ഞൊന്നാടിയാൽ പലതും സംഭവിക്കും. പൊന്നുപോലെ ഏറ്റെടുക്കാൻ കോൺഗ്രസുകാരും തങ്കക്കുടമായി തലയിലേറ്റാൻ സംഘികളും റെഡി. വെറും മന്ത്രിയാവണോ അതുക്കുംമേലെ ഗവർണറാകണോയെന്ന് ജോസ്‌മോന് തീരുമാനിക്കാം.

നിരനിരയായി 'ഇന്ത്യൻ' പ്രധാനമന്ത്രിമാർ

കേന്ദ്രവും ഡൽഹിയും ഭരിച്ച കോൺഗ്രസിനെ തൂത്തുവാരി പുറത്തിട്ട് ഡൽഹി പിടിച്ചടക്കിയ പാർട്ടിയാണെങ്കിലും കേജ്‌രിളിന്റെ ആപ്പിനോട് രാഹുൽജിക്കോ പ്രിയങ്കാജിക്കോ ഭർത്താവ് വാദ്രജിക്കോ പിണക്കമില്ല. പഴയതൊക്കെ മറന്ന് കേജുവിനെ നല്ല നിലയിലെത്തിക്കാൻ രാഹുൽജി ഒരുപാട് വിട്ടുവീഴ്ചകൾ ചെയ്തു. ആറാംഘട്ട വോട്ടെടുപ്പ് കഴിഞ്ഞതോടെ, കോൺഗ്രസ് ഇന്ത്യ ഭരിക്കുമെന്ന് വാദ്രാജി പ്രഖ്യാപിച്ചിട്ടുണ്ട്. ഏകാധിപത്യം നന്നല്ലെന്നും മോദി പ്രതിപക്ഷത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒരാൾ തുടർച്ചയായി ഭരിച്ചാൽ ജനങ്ങൾക്കും പ്രതിപക്ഷത്തിനും ബോറടിക്കും. ഇന്ത്യ സഖ്യത്തിലെ പ്രധാനമന്ത്രിക്കു കരുത്തായി കൂടെയുണ്ടാവും.
ഇന്ത്യയ്ക്ക് 2004 മോഡൽ പ്രധാനമന്ത്രിയുണ്ടാവുമെന്ന് ഹൈക്കമാൻഡും വ്യക്തമാക്കിയ നിലയ്ക്ക് സംഘികളുടെ കാര്യത്തിൽ ഏതാണ്ട് തീരുമാനമായെന്നാണ് ഡൽഹിയിലെ വാർറൂം മേധാവികൾ നൽകുന്ന സൂചന. കോൺഗ്രസില്ലാതെയൊരു പ്രതിപക്ഷവുമില്ല, രാഹുൽജി അല്ലാതൊരു പ്രധാനമന്ത്രിയുമില്ല. രാഹുലിനെ പ്രധാനമന്ത്രിയാക്കാൻ കൊള്ളില്ലെന്ന് തൃണമൂൽ നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമതാദീദി നേരത്തെ പറഞ്ഞിട്ടുണ്ടെങ്കിലും പോയി അനുഗ്രഹം വാങ്ങിയാൽ മനസ് മാറിയേക്കാം. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രിയാവണമെന്നാണ് ദീദിയുടെ ആഗ്രഹം. പ്രായം ലേശമായെങ്കിലും അനുസരണയുള്ള നല്ല മനുഷ്യനാണ്. അനുസരണയും പക്വതയുമുള്ള നേതാക്കളാണ് ഇന്ത്യയെ നയിക്കേണ്ടത്. ലാലുജി മിടുക്കനാണെങ്കിലും അസുഖംമൂലം വിശ്രമത്തിലാണ്. എയറിൽ നിൽക്കുന്ന എൻ.സി.പിയുടെ പവാർജി മടങ്ങിവന്ന് ഭാരിച്ച ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാമെന്ന് സന്നദ്ധത അറിയിച്ചിട്ടുണ്ട്. പ്രഗത്ഭർ ഒരുപാടുള്ളതിനാൽ ആരാദ്യം എന്നത് വലിയ പ്രശ്നമാണ്. എല്ലാവരും നിർബന്ധിച്ചാൽ ഞാനാകാമെന്ന് ദീദിക്ക് പറയണമെന്നുണ്ടെങ്കിലും ആരും നിർബന്ധിക്കുന്നില്ല. അഞ്ചുവർഷം അഞ്ച് പ്രധാനമന്ത്രിമാർ എന്ന നൂതന സംവിധാനവും പരിഗണനയിലാണ്. അങ്ങനെയാണെങ്കിലും ഫസ്റ്റ് ബാറ്റ്സ്മാൻ രാഹുൽജിയാവണമെന്ന് ഹൈക്കമാൻഡിന് നിർബന്ധമുണ്ട്.

Advertisement
Advertisement