കരുത്തിന്റെ കാതൽ,​ പൂവിന്റെ ഹൃദയം

Monday 27 May 2024 12:13 AM IST

ഇന്ന്,​ രാഷ്ട്രശില്പി നെഹ്റുവിന്റെ 60-ാം ചരമവാർഷികം

സ്വതന്ത്ര ഭാരതത്തിന്റെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ അറുപതാം ചരമവാർഷിക ദിനമാണ് ഇന്ന്. ബ്രിട്ടീഷുകാർ അധികാരമൊഴിഞ്ഞ്,​ രാജ്യത്തെ വെട്ടിമുറിച്ച് രണ്ടാക്കിയ ഘട്ടത്തിൽ ഭരണനേതൃത്വം ഏറ്രെടുക്കുക എന്നത് നെഹ്‌റുവിന് കനത്ത വെല്ലുവിളിയായിരുന്നു. സ്വതന്ത്ര ഭാരതത്തെ ശക്തമായ ഒരു രാഷ്ട്രമായി പരിവർത്തനം ചെയ്യുന്നതിലും രാജ്യത്തെ വികസനത്തിലേക്ക് നയിക്കുന്നതിലും നെഹ്‌റു വഹിച്ച പങ്കാണ് അദ്ദേഹത്തെ നവഭാരത ശില്പി എന്ന വിശേഷണത്തിന് അർഹനാക്കിയത്.

ഇന്ത്യയെ ശക്തമായ ജനാധിപത്യ രാജ്യമാക്കി മാറ്റുന്നതിൽ നെഹ്‌റു വഹിച്ച പങ്ക് രാജ്യചരിത്രത്തിൽ അവിസ്മരണീയമായി നിലനിൽക്കുന്നു. ഇന്ത്യയുടെ മതേതരത്വത്തിന്റെ മുഖ്യശില്പിയും കാവലാളും നെഹ‌്റുവായിരുന്നു. സ്വതന്ത്ര ഭാരതത്തിന് കാർഷിക, വ്യാവസായിക പുരോഗതിയും വിദ്യാഭ്യാസ, ആരോഗ്യരംഗത്തെ വളർച്ചയും ശാസ്ത്ര - സാങ്കേതിക പുരോഗതിയും ഉണ്ടായത് നെഹ്റു പ്രധാനമന്ത്രിയായിരുന്ന കാലത്താണ്.

ദീർഘമായ പതിനേഴു വർഷം ഇന്ത്യയുടെ പ്രധാനമന്ത്രിപദം അലങ്കരിച്ച ജഹവർലാൽ നെഹ്റുവിന്റെ ഭരണകാലത്താണ് ഇന്ത്യ ഒരു രാഷ്ട്രമെന്ന നിലയിൽ അതിന്റെ അടിത്തറ പാകിയതും,​ ജനങ്ങളുടെ ജീവിതത്തിൽ സ്വാതന്ത്ര്യത്തിന്റെ ഫലങ്ങൾ അനുഭവപ്പെട്ടു തുടങ്ങിയതും. നെഹ്‌റുവിന്റെ ദീർഘവീക്ഷണത്തിൽ തുടക്കം കുറിച്ച പഞ്ചവത്സര പദ്ധതികളാണ് രാജ്യത്ത് കാർഷിക, വ്യാവസായിക പുരോഗതിക്ക് വഴിതെളിച്ചത്. രാജ്യത്തെ ഏറ്റവും വലിയ ശാസ്ത്ര - സാങ്കേതിക സ്ഥാപനങ്ങൾക്ക് തുടക്കം കുറിച്ചതും നെഹ്‌റുവിന്റെ കാലത്താണ്.

നെഹ്റു വിശ്വപൗരനായാണ് അറിയപ്പെട്ടത്. അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളും ചരിത്രബോധവുമാണ് ഇന്ത്യയ്ക്ക് ഒരു വിദേശനയം രൂപീകരിക്കാൻ പശ്ചാത്തലമായത്. നെഹ്‌റു രൂപംകൊടുത്ത ചേരിചേരാ നയമാണ് ലോകരംഗത്ത് ശാക്തിക ചേരികൾ തമ്മിലുള്ള പോരാട്ടത്തിനിടയിൽ ലോകസമാധാനത്തിന്റെ സന്ദേശം പരത്തിയത്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ നെഹ്‌റു വഹിച്ച പങ്കും സമാനതകളില്ലാത്തതായിരുന്നു. വിദേശത്തുനിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി ഇന്ത്യയിലേക്കു വന്ന നെഹ്‌റു,​ മഹാത്മാഗാന്ധിക്കൊപ്പം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ സജീവമായി. പത്തുവർഷം അദ്ദേഹം ജയിലിലായിരുന്നു. ഗാന്ധിജിയുടെ പിന്നിൽ നിന്നുകൊണ്ട് നെഹ്‌റു ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ത്യാഗപൂർണമായ പങ്കാണ് വഹിച്ചത്.

ഇന്ന് രാജ്യത്തിന്റെ ജനാധിപത്യവും മതേതരത്വവും കടുത്ത വെല്ലുവിളി നേരിടുമ്പോൾ ജനാധിപത്യ - മതേതര വിശ്വാസികൾക്ക് പ്രതീക്ഷയും ആവേശവും പകരുന്നത് ജവഹർലാൽ നെഹ്‌റുവിന്റെ പ്രവൃത്തിയും വാക്കുകളുമാണ്. വെല്ലുവിളികൾ അതിജീവിക്കാൻ ഇന്ത്യയിൽ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും അടിത്തറ ശക്തമാക്കിയ നെഹ്‌റുവിനെ മാതൃകയാക്കി മുന്നേറാനാണ് ജനാധിപത്യ - മതേതരശക്തികൾ ശ്രമിക്കേണ്ടത്. നെഹ്‌റുവിനും നെഹ്‌റുവിയൻ ആദർശങ്ങൾക്കും അദ്ദേഹത്തിന്റെ മഹത്തായ ഗ്രന്‌ഥങ്ങൾക്കും മരണത്തെ അതിജീവിക്കാനുള്ള ശക്തിയുണ്ട്. നെഹ്‌റു ഇന്നും ഇന്ത്യൻ മനസുകളിൽ തുടിച്ചുനിൽക്കുന്ന ആശയമാണ്. ജനാധിപത്യ- മതേതര വിശ്വാസികളുടെ ആവശ്യമാണ്.

ലോകം മുഴുവൻ ആരാധിക്കുന്ന ഭരണാധികാരിയായിരിക്കുമ്പോഴും ജവഹർലാൽ നെഹ്റു ഭരണരംഗത്തു മാത്രമല്ല, ജീവിതത്തിന്റെ എല്ലാ മേഖലകളിലും വ്യാപരിച്ച വ്യക്തിത്വമായിരുന്നു. നെഹ്‌റുവിനെ ബഹുമുഖ പ്രതിഭയായാണ് ലോകം ആദരിച്ചത്. ചരിത്രകാരനും ബുദ്ധിജീവിയും സാഹിത്യകാരനും കലാകാരനും കുട്ടികളെ ഹൃദയത്തോട് ചേർത്തുപിടിച്ച ചാച്ചാ നെഹ്റു എന്ന മനുഷ്യസ്നേഹിയുമായിരുന്നു അദ്ദേഹം. നെഹ്റു മനുഷ്യനെ മാത്രമല്ല, പ്രകൃതിയെയും പൂക്കളെയും പൂമ്പാറ്റകളെയും എല്ലാ ജീവജാലങ്ങളെയും ഒരുപോലെ സ്നേഹിച്ചു. എല്ലാ മതങ്ങളെയും ഒരുപോലെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്തു. മരണശേഷം തന്റെ ഭൗതികശിഷ്ടം ഗംഗയിലും ഹിമാലയസാനുക്കളിലും ഇന്ത്യയുടെ വയലേലകളിലും വിതറാനാണ് അദ്ദേഹം ആഗ്രഹിച്ചത്. മഹാനായ ജവഹർലാലിന് മരണമില്ലെന്നു പറയുന്നത് അതുകൊണ്ടാണ്.

Advertisement
Advertisement