അന്വേഷണ ഏജൻസി ചമഞ്ഞ് സൈബർ തട്ടിപ്പ്; ഹാക്കർമാരും സജീവം

Sunday 26 May 2024 12:56 AM IST

തൃശൂർ: അന്വേഷണ ഏജൻസികളെന്ന വ്യാജേന സൈബർ തട്ടിപ്പ് വർദ്ധിക്കുന്നു. അന്തിക്കാട് സ്വദേശിയായ പ്രവാസി വ്യവസായിയെ സി.ബി.ഐ ചമഞ്ഞാണ് 1.10 കോടി ഈയിടെ തട്ടിയത്. 19 ദിവസത്തിൽ ഒരു തവണ പോലും സംശയം തോന്നാത്ത വിധത്തിലായിരുന്നു തട്ടിപ്പുകാരുടെ പെരുമാറ്റം. പണം നഷ്ടപ്പെട്ടപ്പോഴാണ് തിരിച്ചറിഞ്ഞത്.

പൊലീസ്, സി.ബി.ഐ, എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് ഭീഷണിപ്പെടുത്തുന്നത്. വിശ്വസിപ്പിക്കാൻ വയർലെസ് സന്ദേശം കേൾപ്പിക്കും. ഓരോ തവണയും സൈബർ തട്ടിപ്പുകാരുടെ രീതികൾ മാറും. സ്ഥിരമായ രീതി പിന്തുടർന്നാൽ പിടിക്കപ്പെടുമെന്ന ഭയം അവർക്കുണ്ട്.
ഓൺലൈൻ തട്ടിപ്പിലൂടെ മലയാളികൾക്ക് കഴിഞ്ഞവർഷം നഷ്ടപ്പെട്ടത് 200 കോടിയാണ്. ഇതിൽ 40 കോടിയേ തിരിച്ചുപിടിക്കാനായുള്ളൂ. തട്ടിപ്പ് നടന്ന് ഒരു മണിക്കൂറിനുള്ളിൽ പൊലീസിൽ റിപ്പോർട്ട് ചെയ്താൽ അക്കൗണ്ട് മരവിപ്പിച്ച് കൂടുതൽ തുക നഷ്ടപ്പെടുന്നത് തടയാം. പലരുമിത് ചെയ്യാറില്ല. ഇക്കൊല്ലം ഏപ്രിൽ വരെ ഓൺലൈൻ തട്ടിപ്പിൽ 60 കോടി നഷ്ടപ്പെട്ടതിൽ 17 കോടി മരവിപ്പിക്കാനായത് ഒരു മണിക്കൂറിനുള്ളിൽ വിവരമറിയിച്ചതിനാലാണ്.

ഹാക്കർമാരും സജീവം

ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയവയിൽ സജീവമായവരുടെ പേജുകൾ ഹാക്ക് ചെയ്ത് പണം തട്ടുന്നവർ കേരളത്തെ ലക്ഷ്യം വയ്ക്കുന്നതായി സൂചന. ഇവയുടെ മാതൃകമ്പനിയായ മെറ്റയുടേതിന് സമാനമായ കൃത്രിമ വെബ്‌സൈറ്റുണ്ടാക്കിയാണ് തട്ടിപ്പ്. കോപ്പിറൈറ്റ് നിയമലംഘനം ഉൾപ്പെടെ ചൂണ്ടിക്കാട്ടി സന്ദേശമയക്കും. വിവരങ്ങൾ നൽകുന്നതോടെ യൂസർനെയിം, പാസ് വേഡ് എന്നിവ നേടും. തട്ടിയെടുക്കുന്ന സോഷ്യൽമീഡിയ ഹാൻഡിലും അക്കൗണ്ടും തിരികെകിട്ടാൻ വൻതുക ആവശ്യപ്പെടും. തൃശൂർ സിറ്റി പൊലീസിന്റെ സൈബർ പട്രോളിംഗിൽ നിരവധി വ്യാജ അക്കൗണ്ടുകൾ കണ്ടെത്തിയിരുന്നു.

പൊലീസുണ്ട് വിളിപ്പുറത്ത്

ആരെങ്കിലും ഭീഷണിപ്പെടുത്തിയാൽ മന:സാന്നിദ്ധ്യത്തോടെ പ്രതികരിക്കണം. പൊലീസിൽ വിവരമറിയിക്കണം. കുടുംബാംഗങ്ങളോടും കൂട്ടുകാരോടും തുറന്നുപറയണം. സംസ്ഥാനത്തെ ഏത് പൊലീസ് സ്റ്റേഷനിലേക്കും വിളിക്കാം. 24 മണിക്കൂറും പ്രവർത്തിക്കുന്ന സൈബർ ക്രൈം പൊലീസ് സ്റ്റേഷനുകൾ ജില്ലാ ആസ്ഥാനങ്ങളിലുണ്ട്. ഹെൽപ്പ് ലൈൻ നമ്പർ: 1930.

Advertisement
Advertisement