വയോധികൻ കൈയിൽ കേറിപിടിച്ച് അടിക്കാൻ ശ്രമിച്ചു; പരാതിപ്പെട്ട യുവതിയോട് രാത്രി യാത്ര ഒഴിവാക്കണമെന്ന് പൊലീസ്
കൊല്ലം: ട്രെയിനിൽവച്ച് കൊല്ലം സ്വദേശിനിയെ വയോധികൻ ആക്രമിച്ചതായി പരാതി. വില്ലുപുരത്തുനിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്ന യുവതിക്ക് നേരെയാണ് തമിഴ്‌നാട് സ്വദേശിയുടെ അതിക്രമമുണ്ടായത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.
ട്രെയിൻ വിരുദാചലം സ്‌റ്റേഷനിലെത്തുന്നതിന് മുമ്പായിരുന്നു സംഭവമുണ്ടായത്. മൊബൈൽ ഫോൺ കുത്തിയിടുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇതിനിടയിൽ വയോധികൻ യുവതിയുടെ കൈയിൽ കയറിപ്പിടിച്ച് അടിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ട്രെയിൻ തിരുച്ചിറപ്പള്ളി സ്റ്റേഷനിലെത്തിയപ്പോൾ വയോധികൻ ഇറങ്ങിയോടി. തുടർന്ന് യുവതി തിരുച്ചിറപ്പള്ളി റെയിൽവേ പൊലീസിനെ വിവരമറിയിച്ചു. പരാതി നൽകിയ യുവതിയോട് രാത്രി യാത്ര ഒഴിവാക്കണമെന്നായിരുന്നു പൊലീസ് നൽകിയ ഉപദേശം.
കംപാർട്ടുമെന്റിൽ പൊലീസ് സുരക്ഷ ഉണ്ടായിരുന്നില്ലെന്ന് യുവതി പറയുന്നു. മാത്രമല്ല പ്രശ്നമുണ്ടായപ്പോൾ സഹായിക്കാൻ ടിടിഇയും വന്നില്ലെന്നും അവർ വ്യക്തമാക്കി. തമിഴ്നാട് പൊലീസിനും യുവതി പരാതി നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ട്രെയിനുകളിൽ നിന്നുള്ള ഇത്തരം അതിക്രമങ്ങൾ കൂടിക്കൂടി വരികയാണ്. കഴിഞ്ഞ ആഴ്ച ടിടിഇയെ യുവാക്കൾ കൈയേറ്റം ചെയ്‌തിരുന്നു. ബംഗളൂരു - കന്യാകുമാരി എക്‌സ്‌പ്രസിലായിരുന്നു സംഭവം. മലപ്പുറം വെളിയങ്കോട് മൂസാന്റകത്ത് ആഷിഫ് എം.എച്ച് (28), അശ്വിൻ എന്നിവരെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്. ജനറൽ ടിക്കറ്റുമായി സ്ളീപ്പർകോച്ചിൽ വന്ന ആഷിഫിനോട് ഫൈനടയ്ക്കാൻ ടി ടി ഇ മനോജ് കെ വർമ്മ ആവശ്യപ്പെട്ടു. തുക അടയ്ക്കാതെ തർക്കിച്ച് ടി ടി ഇയെ ഇരുവരും ചേർന്ന് തള്ളിയിടുകയായിരുന്നു.എറണാകുളം ടൗൺസ്റ്റേഷനിൽവച്ചാണ് അറസ്റ്റുചെയ്തത്. ആഷിഫിന്റെ പക്കൽനിന്ന് കഞ്ചാവും കണ്ടെടുത്തിരുന്നു.