ജീവാ കുടകൾ വൻ ഹിറ്റ്, റഹീമിന് ഇത് അതിജീവനം

Monday 27 May 2024 1:52 AM IST

തിരുവനന്തപുരം: ജീവിതത്തിൽ അവിചാരിതമായി വന്ന ദുരിതപെയ്ത്തിൽ റഹീം നിവർത്തിയത് അതിജീവനത്തിന്റെ കുട. കാട്ടാക്കട പേഴുംമൂട് സ്വദേശിയായ റഹീമിന്റെ 'ജീവാ കുടകൾക്ക്" ഇന്ന് രാജ്യത്തുടനീളം ആവശ്യക്കാരുണ്ട്. വലിയ പ്രതീക്ഷകളോടെയാണ് വർഷങ്ങൾക്കുമുമ്പ് 21-ാം വയസിൽ അബ്ദുൾ റഹീം സൗദിയിലേക്ക് പറന്നത്. വീട് വയ്ക്കണം,​ ഉമ്മയെ നോക്കണം. അങ്ങനെ സ്വപ്നങ്ങൾ നിരവധി. എന്നാൽ മൂന്നുമാസം കഴിഞ്ഞപ്പോൾ ഉണ്ടായ വാഹനാപകടം ജീവിതത്തെ മാറ്റിമറിച്ചു. റഹീം സഞ്ചരിച്ചിരുന്ന പിക്കപ്പ്‌വാനിൽ മറ്റൊരു കാറിടിച്ച് ഒപ്പമുണ്ടായിരുന്ന മൂന്നുപേർ മരിച്ചു. ജീവൻ തിരിച്ചുകിട്ടിയെങ്കിലും നട്ടെല്ലിന് പരിക്കേറ്റ് കാലുകൾ തളർന്നു. ജീവിതം വീൽചെയറിലായി. അഞ്ചു മാസം ആശുപത്രിക്കിടക്കയിൽ. ചികിത്സകൾ ഫലിക്കാതെ വന്നപ്പോഴും പ്രതീക്ഷ കൈവിട്ടില്ല. നാട്ടിൽ തിരികെയെത്തി. പത്തുവർഷം മുമ്പ് വീൽചെയറിലിരുന്ന് കുടകൾ നിർമ്മിക്കാൻ തുടങ്ങി.

കുടകൾക്ക് ഗുണമേന്മയുണ്ടെന്ന് നാട്ടുകാർ പ്രശംസിച്ചതോടെ ആത്മവിശ്വാസമായി. ഇന്ന് 250 മുതൽ 700 രൂപ വരെ വിലയുള്ള ത്രീ ഫോൾഡ്, ഫൈ ഫോൾഡ് കുടകൾ, കാലൻ കുടകൾ, കുട്ടികളുടെ കുടകൾ എന്നിവ റഹീമിന്റെ പണിശാലയിലുണ്ട്. മുൻകൂട്ടി ഓർഡർ കൊടുത്താൽ ജന്മദിന സമ്മാനമായി പേരുകളും ചിത്രങ്ങളും കുടയിൽ പ്രിന്റ് ചെയ്ത് തരും. കമ്പനി ലോഗോകളും പ്രിന്റ് ചെയ്യാറുണ്ട്. ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ തിരുവനന്തപുരം ജില്ലാ പ്രസിഡന്റാണ് നിലവിൽ ഈ 52കാരൻ. ഫെഡറേഷനിലെ പരിശീലനത്തിലൂടെയാണ് കുട നിർമ്മാണം പഠിച്ചത്. ചെറുപ്പം മുതൽ കരകൗശലപ്പണികളിൽ ഉണ്ടായിരുന്ന താത്പര്യം സഹായകമായി. വീടുകളിലുള്ള വില്പനയ്ക്ക് പുറമേ, പോസ്റ്റിലൂടെയും കുടകൾ അയച്ചുനൽകും. സീഡ് പെൻ, കസ്റ്റമൈസ്ഡ് പേനകൾ എന്നിവയും നിർമ്മിക്കും. സുഹറാ ബീവിയാണ് റഹീമിന്റെ ഉമ്മ. ഭാര്യ റംലത്ത്.

താങ്ങായി റംല

റഹീം വീൽചെയറിലായി മുറിക്കുള്ളിൽ ഒതുങ്ങിയ സമയത്താണ് പത്രപരസ്യം കണ്ട് റംലത്തിന്റെ വീട്ടുകാർ വിവാഹം ആലോചിച്ചത്. റംലത്തിന്റെ പിന്തുണയാണ് കുട നിർമ്മാണം തുടങ്ങാൻ കാരണമായത്. കമ്പികൾ വളച്ച് ഫ്രെയിം ഉണ്ടാക്കാനും തയ്ക്കാനും സഹായിക്കുന്നത് റംലത്താണ്.

Advertisement
Advertisement