ക്യാൻസർ ചികിത്സ: കേറ്റ് മിഡിൽടൺ ഈ വർഷം പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടേക്കില്ല
ലണ്ടൻ: ക്യാൻസർ ചികിത്സയിൽ കഴിയുന്ന ബ്രിട്ടണിലെ ചാൾസ് മൂന്നാമൻ രാജാവിന്റെ മരുമകളും വെയ്‌ൽസിലെ രാജകുമാരിയുമായ കേറ്റ് മിഡിൽടൺ ( കാതറിൻ ) ഈ വർഷം മുഴുവൻ പൊതുപരിപാടികളിൽ നിന്ന് വിട്ടുനിൽക്കുമെന്ന് സൂചന.
രാജകുടുംബവുമായി ബന്ധമുള്ള ചിലരാണ് ഇക്കാര്യം സൂചിപ്പിച്ചത്. മാർച്ച് അവസാനമാണ് ക്യാൻസർ സ്ഥിരീകരിച്ച വിവരം കേറ്റ് വെളിപ്പെടുത്തിയത്. ഫെബ്രുവരി അവസാനം മുതൽ കീമോതെറാപ്പി ചികിത്സ ആരംഭിച്ചെന്നും താൻ ആരോഗ്യത്തോടെ മടങ്ങിയെത്തുമെന്നും കേറ്റ് വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കിയിരുന്നു. ഇതിന് ശേഷം കേറ്റ് പൊതുജനങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല.
ചാൾസിന്റെ മൂത്തമകനും അടുത്ത കിരീടാവകാശിയുമായ വില്യം രാജകുമാരന്റെ പത്നിയാണ് 42കാരിയായ കേറ്റ്. കേറ്റിന് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ വില്യമും പൊതുപരിപാടികളിൽ നിന്ന് പരമാവധി വിട്ടുനിൽക്കുകയാണ്. കേറ്റിന്റെ നില തൃപ്തികരമാണെന്ന് വില്യം അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.
ജനുവരിയിൽ ഉദര ശസ്ത്രക്രിയയ്ക്ക് വിധേയമായ ശേഷമാണ് കേറ്റിന് ക്യാൻസർ തിരിച്ചറിഞ്ഞത്. ശസ്ത്രക്രിയ എന്തിനായിരുന്നെന്നോ എന്ത് തരം ക്യാൻസറാണ് കേറ്റിനെ പിടികൂടിയതെന്നോ വെളിപ്പെടുത്തിയിട്ടില്ല. ചികിത്സ പൂർത്തിയാകും വരെ ഔദ്യോഗിക പരിപാടികളിൽ നിന്ന് വിട്ടുനിൽക്കാനാണ് കേറ്റിന്റെ തീരുമാനം. ജോർജ്, ഷാർലറ്റ്, ലൂയി എന്നിവരാണ് കേറ്റ് - വില്യം ദമ്പതികളുടെ മക്കൾ.
അതേ സമയം, ചാൾസിനും ഫെബ്രുവരിയിൽ ക്യാൻസർ സ്ഥിരീകരിച്ചിരുന്നു. ചികിത്സയിൽ പുരോഗതിയുള്ളതിനാൽ അദ്ദേഹം അടുത്തിടെ ഔദ്യോഗിക ചുമതലകളിലേക്ക് മടങ്ങിയെത്തിയിരുന്നു.