നമുക്കുമാകാം ഡോ. മാർജ്ജാരൻ

Monday 27 May 2024 12:19 AM IST

ഡോ. മാർജ്ജാരൻ, പിഎച്ച്.ഡി! സംശയിക്കേണ്ട, പൂച്ച ഡോക്‌ടർ തന്നെ. വ്യാജ ഡോക്ടർമാർ ചികിത്സാരംഗത്തും ഗവേഷണ രംഗത്തും പെരുകുന്ന ഇക്കാലത്ത് പൂച്ചഡോക്ടറെക്കുറിച്ചുള്ള വാർത്ത പ്രത്യാശ ഉണർത്തുന്നതത്രെ. പൂച്ചയെ ചികിത്സിക്കുന്ന ഡോക്ടറോ പൂച്ചയെക്കുറിച്ച് ഗവേഷണം നടത്തുന്ന ഡോക്ടറോ അല്ല ഇദ്ദേഹം. നാലുവർഷം യൂണിവേഴ്സിറ്റി ക്യാമ്പസിൽ മുടങ്ങാതെ കയറിയിറങ്ങിയതു പരിഗണിച്ച് യു.എസിലെ വെർമണ്ട് സർവകലാശാലയാണ് 'മാക്സ് ഡോ" എന്ന പൂച്ചയ്ക്ക് ഡോക്‌ടറേറ്റ് നൽകിയത്!

പൂച്ചയുടെ ഉടമസ്ഥ ആഷ്‌ലി ഡോയിൽ നിന്ന് പേരിനു പിന്നിൽ ജന്മനാ തന്നെ പൂച്ചയ്ക്ക് ഒരു 'ഡോ" കിട്ടിയിരുന്നു. ഇപ്പോൾ മുന്നിലും പിന്നിലും 'ഡോ" ആയി. ഓണററി ഡോക്ടറേറ്റ് ആണ് ബിരുദം. മനുഷ്യരുമായുള്ള സൗഹൃദവും സാമൂഹ്യ ഇടപെടലുമാണ് യോഗ്യതയായി കണക്കിലെടുത്തത്. കുമാരനാശാന്റെ കവിതയിൽ എത്ര ചില്ലക്ഷരമുണ്ട് എന്ന നിഷ്‌പ്രയോജന ഗവേഷണത്തിന് ഡോക്ടറേറ്റ് നൽകിയ ചരിത്രം നമുക്കുണ്ട്. ചങ്ങമ്പുഴയുടെ വാഴക്കുല ഇരു ചെവിയറിയാതെ വൈലോപ്പിള്ളിക്ക് പതിച്ചു നൽകിയാലും ഡോക്ടറേറ്റ് കിട്ടും.

ആകാശത്തേക്ക് മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിക്കുകയും ക്യാമ്പസിൽ അലമ്പുണ്ടാക്കുകയും ചെയ്യുന്ന സംഘടനാ നേതാക്കൾക്കും അവരുടെ സാമൂഹിക ഇടപെടൽ പരിഗണിച്ച് ഡോക്‌‌ടറേറ്റ് നൽകാവുന്നതേയുള്ളു. നാലുവർഷം ക്യാമ്പസിൽ കറങ്ങിനടന്ന സെക്യൂരിറ്റിക്കാർക്കും കാന്റീൻ പിള്ളേർക്കും പൂച്ചയു‌ടെ കീഴ്‌വഴക്കം പറഞ്ഞ് ഗവേഷണ ബിരുദം നൽകാം. തങ്ങളുടെ മേഖലയിൽ അവർക്കുള്ള പ്രാവീണ്യം അധികയോഗ്യതയാണല്ലോ‌?

പൂച്ചയ്ക്കാകാമെങ്കിൽ പട്ടിക്ക് എന്തുകൊണ്ട് ആയിക്കൂടാ എന്നൊരു ചോദ്യം വരാം. സ്ഥിരമായി സർവകലാശാലാ ക്യാമ്പസിൽ അലഞ്ഞുതിരിയുന്ന ശ്വാനപ്രമുഖർക്കും രാഷ്ട്രീയം പരിഗണിക്കാതെ ബിരുദം നൽകാം. അങ്ങനെയെങ്കിൽ 'ഭൂമിയുടെ അവകാശികൾ" എന്ന ബഷീർ കഥയിലെ കഥാപാത്രങ്ങളായ പാമ്പ്, എലി, വവ്വാൽ എന്നിവയ്ക്കും പരിഗണന ലഭിക്കേണ്ടതാണ്. ഇവരെക്കാളെല്ലാം എന്തുകൊണ്ടും യോഗ്യയാണ് പുസ്തകം വായിക്കുന്ന 'പാത്തുമ്മയുടെ ആട്"എന്നതും മറക്കേണ്ട. ഉന്നത വിദ്യാഭ്യാസ രംഗത്ത് ഒരുമുഴം മുന്നേ എറിയാനും മുന്നിൽ നടക്കാനും ആഗ്രഹിക്കുന്നുവെങ്കിൽ നമ്മളും കുറച്ച് ഉദാരതയും സഹജീവി സ്നേഹവും കാണിക്കാൻ തയ്യാറാവണം!

വെർമണ്ട് സർവകലാശാലയുടെ ബിരുദദാനത്തെ പിന്തുടർന്ന് അക്കാഡമികൾക്കും ചില വികസന സാദ്ധ്യതകളുണ്ട്. അക്കാഡമികളിലെ സ്ഥിരം സന്ദർശകരായ പൂച്ചകൾക്കും കോഴികൾക്കും അവരുടെ രാഷ്ട്രീയം പരിഗണിക്കാതെ അവാർഡ് നൽകുന്ന കാര്യം കണക്കിലെടുക്കാവുന്നതേയുള്ളൂ. ഇതിന്റെ ആമുഖമായി പൂച്ചയ്ക്കും പട്ടിക്കും കോഴിക്കുമൊക്കെ മലയാള സാഹിത്യത്തിലുള്ള പ്രസക്തി വിശകലനം ചെയ്യുന്ന ഒരു അന്താരാഷ്ട്ര സെമിനാർ കൂടി സങ്കല്പനം ചെയ്യാവുന്നതാണ്.

എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷാഫലങ്ങൾ നൂറുശതമാനത്തിന്റെ വക്കത്തെത്തി നാണിച്ചുനിൽക്കുകയാണ്. ഒന്നുമുതൽ പത്തുവരെ ഏത് മരക്കട്ടയ്ക്കും പരസഹായമില്ലാതെ ജയിച്ചു മുന്നേറാമെങ്കിൽ പത്തിനും പന്ത്രണ്ടിനും എന്താ ത‌ടസ്സം? സ്കൂൾ വളപ്പിൽ സ്ഥിരമായി വന്നുപോകുന്ന നാല്ക്കാലികൾ, ഇരുകാലികൾ, ഇഴജന്തുക്കൾ എന്നിവയ്ക്കും എസ്.എസ്. എൽ.സി സർട്ടിഫിക്കറ്റ് കൊടുക്കാം. ഒരു ഇന്റേണൽ അസസ്‌മെന്റ് സംവിധാനം വേണമെന്നു മാത്രം.

പാമ്പും പഴുതാരയും എലിയുമൊക്കെ മനുഷ്യനെപ്പോലെ ഭൂമിയുടെ അവകാശികളാണെന്ന് പ്രഖ്യാപിച്ച ബഷീറിന്റെ ദീർഘവീക്ഷണം നാം ഉൾക്കൊള്ളണം. അവർ സർവകലാശാലാ ബിരുദങ്ങൾക്കും അവകാശികളാകട്ടെ.

ജനാധിപത്യമാണോ മൃഗാധിപത്യമാണോ മികച്ചതെന്ന് പണ്ട് എം.പി. നാരായണപിള്ള ചർച്ച ചെയ്തിരുന്നു. ആ നിലയ്ക്ക് കാലം മാറിയാൽ കഥ മാറും. കാലക്രമത്തിൽ തിരഞ്ഞെടുപ്പിൽ വെറുതേ ചിഹ്‌നമാവാൻ മാത്രമല്ല, നാല് വോട്ടുനേടാനും ഇരുകാലികൾക്കൊപ്പം നാല്ക്കാലികളും ഉണ്ടായെന്നുംവരാം! ഇപ്പോൾത്തന്നെ അവരിൽ ചിലർ കാടുവിട്ട് നാട്ടിലേക്ക് ഇറങ്ങുന്നത് പതിവായിട്ടുണ്ടല്ലോ...

Advertisement
Advertisement