അൺ സെർട്ടെൻ റിഗാർഡ് വിഭാഗം: കാനിൽ ഇന്ത്യൻ ചരിത്രം, അനസൂയ മികച്ച നടി

Sunday 26 May 2024 8:05 AM IST

പാരീസ്: : കാൻ ഫിലിം ഫെസ്റ്റിവലിൽ ചരിത്രംകുറിച്ച് ഇന്ത്യൻ നടി അനസൂയ സെൻഗുപ്ത. 77ാം കാൻ ഫെസ്റ്റിവലിലെ അൺ സെർട്ടെൻ റിഗാർഡ് വിഭാഗത്തിലെ മികച്ച നടിക്കുള്ള പുരസ്കാരം അനസൂയക്കാണ്. ബൾഗേറിയൻ സംവിധായകൻ കോൺസ്റ്റന്റിൻ ബോഷനോവ് ഒരുക്കിയ ' ദ ഷെയിംലെസ് ' എന്ന ഹിന്ദി ചിത്രത്തിലെ അഭിനയത്തിനാണ് അംഗീകാരം. ആദ്യമായാണ് ഒരു ഇന്ത്യൻ നടി ഈ നേട്ടം സ്വന്തമാക്കുന്നത്.

രേണുക എന്ന ലൈംഗികത്തൊഴിലാളിയുടെ വേഷമാണ് അനസൂയ അവിസ്മരണീയമാക്കിയത്. ഡൽഹിയിലെ ഒരു വേശ്യാലയത്തിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥനെ കുത്തിയ ശേഷം രക്ഷപെടുകയും പിന്നീട് 17കാരിയായ ദേവിക എന്ന ലൈംഗികത്തൊഴിലാളിയുമായി പ്രണയത്തിലാവുകയും ചെയ്യുന്നതാണ് പ്രമേയം.

ഇന്ത്യയിലും നേപ്പാളിലെ കാഠ്‌മണ്ഡുവിലുമായിരുന്നു സിനിമയുടെ ചിത്രീകരണം.

2009ൽ മാഡ്‌ലി ബംഗാളി എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ അനസൂയ പ്രൊഡക്‌ഷൻ ഡിസൈനർ കൂടിയാണ്. കൊൽക്കത്ത സ്വദേശിയാണ്.

ചൈനീസ് ചിത്രമായ 'ബ്ലാക്ക് ഡോഗ് ' ആണ് അൺ സെർട്ടെൻ റിഗാർഡ് വിഭാഗത്തിലെ മികച്ച ചിത്രം. റോബർട്ടോ മിനർവിനി (ദ ഡാംഡ്), റുൻഗാനോ ന്യോനി (ഓൺ ബികമിംഗ് എ ഗിനി ഫോൾ) എന്നിവർ മികച്ച സംവിധായകരായി. അബു സാൻഗാരെ ( ദ സ്റ്റോറി ഒഫ് സുലൈമാൻ) ആണ് മികച്ച നടൻ.

Advertisement
Advertisement