റെക്കാ‌‌ഡ് സ്വപ്‌നം നനഞ്ഞിട്ടും നിരാശനാകാതെ രാജീവ്

Sunday 26 May 2024 12:04 AM IST

മാന്നാർ: എങ്ങനെയെങ്കിലും ലോകറെക്കാ‌‌ഡ് സ്ഥാപിക്കണമെന്ന സ്വപ്‌നവുമായി 17 വർഷമായി അലയുകയാണ് ചെന്നിത്തല പോട്ടംകേരിൽ ജി.രാജീവെന്ന നാല്പത്തിരണ്ടുകാരൻ. പലവഴികളും ആലോചിച്ചു,​ പലആശയങ്ങളും പഠിച്ചു. ഒടുവിൽ പാടശേഖരത്തിന്റെ വിരിമാറിൽ ലോക പ്രശസ്തരുടെ ചിത്രം വരച്ച് ഖ്യാതിനേടാൻ പെയിന്റിംഗ് തൊഴിലാളിയായ രാജീവ് മനസിലുറച്ചു. അതെങ്ങനെ വ്യത്യസ്തമാക്കാമെന്ന ചിന്ത രാജീവിനെ കൊണ്ടെത്തിച്ചത് മലയാളികൾക്ക് തികച്ചും അപരിചിതമായ മറ്റൊരു മേഖലയിലേക്കാണ്. അതിവിശാലമായ നെൽപ്പാലത്ത് വയ്ക്കോൽ കത്തിച്ച് മഹത് വ്യക്തികളുടെ വമ്പൻ ചിത്രങ്ങൾ നിർമ്മിക്കുക. ആദ്യം കേട്ടവർ നെറ്റിചുളിച്ചെങ്കിലും രാജീവ് തന്റെ ആശയവുമായി മുന്നോട്ടുപോയി.

മദർതെരേസ, എ.പി.ജെ അബ്ദുൾകലാം, ദുബായ് ഭരണാധികാരി,​ ബോബി ചെമ്മണ്ണൂർ തുടങ്ങിയ പ്രശസ്തരുടെ ചിത്രങ്ങൾ ഇതിനായി തിരഞ്ഞെടുത്തു. വലിയ പ്രിന്റെടുത്തു. ചിത്രങ്ങളെ ചതുരകള്ളികളായി തിരിച്ചു. തുടർന്ന് ഇതിന് ആനുപാതികമായി നെൽപ്പാലത്ത് ചതുരക്കള്ളികൾ വരച്ച് രേഖാചിത്രം ഒരുക്കി. മണ്ണിന്റെ സ്വാഭാവിക നിറവും കറുപ്പും ചേർത്ത് കൂറ്റൻ ചിത്രങ്ങൾ നിർമ്മിക്കുകയായിരുന്നു ലക്ഷ്യം. കറുത്ത നിറം ആവശ്യമുള്ള കള്ളികളിൽ വൈക്കോൽ നിറച്ച് കത്തിച്ച് ചാരമാക്കി.

ഒരേക്കറിൽ മദർ തെരേസയുടെ ചിത്രം

2012 ൽ ഒരേക്കർ പാടത്ത് മദർ തെരേസയുടെ ചിത്രം വരച്ചുകൊണ്ടായിരുന്നു ആദ്യ പരീക്ഷണം. എന്നാൽ പൂർത്തിയാകും മുമ്പ് കാലം തെറ്റിയെത്തിയ മഴയിൽ ചിത്രം നശിച്ചു. പിന്നീട് എ.പി.ജെ. അബ്ദുൾകലാമിന്റെ ചിത്രത്തിനും അതുതന്നെ സംഭവിച്ചു. 2016 വരെ രാജീവ് പരിശ്രമം തുടർന്നെങ്കിലും നിരാശയായിരുന്നു ഫലം. വൈക്കോൽ കത്തിക്കുന്നതിനിടയിൽ തീപടർന്ന് പിടിച്ച് 3000 സ്‌ക്വയർ മീറ്ററിലെ ചിത്രം കത്തിപ്പോയ അനുഭവം വരെ ഉണ്ടായി. ഒടുവിൽ മൂന്നു വർഷത്തോളം പ്രവാസ ജീവിതം.

കവിയൂരിലെ സ്വകാര്യ സ്ഥാപനത്തിൽ വാഹനങ്ങളുടെ സ്പ്രേ പെയിന്റിംഗ് ജോലി ചെയ്യുന്ന രാജീവ് ഒരു മാസത്തോളം അവധിയെടുത്താണ് ചിത്രം വരയ്ക്കാനിറങ്ങുന്നത്.
ഇത്തവണ സഹായത്തിനും പരിശീലനത്തിനുമായി സഹോദരിയുടെ മകൻ ആറാംക്ലസ് വിദ്യാർത്ഥി ജിഫിൻ, സുഹൃത്ത് വിനോദിന്റെ മകൻ ഏഴാം ക്‌ളാസ് വിദ്യാർത്ഥി അഭിനവ് എന്നിവരും രാജീവിനൊപ്പമുണ്ടായിരുന്നു. ഷേർലിയാണ് രാജീവിന്റെ ഭാര്യ. രണ്ടുവയസുകാരി റോഷ്‌നി മകളാണ്.

തുടരുന്ന തിരിച്ചടി

വ‌‌ഷങ്ങൾക്ക് ശേഷം നാട്ടിലെത്തിയ രാജീവ് വീണ്ടും സ്വപ്‍ന സാക്ഷാത്കാരത്തിനായി ശ്രമം തുടങ്ങി. 40 ഏക്കറിൽ 750 സ്‌ക്വയർ മീറ്ററിൽ ദുബായ് ഭരണാധികാരി മുഹമ്മദ് ബിൻ റഷീദ് അൽമക്തൂമിന്റെ ചിത്രമാണ് ഇത്തവണ ഒരുക്കിയത്. 20 ദിവസം കൊണ്ട് പൂർത്തിയാക്കാമെന്ന കണക്കുകൂട്ടലിൽ കൊയ്ത്ത് കഴിഞ്ഞയുടൻ തന്നെ പാടത്തേക്കിറങ്ങി. എന്നാൽ ചിത്രം പൂർത്തിയാകാൻ നാലു ദിവസങ്ങൾ ശേഷിക്കെ കാലംതെറ്റിയ മഴയിൽ ആ ചിത്രവും വെള്ളം കൊണ്ടുപോയി.

നാലുലക്ഷത്തോളം രൂപ ഇതിനകം ചെലവായിട്ടുണ്ട്. എന്തൊക്കെ തിരിച്ചടിയുണ്ടായാലും സ്വപ്നസാക്ഷാത്ക്കരിക്കും. അടുത്തകൊയ്ത്തിനായുള്ള കാത്തിരിപ്പിലാണ്.

- ജി.രാജീവ്

Advertisement
Advertisement