'സർപ്രൈസ് ഉടനുണ്ട്'; മുന്നറിയിപ്പുമായി ഹെസ്‌ബുള്ള; യുദ്ധത്തിൽ നേട്ടമൊന്നും കൈവരിക്കാനായില്ലെന്ന് തുറന്നുസമ്മതിച്ച് ഇസ്രയേൽ

Sunday 26 May 2024 10:59 AM IST

ടെഹ്‌റാൻ: ഗാസ യുദ്ധം എട്ടാം മാസത്തിലേയ്ക്ക് കടന്നിരിക്കെ ഇസ്രയേലിനെതിരെ അപ്രതീക്ഷിത ആക്രമണം നടത്താനുള്ള നീക്കവുമായി ഇറാൻ പിന്തുണയുള്ള ഹെസ്‌ബുള്ള. 'സർപ്രൈസുകൾക്കായി' തയ്യാറായിരിക്കാൻ ഹെസ്‌ബുള്ള ജനറൽ സെക്രട്ടറി ഹസൻ നസ്‌റള്ള ഇസ്രയേലിനോട് ടെലിവിഷൻ സന്ദേശത്തിലൂടെ പറഞ്ഞു.

തങ്ങളുടെ ചെറുത്തുനിൽപ്പിൽ നിന്ന് പുതിയ സർപ്രൈസുകൾ പ്രതീക്ഷിക്കണമെന്ന് ചെറുത്തുനിൽപ്പിന്റെയും വിമോചന ദിനത്തിന്റെയും 24ാം വാർഷികം ആഘോഷിക്കുന്ന ഹെസ്‌ബുള്ള വ്യക്തമാക്കി. ഹമാസ്- ഇസ്രയേൽ യുദ്ധത്തിൽ പാലസ്‌തീന് പിന്തുണയുമായി യുദ്ധമുഖത്തുള്ള തീവ്രവാദ സംഘടനയാണ് ഹെസ്‌ബുള്ള.

കഴിഞ്ഞ ഒക്‌ടോബറിൽ ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് ഇസ്രയേൽ- ഹമാസ് യുദ്ധം ആരംഭിച്ചത്. എന്നാൽ ഗാസ യുദ്ധത്തിൽ ഇസ്രയേലിന് തങ്ങളുടെ ലക്ഷ്യങ്ങളൊന്നും കൈവരിക്കാൻ സാധിച്ചില്ലെന്ന് നസ്‌റള്ള പറഞ്ഞു. ഇസ്രയേലി നാഷണൽ സെക്യൂരിറ്റി കൗൺസിൽ തലവൻ സാക്കി ഹനേഗ്‌ബി തന്നെ ഇക്കാര്യം തുറന്ന് സമ്മതിച്ചത് ചൂണ്ടിക്കാട്ടുകയായിരുന്നു നസ്‌റള്ള. പലസ്‌തീനെ സ്വതന്ത്ര രാഷ്ട്രമായി യൂറോപ്യൻ രാജ്യങ്ങൾ അംഗീകരിക്കുന്നത് ഇസ്രയേലിന് വലിയ തിരിച്ചടിയാണെന്നും ഇക്കാരണങ്ങൾ കൊണ്ടാണ് ഇസ്രയേലിന് അന്താരാഷ്ട്ര ക്രിമിനൽ കോടതിയെ നേരിടേണ്ടി വരുന്നതെന്നും ഹെസ്ബുള്ള ജനറൽ സെക്രട്ടറി പറഞ്ഞു.

ഗാസയിലെ റാഫ നഗരത്തിലെ ആക്രമണം ഉടൻ നിറുത്തണമെന്ന് ലോക കോടതി (അന്താരാഷ്ട്ര നീതിന്യായ കോടതി) ഇസ്രയേലിനോട് ഉത്തരവിട്ടിരുന്നു ​. ഗാസയിൽ ഇസ്രയേൽ വംശഹത്യ നടത്തുന്നെന്ന് കാട്ടി ദക്ഷിണാഫ്രിക്ക സമർപ്പിച്ച കേസുമായി ബന്ധപ്പെട്ട് അടിയന്തര വിധി പറയുകയായിരുന്നു കോടതി. ഉത്തരവ് വന്ന് മിനിറ്റുകൾക്കുള്ളിൽ റാഫയിൽ ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രയേൽ മറുപടി നൽകി. ഇതോടെ ഇസ്രയേൽ ഉത്തരവ് പാലിക്കില്ലെന്ന് വ്യക്തമായി. എന്നാൽ,​ ഗാസയിലെ വിനാശകരമായ യുദ്ധത്തിന്റെ പേരിൽ ആഗോള തലത്തിൽ ഇസ്രയേൽ ഒറ്റപ്പെടുമെന്നതിന്റെ സൂചനയാണ് ലോക കോടതി വിധി.

മറ്റ് ഉത്തരവുകൾ

ഈജിപ്റ്റിനും ഗാസയ്ക്കുമിടെയിലെ റാഫ അതിർത്തി തുറക്കണം

ജനങ്ങളിലേക്ക് മാനുഷിക സഹായം എത്തണം

കോടതിയുടെ അന്വേഷണ സംഘത്തെ ഇസ്രയേൽ ഗാസയിലേക്ക് കടത്തിവിടണം

ഒരു മാസത്തിനുള്ളിൽ പുരോഗതിയെ കുറിച്ച് റിപ്പോർട്ട് സമർപ്പിക്കണം

കടുത്ത ക്ഷാമത്തിലൂടെ നീങ്ങുന്ന ഗാസയിൽ ഭക്ഷ്യ വിതരണം തടയാൻ പാടില്ലെന്ന് ഇസ്രയേലിനോട് മാർച്ചിൽ കോടതി ഉത്തരവിട്ടിരുന്നു. ഇതു പാലിച്ചില്ലെന്ന് മാത്രമല്ല,​ സ്ഥിതിഗതികൾ കൂടുതൽ വഷളായെന്നും കോടതി ചൂണ്ടിക്കാട്ടി. ഹമാസിനെ ഉന്മൂലനം ചെയ്യാൻ റാഫയിൽ സൈനിക നടപടി അനിവാര്യമാണെന്ന് ഇസ്രയേൽ വാദിച്ചിരുന്നു. ഭക്ഷണവും വെള്ളവും മരുന്നുമില്ലാതെ നരക യാതനയിലാണ് ഗാസയിലെ ജനങ്ങൾ. റാഫയിലെ അതിർത്തി പിടിച്ചെടുത്തതിനാൽ സഹായം എത്തുന്നില്ല. ഏകദേശം 8,​00,000 പേർ റാഫയിൽ നിന്ന് പലയാനം ചെയ്തു. വടക്കൻ ഗാസയിലും ഇസ്രയേൽ ആക്രമണം ശക്തമാക്കിയതോടെ ജനങ്ങൾ ദുരിതത്തിലാണ്. ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 35,800 കടന്നു.

Advertisement
Advertisement