ആണവ സഹകരണം കൂട്ടാൻ ഇന്ത്യയും റഷ്യയും

Sunday 26 May 2024 7:59 AM IST

മോസ്കോ: ആണവ മേഖലയിലെ സഹകരണം കൂടുതൽ ശക്തമാക്കാൻ ഇന്ത്യയും റഷ്യയും. ഇന്ത്യയിൽ കൂടുതൽ ഇടങ്ങളിൽ ഉയർന്ന ശേഷിയുള്ള ആണവോർജ്ജ യൂണിറ്റുകൾ നിർമ്മിക്കാൻ സഹകരിക്കാമെന്ന് റഷ്യയുടെ റൊസാറ്റം സ്റ്റേറ്റ് അറ്റോമിക്ക് എനർജി കോർപ്പറേഷൻ അറിയിച്ചു.

ഇന്ത്യൻ അറ്റോമിക് എനർജി കമ്മിഷൻ ചെയർമാൻ അജിത്കുമാർ മൊഹന്തി റൊസാറ്റം ഡയറക്ടർ ജനറൽ അലക്സി ലിഖചേവുമായി റഷ്യയിലെ സെവർസ്‌കിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് പ്രഖ്യാപനം.

സമാധാനപരമായ ആവശ്യങ്ങൾക്കായി ആണവോർജം ഉപയോഗിക്കുന്ന ഇന്ത്യയുമായുള്ള സഹകരണം ഗൗരവമായി വിപുലീകരിക്കാൻ തങ്ങൾ തയ്യാറാണെന്ന് ലിഖചേവ് പറഞ്ഞു.

ഫ്ലോട്ടിംഗ് പവർ പദ്ധതികളിലും ആണവ ഇന്ധനം, ന്യൂക്ലിയർ ടെക്നോളജി മേഖലകളിലും സഹകരിക്കാൻ അദ്ദേഹം താത്പര്യം പ്രകടിപ്പിച്ചു.

കൂടംകുളം മാതൃക

ഇന്ത്യയിലെ ഏ​റ്റവും വലിയ ആണവ നിലയമായ തമിഴ്നാട്ടിലെ കൂടംകുളം റഷ്യയുടെ സഹകരണത്തോടെയുള്ളതാണ്. 100 മെഗാവാട്ട് വീതമുള്ള ആറ് ലൈറ്റ് - വാട്ടർ റിയാക്ടറുകൾ അടങ്ങുന്നതാണ് കൂടംകുളം പദ്ധതി. ഇതിൽ രണ്ടെണ്ണം പ്രവർത്തനം ആരംഭിച്ചിരുന്നു. രണ്ട് റിയാക്ടറുകളുടെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. പദ്ധതിയുടെ അഞ്ചാമത്തെയും ആറാമത്തെയും റിയാക്ടറുകളുടെ നിർമാണം സംബന്ധിച്ച കരാറുകളിൽ ഇരുരാജ്യങ്ങളും കഴിഞ്ഞ ഡിസംബറിൽ ഒപ്പിട്ടിരുന്നു.

24 റിയാക്ടറുകൾ

 ഇന്ത്യയിൽ പ്രവർത്തിക്കുന്ന ആണവ റിയാക്ടറുകൾ - 24

 രാജ്യത്ത് വൈദ്യുതി ഉത്പാദനത്തിന്റെ അഞ്ചാമത്തെ വലിയ സ്രോതസ്

 

Advertisement
Advertisement