തീരം കവർന്ന് തിരമാല, തീരാദുരിതത്തിൽ തീരദേശവാസികൾ

Monday 27 May 2024 2:39 AM IST

ഉദിയൻകുളങ്ങര: പൊഴിയൂർ, പരുത്തിയൂർ, തെക്കേകൊല്ലങ്കോട് എന്നീ പ്രദേശങ്ങളിലെ തീരദേശവാസികൾ ഒന്നുറങ്ങിയിട്ട് ദിവസങ്ങളായി. തങ്ങളുടെ വീടും തകർത്ത് കടൽ ഉള്ളിലെത്തുന്ന ദിവസവും എണ്ണിക്കഴിയുകയാണ് ഇവിടുത്തുകാർ. കടൽ തീരം കവർന്നതോടെ പല വീടുകളും ഇപ്പോൾത്തന്നെ നശിച്ചു.

കടൽക്ഷോഭം വർദ്ധിച്ചതോടെ ഇവിടുത്തുകാരുടെ ആകെ വരുമാനമാർഗമായ മത്സ്യബന്ധനവും പ്രതിസന്ധിയിലായി. തീരം ഇടിയാൻ തുടങ്ങിയപ്പോൾ ഇവിടെനിന്നും കടലിലേക്ക് വള്ളമിറക്കാൻ പറ്റാതെയായി. കുടുംബം പട്ടിണിയാകാൻ തുടങ്ങിയതോടെ ചിലർ നീണ്ടകര, മുനമ്പം തുടങ്ങിയ ഹാർബറുകളെ ആശ്രയിക്കേണ്ട അവസ്ഥയായി. സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ തീരം ഈരീതിയിൽ ഇടിയാൻ തുടങ്ങിയാൽ കുട്ടികളെ സ്കൂളിലേക്ക് അയയ്ക്കാൻപോലും ഇവിടുത്തുകാർ ഭയക്കുകയാണ്.

 ദുരിതം ഒഴിയാതെ

ഓഖിയിൽ ഇവിടെ പൊലിഞ്ഞത് 12ഓളം മത്സ്യത്തൊഴിലാളികളാണ്. കഴിഞ്ഞ ആറു വർഷത്തിനിടെ കടൽക്ഷോഭത്തിൽ ഒന്നര കിലോമീറ്ററോളം തകർന്നു. വീട് നഷ്ടപ്പെട്ടവർ വേറെയും. ഇതിൽ 128 കുടുംബങ്ങൾക്ക് വീട് വച്ച്നൽകിയതായും 24 കുടുംബങ്ങൾക്ക് സ്ഥലം വാങ്ങിനൽകിയെന്നും അധികൃതർ അവകാശപ്പെടുമ്പോൾ 18ഓളം കുടുംബങ്ങൾ ഇന്നും ബന്ധുവീടുകളെ ആശ്രയിച്ചാണ് കഴിയുന്നത്.

 ഒറ്റപ്പെട്ട് ഗ്രാമങ്ങൾ

കഴിഞ്ഞ മൂന്ന് കടൽക്ഷോഭങ്ങളിലായി തമിഴ്നാട് നീരോടിയിലേക്ക് പോകുന്ന പരുത്തിയൂർ തെക്കേകൊല്ലങ്കോട് റോഡ് പൂർണമായും കടൽ വിഴുങ്ങിയതോടെ ഈ രണ്ട് ഗ്രാമങ്ങളും ഒറ്റപ്പെട്ടു. ഇവിടത്തെ താമസക്കാർ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് ഇടവകയിലെ രണ്ട് പള്ളികളിലേയും കിണറുകളാണ്.

 ചികിത്സയ്ക്കും വഴിയില്ല

മഴക്കാലവും കടൽക്ഷോഭവും രൂക്ഷമായിരിക്കെ പൊഴിയൂരിൽ കുളത്തൂർ പഞ്ചായത്തിന്റെ കീഴിലുള്ള കുടുംബാരോഗ്യ കേന്ദ്രത്തിലും വേണ്ടത്ര ഡോക്ടർമാർ ഇല്ലാത്തതും ആശങ്ക പരത്തുന്നു.

24 മണിക്കൂറും പ്രവർത്തിച്ചുകൊണ്ടിരുന്ന ഈ കുടുംബാരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സ ഇല്ലാതായിട്ട് വർഷങ്ങളായി.

Advertisement
Advertisement