ആരാ കുറച്ച് വെറൈറ്റി ആഗ്രഹിക്കാത്തത്, പെരുമഴയത്ത് കുടചൂടി ബസോടിച്ചു; പണി വാങ്ങി ഡ്രൈവറും കണ്ടക്ടറും

Sunday 26 May 2024 12:56 PM IST

ബംഗളൂരു: പെരുമഴയത്ത് കുടചൂടി ട്രാൻസ്‌പോർട്ട് ബസോടിച്ച ‌ഡ്രൈവർക്കും ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ കണ്ടക്ടർക്കുമെതിരെ നടപടി. നോർത്ത് വെസ്റ്റ് കർണാടക ആർടിസിയുടെ ധാർവാർഡ് ഡിപ്പോയിലെ ഡ്രൈവർ ഹനുമന്തപ്പയെയും കണ്ടക്ടർ അനിതയെയുമാണ് സസ്‌പെൻഡ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം.

ബെട്ടഗെരി- ധാർവാർഡ് റൂട്ടിലോടുന്ന ബസിൽ വച്ചാണ് ഹനുമന്തപ്പ റീൽ ചെയ്യുന്നതിന് കുട ചൂടി വാഹനമോട്ടിച്ചത്. അനിതയാണ് ദൃശ്യങ്ങൾ പകർത്തിയത്. ഈ വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു. ബസ് ചോരുന്നതിനാൽ ‌ഡ്രൈവർ കുട പിടിച്ച് വാഹനമോടിക്കുന്ന തരത്തിലാണ് റീൽ വൈറലായത്. ഹനുമന്തപ്പ ഒരു കൈയിൽ കുടപിടിച്ച് മറ്റേ കൈയുപയോഗിച്ച് സ്റ്റിയറിംഗ് തിരിക്കുന്ന തരത്തിലായിരുന്നു വീഡിയോ. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിയതിന് ശേഷമാണ് ഇരുവർക്കുമെതിരെ ആർടിസി നടപടി സ്വീകരിച്ചത്. ബസ് ചോരുന്നെന്ന പ്രചരണം തെറ്റാണെന്നും അധികൃതർ അറിയിച്ചു.

അനിതയുടെ കൈവശമുണ്ടായിരുന്ന കുട വാങ്ങിയാണ് ‌ബസ് ഓടിക്കുന്നതിനിടെ ഹനുമന്തപ്പ ചൂടിയത്. അതേസമയം, ബസിൽ യാത്രക്കാരുണ്ടായിരുന്നില്ലെന്നും തമാശയ്ക്കാണ് റീൽ ചിത്രീകരിച്ചതെന്നുമാണ് ഇരുവരുടെയും വിശദീകരണം.

സംഭവത്തിൽ പ്രതികരണവുമായി കർണാടക ഗതാഗത വകുപ്പ് മന്ത്രി രാമലിംഗ റെഡിയും രംഗത്തെത്തിയിരുന്നു. വ്യാജ വീഡിയോ പ്രചരിക്കുന്നതിനും സർക്കാരിനെതിരെ മോശം പ്രതികരണങ്ങൾ നടത്തുന്നതിനെതിരെയും അദ്ദേഹം ബിജെപിയെ വിമർശിച്ചു. 'ബസിന് യാതൊരു വിധത്തിലുളള കേടുപാടുകളോ സംഭവിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ഡ്രൈവറോ കണ്ടക്ടറോ ഇതുവരെയായിട്ടും പരാതി നൽകിയിട്ടില്ല. അധികൃതർ വാഹനം പരിശോധിച്ച് ചോർച്ചയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഉത്തരവാദിത്തമില്ലാതെ പെരുമാറിയതിന് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തിട്ടുണ്ട്‌'- മന്ത്രി പറഞ്ഞു.

Advertisement
Advertisement