കൊൽക്കത്തയിൽ 144 : കടുത്ത നിലപാടിൽ ബംഗാൾ ഗവർണർ

Sunday 26 May 2024 1:36 AM IST

ന്യൂ‌ഡൽഹി: കൊൽക്കത്തയിലെ ബൗബസാർ, ഹരേ സ്ട്രീറ്റ്, ഹെഡ്ക്വാർട്ടേഴ്സ് ട്രാഫിക് ഗാർഡ് മേഖലകളിൽ 144(നിരോധനാജ്ഞ) പ്രഖ്യാപിച്ച പൊലീസ് നടപടിയിൽ കടുത്ത നിലപാടുമായി ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ്. കൊൽക്കത്ത പൊലീസിന്റെ ഉത്തരവ് മന്ത്രിസഭ പരിശോധിക്കണമെന്ന് നിർദ്ദേശം നൽകി. മേയ് 28 മുതൽ ജൂലായ് 26 വരെയാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുന്നത്. അക്രമാസക്തമായ പ്രതിഷേധങ്ങളുണ്ടാകുമെന്ന വിവരത്തെ തുടർന്നാണെന്നാണ് ന്യായീകരണം. മേയ് 22ലെ ഉത്തരവ് പ്രഥമദൃഷ്ട്യാ നിയമവിരുദ്ധമാണെന്ന് ഗവർണർ ചൂണ്ടിക്കാട്ടി. ഓരോ രണ്ട് മാസത്തിലും പുതുക്കുന്ന പതിവ് ഉത്തരവാണെന്ന വിശദീകരണം തൃപ്തികരമല്ല. അനാവശ്യമായി 144 ചുമത്തുന്ന ഉത്തരവ് പൗരസ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ്. അധികാരികളുടെ ഇഷ്‌ടാനുസരണം അത്തരം ഉത്തരവുകൾ പുറപ്പെടുവിക്കാൻ കഴിയില്ല എന്നത് രാജ്യത്തെ പൊതുനിയമമാണ്. അതിനാൽ, പ്രസക്തമായ എല്ലാ കാര്യങ്ങളും പരിഗണിച്ച് വസ്തുനിഷ്ഠമായ ഒരു തീരുമാനത്തിൽ മന്ത്രിസഭ എത്തണമെന്ന താത്പര്യമാണ് ഗവർണർ പ്രകടിപ്പിച്ചത്.

Advertisement
Advertisement