പാപ്പുവ ന്യൂഗിനിയിലെ മണ്ണിടിച്ചിൽ: 300 പേർ മണ്ണിനടിയിലെന്ന് റിപ്പോർട്ട്

Sunday 26 May 2024 8:05 AM IST

പോർട്ട് മോർസ്ബി: പസഫിക് ദ്വീപ് രാജ്യമായ പാപ്പുവ ന്യൂഗിനിയിൽ കഴിഞ്ഞ ദിവസമുണ്ടായ അതിശക്തമായ മണ്ണിടിച്ചിലിൽ അകപ്പെട്ട നാല് പേരുടെ മൃതദേഹം കണ്ടെത്തിയെന്ന് സ്ഥിരീകരിച്ച് സർക്കാർ വൃത്തങ്ങൾ. 300 പേർ മണ്ണിനടിയിലാണെന്നും ഇവരെ ജീവനോടെ പുറത്തെടുക്കാമെന്നുള്ള പ്രതീക്ഷ അസ്തമിച്ചെന്നും അധികൃതർ വ്യക്തമാക്കി.

പ്രാദേശിക സമയം വെള്ളിയാഴ്ച പുലർച്ചെ മൂന്നിനാണ് വടക്കൻ പാപ്പുവ ന്യൂഗിനിയിലെ എൻഗ പ്രവിശ്യയിലെ കാവോകലം എന്ന ഗ്രാമത്തിൽ മണ്ണിടിച്ചിൽ ഉണ്ടായത്. ഗ്രാമം പൂർണമായും മണ്ണിനടിയിലായി. പുലർച്ചെ ഗ്രാമീണർ അവരുടെ ചെറുവീടുകളിൽ ഉറങ്ങവെയായിരുന്നു അപകടം. അതിനാൽ ഭൂരിഭാഗം പേർക്കും പുറത്തേക്ക് ഓടി രക്ഷപെടാൻ കഴിഞ്ഞില്ല.

ഏകദേശം 50ഓളം വീടുകൾ മണ്ണിനടിയിലായി. നൂറോളം പേർ മരിച്ചെന്നും മൃതദേഹങ്ങൾ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണെന്നും ഓസ്ട്രേലിയൻ മാദ്ധ്യമങ്ങളും രക്ഷാപ്രവർത്തകരും അറിയിച്ചിരുന്നു. തലസ്ഥാനമായ പോർട്ട് മോർസ്ബിയിൽ നിന്ന് 600 കിലോമീറ്റർ അകലെയാണ് എൻഗ പ്രവിശ്യ. രാജ്യത്തെ പ്രതിരോധ സേന അടക്കം രക്ഷാദൗത്യത്തിന് രംഗത്തുണ്ട്. ഗ്രാമത്തിലേക്കുള്ള റോഡുകൾ തകർന്നതും മോശം കാലവസ്ഥയും രക്ഷാപ്രവർത്തനത്തിന് തടസം സൃഷ്ടിക്കുന്നു.

Advertisement
Advertisement