'വിവാഹം നല്ല രീതിയിൽ നടന്നെന്ന് വിശ്വസിക്കുന്നു', എല്ലാം മെയിലിലുണ്ട്; വധുവിനെ തേടിയെത്തിയ ബോസിന്റെ മെസേജ്

Sunday 26 May 2024 12:38 PM IST

ഏതൊരാളുടെ ജീവിതത്തിലെയും ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളിലൊന്നാണ് വിവാഹം. പ്രിയപ്പെട്ടവരും ക്ഷണിക്കപ്പെട്ടവരുമെല്ലാം ചടങ്ങിന് എത്തി നേരിട്ട് നവദമ്പതികളെ ആശംസകളറിയിക്കും. വിവാഹത്തിന് നേരിട്ട് എത്താൻ സാധിക്കാത്തവരാകട്ടെ സോഷ്യൽ മീഡിയയിലൂടെയോ ഫോൺ കോളിലൂടെയോ ഒക്കെ ആശംസയറിയിക്കുകയും ചെയ്യും.


എന്നാൽ തന്റെ വിവാഹ ദിനത്തിൽ ഒട്ടും ശുഭകരമല്ലാത്ത ഒരു വാട്സാപ്പ് സന്ദേശം ലഭിച്ചതിനെപ്പറ്റി വെളിപ്പെടുത്തിയിരിക്കുകയാണ് അമാൻഡ എന്ന യുവതി. ആ സന്ദേശം ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസത്തെ സന്തോഷം ഇല്ലാതാക്കിയെന്ന് അവർ പറയുന്നു.

ഓഫീസിലെ ബോസ് ആണ് മെസേജ് അയച്ചത്. 'ചടങ്ങ് കഴിഞ്ഞ് അരമണിക്കൂറായിക്കാണും ബോസിന്റെ വാട്സാപ്പ് മെസേജ് വന്നു. വിവാഹമാണെന്ന് ബോസിന് അറിയാം. പിരിച്ചുവിട്ടെന്നായിരുന്നു സന്ദേശം'- യുവതി പറഞ്ഞു.


' വിവാഹം നല്ല രീതിയിൽ നടന്നുവെന്നും സന്തോഷവതിയാണെന്നും വിശ്വസിക്കുന്നു എന്ന് പറഞ്ഞായിരുന്നു മെസേജ് ആരംഭിച്ചത്. നിർഭാഗ്യവശാൽ നിങ്ങളെ പിരിച്ചുവിടാൻ തീരുമാനിച്ചെന്നാണ് എനിക്ക് അറിയിക്കാനുള്ളത്. ഇതുമായി ബന്ധപ്പെട്ട് വിശദമായ ഒരു മെയിൽ അയച്ചിട്ടുണ്ട്. മുന്നോട്ട് പോകാൻ എല്ലാ ആശംസകളും നേരുന്നു എന്നായിരുന്നു അവരുടെ സന്ദേശം,'-യുവതി വ്യക്തമാക്കി.

വിവാഹ ആഘോഷങ്ങൾക്കിടയിലായിരുന്നു അമാൻഡ ഈ മെസേജ് കാണുന്നത്. 'കമ്പനി വാട്സാപ്പ് ഗ്രൂപ്പിൽ നിന്ന് റിമൂവ് ചെയ്‌തെന്നറിഞ്ഞതോടെയാണ് ബോസിന്റെ മെസേജ് നോക്കിയത്. സുഹൃത്തുക്കളെല്ലാം എനിക്ക് ചുറ്റുമുള്ളപ്പോഴായിരുന്നു ഞാനത് വായിച്ചത്. എനിക്കാകെ ശ്വാസം മുട്ടുന്നത് പോലെയായി'- യുവതി വ്യക്തമാക്കി.

മോശം പെർഫോമൻസ് എന്ന് പറഞ്ഞാണ് യുവതിയെ കമ്പനി പിരിച്ചുവിട്ടതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇതിനുമുമ്പ് ഒരിക്കലും താൻ മോശം പെർഫോമൻസാണെന്ന് കമ്പനിയിൽ നിന്ന് പറഞ്ഞിട്ടില്ലെന്ന് യുവതി പറയുന്നു. എന്താണ് ബോസ് ഉദ്ദേശിക്കുന്നതെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.

എന്തിനാണ് തന്നെ പിരിച്ചുവിട്ടതെന്ന് പല തവണ ബോസിനോടും കമ്പനിയിലെ മുതിർന്ന ഉദ്യോഗസ്ഥരോടും ചോദിച്ചിരുന്നു. എന്നാൽ വ്യക്തമായ മറുപടി നൽകാതെ അവരെല്ലാം തന്നെ അവഗണിക്കുകയാണ് ചെയ്‌തതെന്ന് യുവതി വ്യക്തമാക്കി.

ഒരുമാദ്ധ്യമമാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. യുവതി എവിടെ നിന്നുള്ളതാണെന്നോ, ഏത് കമ്പനിയിലാണ് ജോലി ചെയ്‌തിരുന്നതെന്നോ വ്യക്തമല്ല. എന്നിരുന്നാലും യുവതിയെ പിന്തുണച്ചുകൊണ്ട് നിരവധി പേർ കമന്റ് ചെയ്തു. പെർഫോമൻസ് മോശമാണെങ്കിൽ കമ്പനിക്ക് നിങ്ങളെ പിരിച്ചുവിടാനുള്ള അധികാരം ഉണ്ട്. എന്നാൽ അതിന് ഈ ദിനം തിരഞ്ഞെടുത്തത് തെറ്റിപ്പോയെന്നാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ അഭിപ്രായപ്പെടുന്നത്.

Advertisement
Advertisement