ടോയ്ലറ്റിന്റെ വൈദ്യുതി വിഛേദിച്ചു,​ കെ.എസ്.ഇ.ബിക്കെതിരെ നഗരസഭ

Sunday 26 May 2024 12:04 AM IST


ചേർത്തല: മുനിസിപ്പൽ ബസ് സ്​റ്റാൻഡിലെ പൊതുടോയ്ലറ്റിന്റെ വൈദ്യുതി ബന്ധം വിഛേദിച്ച് കെ.എസ്.ഇ.ബി. ഇതോടെ പ്രവർത്തനം പൂർണമായി നിലച്ചു. ദിവസേന ആയിരകണക്കിന് യാത്രക്കാരെത്തുന്ന ബസ് സ്​റ്റാൻഡിലെ ടോയ്ലറ്റ് നാലുദിവസമായി അടഞ്ഞതോടെ യാത്രക്കാർക്ക് പ്രതിസന്ധിയായി. മഴ കനത്തതോടെ യാത്രക്കാർ ദുരിതം ഇരട്ടിച്ചു. മുന്നറിയിപ്പില്ലാതെയാണ് വൈദ്യുതി വിഛേദിച്ചതെന്ന് കാട്ടി കെ.എസ്.ഇ.ബി നടപടിക്കെതിരെ നഗരസഭ രംഗത്തുവന്നിട്ടുണ്ട്. മൂന്നു ദിവസം മുമ്പ് പൊതുടോയ്ലറ്റിലേക്കുള്ള വൈദ്യുതി കേബിൾ ബസ് തട്ടിപൊട്ടിയിരുന്നു. ഇതേ തുടർന്നാണ് കെ.എസ്.ഇ.ബി അധികൃതരെത്തി വൈദ്യുതി വിഛേദിച്ചത്. വിവരമറിഞ്ഞ നഗരസഭ ഇലക്ട്രീഷ്യനെ നിയോഗിച്ച് കേബിൾ പുനർക്രമീകരിച്ചു. ഇതു ശരിയായില്ലെന്ന് കെ.എസ്.ഇ.ബി നിലപാടെടുത്തതോടെ നിർദ്ദേശിച്ച പ്രകാരം വീണ്ടും കേബിൾ വലിച്ചു. എന്നാൽ,​ നിലവിലെ രീതിയിൽ കണക്ഷൻ നൽകാനാകില്ലെന്നും കൂടുതൽ സുരക്ഷയൊരുക്കിയാൽ മാത്രമേ നൽകാനാകു എന്നതാണ് കെ.എസ്.ഇ.ബിയുടെ നിലപാട്. എന്നാൽ നിലവിലെ സ്ഥിതിയിൽ കണക്ഷൻ നൽകി പ്രശ്നം പരിഹരിക്കണമെന്ന നിലപാടിലാണ് നഗരസഭ. കൂടുതൽ കാര്യങ്ങൾ ചട്ടപ്രകാരം പിന്നിട് നടപ്പാക്കാം എന്നായിട്ടും ഏകപക്ഷീയമായ നിലപാട് സ്വീകരിച്ചത് യാത്രക്കാരോടുളള വെല്ലുവിളിയാണെന്നാണ് നഗരസഭ അധികൃതരുടെ വാദം. ദിവസേന 140 ലധികം സ്വകാര്യബസുകൾ എത്തുന്ന സ്​റ്റാൻഡിൽ രാവിലെ മുതൽ രാത്രി വരെ യാത്രക്കാരുടെ തിരക്കാണ്. ഹരിതകർമ്മ സേനയുടെ നേതൃത്വത്തിലാണ് ടോയ്ലറ്റിന്റെ പ്രവർത്തനം.

Advertisement
Advertisement