ആശുപത്രിയിൽ വൻ തീപിടിത്തം: ഏഴ് നവജാതശിശുക്കൾ വെന്തുമരിച്ചു, ആറുപേർ ചികിത്സയിൽ

Sunday 26 May 2024 7:50 AM IST

ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിലെ വിവേക് ​​വിഹാർ ഏരിയയിൽ കുട്ടികളുടെ ആശുപത്രിയിൽ ഇന്നലെ രാത്രിയുണ്ടായ വൻ തീപിടിത്തത്തിൽ ഏഴ് നവജാതശിശുക്കൾ വെന്തുമരിച്ചു. ആറ് പേരെ രക്ഷപ്പെടുത്തി സമീപത്തെ മറ്റൊരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ ആറുപേരും വെന്റിലേറ്ററിലാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ശനിയാഴ്ച രാത്രി 11.30 ഓടെയാണ് ന്യൂ ബോൺ ബേബി കെയർ ഹോസ്പിറ്റലിലും അതിനോട് ചേർന്നുള്ള കെട്ടിടത്തിലും തീപിടിത്തം ഉണ്ടായത്. ഇന്ന് പുലർച്ചെയാേടെയാണ് തീ പൂർണമായും അണയ്ക്കാനായതെന്നാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്.


സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. രണ്ട് കെട്ടിടങ്ങളെയാണ് തീപിടുത്തം ബാധിച്ചതെന്ന് ഫയർ ഓഫീസർ രാജേഷ് എഎൻഐ വാർത്താ ഏജൻസിയോട് പറഞ്ഞു.

അതേസമയം, ഗുജറാത്തിലെ രാജ്കോട്ടിൽ ഗെയിമിംഗ് സെന്ററിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 27 ആയെന്ന് റിപ്പോർട്ട്. ഇതിൽ 12 കുട്ടികളും ഉൾപ്പെടും. നിരവധി പേർക്ക് പരിക്കേറ്റു. 15 കുട്ടികളെ രക്ഷപ്പെടുത്തി. ഒട്ടേറെപ്പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം ലഭിച്ചിട്ടില്ല. ഇവിടെ പരിശോധന നടക്കുകയാണ്. രാജ്കോട്ടിലെ ടി.ആർ.പി ഗെയിം സോണിൽ ഇന്നലെ വൈകിട്ടാണ് തീപിടിത്തമുണ്ടായത്. അപകടസമയം 60 പേരിലധികം ഗെയിമിംഗ് സോണിലുണ്ടായിരുന്നെന്നാണ് നിഗമനം.

മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് നാലുലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും അടിയന്തര സഹായം നൽകുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ പ്രഖ്യാപിച്ചു.അവധിക്കാലമായതിനാൽ സെന്ററിൽ ഒട്ടേറെ കുട്ടികൾ എത്തിയിരുന്നു.എ. സി പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്നാണ് സൂചന.സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൂന്നുപേരെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്.

യുവരാജ് സിംഗ് സോളങ്ക എന്നയാളുടെ പേരിലുള്ളതാണ് ഗെയിമിംഗ് സോൺ. ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്ന് വരികയാണെന്നും പൊലീസ് അറിയിച്ചു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു.മൃതദേഹങ്ങൾ തിരിച്ചറിയാനാകാത്തവിധം കത്തിക്കരിഞ്ഞതിനാൽ ഡി.എൻ.എ പരിശോധന വേണ്ടി വന്നേക്കും. സെന്ററിന് എൻ.ഒ.സി ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.

താത്കാലികമായി നിർമ്മിച്ച ഗെയിമിംഗ് സോൺ പൂർണമായും മരം കൊണ്ടാണ് നിർമിച്ചത്. അതുകൊണ്ട് തീ വേഗത്തിൽ പടർന്നു. സംഭവസമയത്ത് ശക്തമായ കാറ്റ് വീശിയതും കെട്ടിടം പൂർണമായി നിലംപൊത്തിയതും രക്ഷാപ്രവർത്തനത്തിന് തടസമുണ്ടാക്കിയതായി ദൗത്യസംഘം പറഞ്ഞു.

ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു. മരിച്ചവരുടെ ബന്ധുക്കളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും പരിക്കേറ്റവർക്കായി പ്രാർത്ഥിക്കുന്നുവെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

Advertisement
Advertisement