സൂര്യകാന്തി സാംസ്കാരിക നിലയത്തിന് പൂട്ടു വീണിട്ട് നാലു വർഷം

Monday 27 May 2024 2:46 AM IST

പാലോട്: പെരിങ്ങമ്മല പഞ്ചായത്തിലെ തെന്നൂർ സൂര്യകാന്തി പട്ടികജാതി കോളനിയിൽ നിർമ്മിച്ച സാംസ്‌കാരിക നിലയം അടഞ്ഞുതന്നെ. ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് വർഷം തികഞ്ഞിട്ടും ഇതുവരെ നിലയത്തിന്റെ പ്രവർത്തനം ആരംഭിച്ചില്ല.

ജില്ലാ പഞ്ചായത്ത് 2018- 19 കാലയളവിൽ സൂര്യകാന്തി എസ്.സി കോളനി നവീകരണവും ജനറൽ കേന്ദ്രം നിർമ്മാണവും എന്ന പദ്ധതിക്ക് ഇരുപത് ലക്ഷം രൂപ അനുവദിച്ചിരുന്നു. ഈ പദ്ധതിയുടെ ഭാഗമായാണ് സാംസ്‌കാരിക നിലയം നിർമ്മിച്ചത്. 2020 സെപ്തംബറിലായിരുന്നു കെട്ടിടത്തിന്റെ ഉദ്ഘാടനം.എന്നാൽ നിലയം തുറന്ന് പ്രവർത്തിപ്പിക്കാൻ മാത്രം ആരും നപടിയെടുത്തില്ല.

ഉദ്ഘാടനത്തോടനുബന്ധിച്ച് കെട്ടിടത്തിൽ ഫാനും ലൈറ്റും സ്ഥാപിച്ചെങ്കിലും വൈദ്യുതിയോ,വെള്ളമോ ഇതുവരെയും ലഭിച്ചിട്ടില്ല. വൈദ്യുതി കണക്ഷന് വേണ്ടി സ്ഥാപിച്ച മീറ്റർ ബോർഡ് ഇപ്പോഴും അതുപോലെ തന്നെയുണ്ട്. കോളനി നിവാസികളുടെ വിവിധ ചടങ്ങുകൾ നടത്തുന്നതിനും , കലാ സാംസ്‌കാരിക പ്രവർത്തനങ്ങൾ പരിപോഷിപ്പിക്കുന്നതിനും വേണ്ടിയാണ് കെട്ടിടം പണിതത്. ഇവിടെത്തന്നെ സർക്കാർ പദ്ധതിയായ പഠനമുറി ഒരുക്കാമെന്നിരിക്കെ ഒന്നും ചെയ്യാതെ അനാഥമാക്കിയിട്ടിരിക്കുകയാണ്.

കോളനിയിൽ - 30ഓളം കുടുംബങ്ങൾ

കെട്ടിടം തുറക്കുന്നുണ്ട്

സാംസ്‌കാരിക നിലയത്തിന്റെ താക്കോൽ സൂക്ഷിക്കുന്നത് പ്രദേശവാസിയായ ഒരാളാണ്. ഇദ്ദേഹം സ്വന്തം ആവശ്യങ്ങൾക്ക് മാത്രമാണ് ഇവിടം തുറക്കുന്നത്.കൂടാതെ ചില ദിവസങ്ങൾ സ്വന്തം പണിസ്ഥലമാക്കുകയും ചെയ്യും.


സെക്രട്ടറിയുടെ വാക്ക് പാഴായി

സൂര്യകാന്തി പട്ടികജാതി കോളനിയിൽ സാംസ്‌കാരിക നിലയം തുറന്ന് പ്രവർത്തിപ്പിക്കുന്നതിനുള്ള നടപടികൾ ഉടൻ സ്വീകരിക്കുമെന്നും കെട്ടിടത്തിന്റെ താക്കോൽ അധികൃതരെ ഏൽപ്പിക്കുന്നതിന് നിർദേശം നൽകിയതായും ജില്ലാ പഞ്ചായത്ത് സെക്രട്ടറി ആറു മാസം മുൻപ് അറിയിച്ചിരുന്നെങ്കിലും പഴയ സ്ഥിതിയിലാണ് സാംസ്‌കാരിക നിലയം. സാംസ്‌കാരിക നിലയത്തെ അക്ഷയ സെന്ററിൽ ലിസ്റ്റ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായും ജില്ലാ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചിരുന്നു.

Advertisement
Advertisement