ബംഗാളിൽ വോട്ട് ആവേശവും അക്രമവും: രണ്ട് മരണം

Sunday 26 May 2024 1:22 AM IST

ന്യൂഡൽഹി : ആറാംഘട്ട വോട്ടെടുപ്പിൽ കനത്ത പോളിംഗ് നടന്ന ബംഗാളിലെ എട്ടു മണ്ഡലങ്ങളിൽ വ്യാപകമായി അക്രമങ്ങൾ. ഈസ്റ്റ് മിഡ്നാപൂരിൽ തൃണമൂൽ പ്രാദേശിക നേതാവ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ജാർഗ്രാം മണ്ഡലത്തിൽ പരിക്കേറ്റ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇവിടത്തെ ബി.ജെ.പി സ്ഥാനാർത്ഥി പ്രണത് ടുഡുവിനെ ജനക്കൂട്ടം കല്ലെറിഞ്ഞ് ഓടിച്ചു. സുരക്ഷാ ഉദ്യോഗസ്ഥർ ഷീൽഡുകൾ കൊണ്ട് കവചമൊരുക്കിയാണ് രക്ഷിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചു. മാദ്ധ്യമപ്രവർത്തകരെയും വാഹനങ്ങളെയും ആക്രമിച്ചു.

പല മണ്ഡലങ്ങളിലും ബി.ജെ.പി - തൃണമൂൽ പ്രവർത്തകർ ഏറ്റുമുട്ടി.

തൃണമൂലാണ് അക്രമങ്ങൾക്ക് പിന്നിലെന്നും, മുഖ്യമന്ത്രി മമത ബാനർജി ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണെന്നും ബി.ജെ.പി നേതാവ് അമിത് മാളവ്യ പ്രതികരിച്ചു. മികച്ച വോട്ടിംഗ് തൃണമൂലിനെ തൂത്തെറിയാനാണെന്നും പറഞ്ഞു.
വോട്ട് ചെയ്യാൻ നിന്ന സ്ത്രീയെ ടുഡുവിന്റെ സുരക്ഷാ ഉദ്യോഗസ്ഥൻ ആക്രമിച്ചതാണ് ഗ്രാമീണരെ പ്രകോപിപ്പിച്ചതെന്ന് തൃണമൂൽ വിശദീകരിച്ചു. വോട്ടിംഗ് യന്ത്രത്തിലെ തകരാർ, ബൂത്ത് ഏജന്റിനെ തടഞ്ഞു തുടങ്ങി ആയിരത്തിൽപ്പരം പരാതികളാണ് ബംഗാളിൽ തിരഞ്ഞെടുപ്പ് കമ്മിഷന് ലഭിച്ചത്.

വോട്ടുകണക്ക്

ഡൽഹിയിലെ ഏഴ് മണ്ഡലങ്ങളിൽ ശരാശരി 54.48% പോളിംഗ് നടന്നു. അന്തിമകണക്കിൽ മാറ്റമുണ്ടാകാം. വോട്ടെടുപ്പ് വൈകിപ്പിക്കാൻ നീക്കമുണ്ടായെന്ന് ഡൽഹി വിദ്യാഭ്യാസ മന്ത്രി അതിഷി ആരോപിച്ചുഒഡിഷയിലെ 42 നിയമസഭാ മണ്ഡലങ്ങളിലും ഇന്നലെ വോട്ടെടുപ്പ് നടന്നു.

ബീഹാർ (8 സീറ്റ് ) - 53.30%

ഹരിയാന (10 ) - 58.37%

ജാർഖണ്ഡ് (4 ) - 62.74%

ഒഡിഷ (6 ) - 60.07%

ഉത്തർപ്രദേശ് (14) - 54.03%

 പ്രതിഷേധിച്ച് മെഹ്ബൂബ മുഫ്‌തി

വോട്ടെടുപ്പിനിടെ അനന്ത്നാഗ് രജൗരി മണ്ഡലത്തിലെ പി.ഡി.പി സ്ഥാനാർത്ഥിയും ജമ്മുകാശ്‌മീ‌ർ മുൻ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്‌തിയുടെ പ്രതിഷേധം. പി.ഡി.പി പ്രവർത്തകരെ പൊലീസ് അന്യായമായി കസ്റ്റഡിയിലെടുത്തെന്ന് ആരോപിച്ച് അവർ ബിജ്ബെഹേര പൊലീസ് സ്റ്രേഷന് മുന്നിൽ കുത്തിയിരുന്നു. തന്റെ ഫോണിലെ ഔട്ട് ഗോയിംഗ് കോളുകൾ ബ്ലോക്ക് ചെയ്‌തെന്നും പരാതിപ്പെട്ടു. മുൻകരുതൽ കസ്റ്റഡിയാണെന്ന് പൊലീസ് വിശദീകരിച്ചു.

Advertisement
Advertisement