ഛത്തീസ്ഗഢിൽ മാവോയിസ്റ്റിനെ വധിച്ചു, 33 പേർ കീഴടങ്ങി

Sunday 26 May 2024 2:34 AM IST

റായ്‌പൂർ: ഛത്തീസ്ഗഢിലെ സു‌ക്മ ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ മാവോയിസ്റ്റിനെ വധിച്ചു. ബെൽപോച്ച ഗ്രാമത്തിലാണ് ഏറ്റുമുട്ടൽ നടന്നത്. പ്രദേശത്ത് നിന്ന് ആയുധം കണ്ടെടുത്തു. മാവോയിസ്റ്ര് വിരുദ്ധ ഓപ്പറേഷൻ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം ബിജാപൂർ മേഖലയിൽ ഏഴ് മാവോയിസ്റ്റുകളെ വധിച്ചിരുന്നു. അതിനിടെ

ബിജാപൂരിൽ 33 മാവോയിസ്റ്റുകൾ സുരക്ഷാസേനക്കു മുന്നിൽ കീഴടങ്ങി. പൊലീസും സി.ആർ.പി.എഫ് ഉദ്യോഗസ്ഥരുമടങ്ങിയ സംഘത്തിനു മുന്നിലാണ് മാവോയിസ്റ്റുകൾ കീഴടങ്ങിയത്. തലയ്ക്ക് പാരിതോഷികം പ്രഖ്യാപിച്ചിരുന്ന മൂന്ന് പേർ ഉൾപ്പെടെയാണ് കീഴടങ്ങിയതെന്ന് പൊലീസ് പറഞ്ഞു.

'പൊള്ളയായ' ആശയത്തിലും അമിതമായ അക്രമങ്ങളിലും മുതിർന്ന കമാൻഡർമാരുടെ അതിക്രമങ്ങളിലും നിരാശ പ്രകടിപ്പിച്ചാണ് കീഴടങ്ങലെന്ന്
ബിജാപൂർ എസ്.പി ജിതേന്ദ്ര യാദവ് പറഞ്ഞു.

കീഴടങ്ങിയവരിൽ പലരും നേരത്തെ മാവോയിസ്റ്റ് സംഘങ്ങളിൽ സജീവമായി പ്രവർത്തിച്ചിരുന്നവരാണ്. പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമിയിൽ അംഗങ്ങളായിരുന്ന രാജു ഹെംല, സമോ കർമ എന്നിവരെക്കുറിച്ച് വിവരം നൽകുന്നവർക്ക് രണ്ട് ലക്ഷം രൂപ വീതവും, റവല്യൂഷനറി പാർട്ടി കമ്മിറ്റി തലവനായിരുന്ന സുദ്രു പുനത്തെ കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷവും പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

മുഴുവൻ പേരെയും പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റുമെന്ന് പൊലീസ് അറിയിച്ചു. ഈ വർഷം ഇതുവരെ 109 മാവോയിസ്റ്റുകൾ കീഴടങ്ങി. 189 പേരെ അറസ്റ്റു ചെയ്തു.

Advertisement
Advertisement