അവയവ കച്ചവടത്തിന് 'വ്യാജ ബന്ധുക്കൾ'; കടക്കെണി ട്രാപ്പാക്കി മാഫിയ

Sunday 26 May 2024 12:52 AM IST

ഒളിഞ്ഞും തെളിഞ്ഞും റോന്തു ചുറ്റുകയാണ് അവയവ മാഫിയ. തൃശൂർ മുല്ലശ്ശേരി പഞ്ചായത്തിൽ മാത്രം മുപ്പതോളം പേർ അവയവ കച്ചവടം നടത്തിയെന്നാണ് വിവരം. ദാരിദ്ര്യം മുതലെടുക്കുന്ന മാഫിയയെയും അതിനിടയാക്കുന്ന സാഹചര്യത്തെയും പറ്റി പരമ്പര 'കത്തി മിനുക്കി അവയവ മാഫിയ' ഇന്നു മുതൽ.

തെക്കൻ കേരളത്തിൽ നിന്ന് എറണാകുളത്ത് താമസമാക്കിയ കുടുംബം വൃക്കരോഗിയും കൗമാരക്കാരിയുമായ മകളുടെ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം ആവശ്യപ്പെട്ട് തൃശൂരിലെ സംഘടനയെ സമീപിച്ചു. ബന്ധുവായ യുവാവ് വൃക്ക നൽകുമെന്നാണ് പറഞ്ഞിരുന്നത്. ശസ്ത്രക്രിയാ ചെലവിനുള്ള തുക വേണം. കൗമാരക്കാരിയെ രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ കുറച്ചു തുക നൽകി. മറ്റ് ചിലരിലൂടെയും പണം സമാഹരിക്കാൻ കുടുംബം ശ്രമിച്ചിരുന്നു. ബന്ധുവായ വൃക്കദാതാവിനെ കുടുംബത്തോടൊപ്പം താമസിപ്പിക്കുന്നതാണ് നല്ലതെന്ന് സംഘടന നിർദ്ദേശിച്ചു.

വിശ്വസ്തനാണെന്നും ചതിക്കില്ലെന്നും കുടുംബം ആവർത്തിച്ചു. എന്നാൽ ശസ്ത്രക്രിയയുടെ തലേന്ന് യുവാവ് അപ്രത്യക്ഷനായി. വൃക്ക നൽകുന്ന വിവരം പുറത്തായതോടെ ഏജന്റുമാർ സമീപിച്ച് വൻതുക വാഗ്ദാനം ചെയ്തിരിക്കാമെന്നാണ് വിവരം. യുവാവ് കുടുംബത്തിന്റെ ബന്ധുവായിരുന്നില്ല. ഇക്കാര്യം പുറത്തറിഞ്ഞാൽ കുടുങ്ങുമെന്ന് ഭയന്നാകാം വിവരം മറച്ചുവച്ചത്. അവയവം നൽകാൻ തയ്യാറുള്ളവരെ റാഞ്ചാൻ സ്ത്രീകൾ ഉൾപ്പെടെ ഏജന്റുമാർ പ്രവർത്തിക്കുന്നുണ്ടെന്നാണ് പാവറട്ടി മുല്ലശ്ശേരിയിലെ അവയവക്കച്ചവടം തെളിയിക്കുന്നത്.

മുല്ലശ്ശേരി പഞ്ചായത്ത് മുൻ പ്രസിഡന്റും ജീവകാരുണ്യ സമിതി പ്രസിഡന്റുമായ സി.എ.ബാബു മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകിയിട്ടും ദുരൂഹതകളുടെ ചുരുളഴിക്കാൻ പൊലീസിനായില്ല. നെടുമ്പാശ്ശേരി എയർപോർട്ടിൽ അവയവക്കച്ചവടത്തിലെ കണ്ണിയായ എടമുട്ടം സ്വദേശി സാബിത്ത് നാസർ പിടിയിലായതോടെയാണ് മുല്ലശ്ശേരിയിലെ അവയവക്കച്ചവട വിവരങ്ങൾ പുറത്തുവന്നത്. അഞ്ച് മാസം മുമ്പാണ് ഇതുസംബന്ധിച്ച് പരാതി നൽകിയതെങ്കിലും രണ്ട് പതിറ്റാണ്ട് മുമ്പേ കച്ചവടം ചെറിയ രീതിയിൽ തുടങ്ങിയിരുന്നത്രേ.

ഇരകളായത് പാവപ്പെട്ടവർ

കൂലിപ്പണിക്കാരായ പാവപ്പെട്ടവരാണ് മാഫിയയുടെ വലയിൽ കുരുങ്ങിയത്. അവയവ കച്ചവടത്തിനുള്ള രേഖകളെല്ലാം ഏജന്റുമാർ വ്യാജമായി ഉണ്ടാക്കും. ആശുപത്രിയിൽ രോഗികളുടെ 'വ്യാജബന്ധുക്കളെയും' ഹാജരാക്കും. ചില സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രികൾ ഇതിന് നേരെ കണ്ണടച്ച് ശസ്ത്രക്രിയയ്ക്ക് കൂടുതൽ തുക ഈടാക്കും. അവയവത്തിന് 15 മുതൽ 20 ലക്ഷം വരെ വാഗ്ദാനമുണ്ടാകാം. 3 മുതൽ 10 ലക്ഷം വരെ കിട്ടിയവരുണ്ട്. മുഴുവൻ കിട്ടാതെ പറ്റിക്കപ്പെട്ടവരുമുണ്ട്.

നിയമം നോക്കുകുത്തി

അടുത്ത ബന്ധുക്കൾക്ക് അടിയന്തര സാഹചര്യത്തിലല്ലാതെ അവയവ കൈമാറ്റം നടത്തുന്നത് ലോകാരോഗ്യ സംഘടന വിലക്കുന്നുണ്ട്. ബന്ധുക്കൾക്കാണ് നൽകുന്നതെങ്കിലും ദാതാവിന്റെ ആരോഗ്യത്തെ ഒരു തരത്തിലും ബാധിക്കരുതെന്നുണ്ട്. മരണ ശേഷമോ, മസ്തിഷ്‌ക മരണത്തെ തുടർന്നോ ബന്ധുക്കളുടെ സമ്മതത്തോടെയോ കൈമാറ്റമാകാം.

(തുടരും)

Advertisement
Advertisement