ഡൽഹിയിൽ തീ; നവജാതശിശു ആശുപത്രിയിൽ 7കുഞ്ഞുങ്ങൾ പിടഞ്ഞുമരിച്ചു

Monday 27 May 2024 12:00 AM IST

ന്യൂഡൽഹി: ശനിയാഴ്ച രാത്രി ഡൽഹിയിലെ നവജാതശിശു ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ ഏഴ് പിഞ്ചോമനകളുടെ ജീവൻ പൊലിഞ്ഞു. രാജ്യത്തെ നടുക്കിയ സംഭവത്തിൽ ഒളിവിൽപ്പോയ ആശുപത്രി ഉടമ ഡോ. നവീൻ കിച്ചിയെ അറസ്റ്റ് ചെയ്‌തു. ഇയാൾക്ക് ഡൽഹിയിൽ വേറെയും ആശുപത്രികളുണ്ട്. മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് രണ്ടു ലക്ഷം രൂപ വീതവും പരിക്കേറ്റ കുട്ടികൾക്ക് 50,000രൂപ വീതവും പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു.

ഇന്നലെ പുലർച്ചെ ഡൽഹി കൃഷ്ണ നഗറിലെ നാലു നില ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ മൂന്നു പേർ മരിച്ചു. ഗുജറാത്തിലെ രാജ്കോട്ടിൽ ഗെയിംമിംഗ് സെന്റിലെ തീപിടിത്തത്തിൽ മരണം 33 ആയി. ഇതിൽ 9 കുട്ടികളുണ്ട്. ഗുജറാത്ത് ഹൈക്കോടതി സ്വമേധയാ കേസെടുത്തു.

കിഴക്കൻ ഡൽഹിയിൽ വിവേക് ​​വിഹാറിലെ ന്യൂ ബോൺ ബേബി കെയർ ആശുപത്രിയിൽ ശനിയാഴ്‌ച രാത്രി 11മണിയോടെയാണ് തീപിടിച്ചത്. ഷോർട്ട് സർക്യൂട്ട് മൂലമുണ്ടായ തീ പടർന്ന് ആശുപത്രിക്കു മുന്നിൽ കിടന്ന ആംബുലൻസ് കത്തി. തീ കെട്ടിടത്തിലേക്ക് വ്യാപിച്ച് രണ്ടാം നിലയിലെ ഓക്‌സിജൻ സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു. ഇരുനില കെട്ടിടത്തെ തീ വിഴുങ്ങി.

ഷഹീദ് സേവാദൾ പ്രവർത്തകരും സമീപവാസികളും പിന്നിലെ ജനാലയിലൂടെ അകത്തു കയറി 12 കുട്ടികളെ പുറത്തെടുത്തു. മറ്റൊരു ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ആറു കുട്ടികളും ചികിത്സയിലിരിക്കെ മറ്റൊരു കുട്ടിയും മരിച്ചു. അഞ്ചു കുട്ടികൾ ചികിത്സയിലാണ്. ശ്വാസം മുട്ടിയാണ് മരണം.

ഡൽഹി ലെഫ്‌റ്റനന്റ് ഗവർണർ വി.കെ.സക്‌സേനയും ആരോഗ്യമന്ത്രി സൗരഭ് ഭരദ്വാജും വെവ്വേറെ അന്വേഷണത്തിന് ഉത്തരവിട്ടു.

രണ്ടാം ദുരന്തം

ഞായറാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് കൃഷ്ണ നഗറിലെ ഫ്ളാറ്റിൽ തീപിടിച്ചത്.

കത്തിക്കരിഞ്ഞ മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തി. 12 പേരെ രക്ഷപ്പെടുത്തി. 11 വാഹനങ്ങളും കത്തി.

രാജ്കോട്ട് ദുരന്തം

ഗുജറാത്തിലെ ടി.ആർ.ജി ഗെയിം സെന്ററിലെ വൻ തീപിടിത്തത്തിൽ മരണം 33 ആയി ഉയർന്നു. തകര മേൽക്കൂരയുള്ള ഇരുനില താൽക്കാലിക ഷെഡ്ഡുകളിൽ വെൽഡിംഗിനിടെ തീ പടർന്നാണ് ദുരന്തം ഉണ്ടായത്. സെന്ററിന്റെ മാനേജർ നിതിൻ ജയിൻ, നടത്തിപ്പുകാരനായ യുവരാജ് സിംഗ് സോലങ്കി എന്നിവരെ അറസ്റ്റ് ചെയ്‌തു. ആറ് പങ്കാളികൾക്കെതിരെ കേസെടുത്തു.

എന്റെ ചിന്തകൾ ദുഃഖിതരായ കുടുംബങ്ങൾക്കൊപ്പമാണ്. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

- പ്രധാനമന്ത്രി നരേന്ദ്രമോദി

സംഭവം ഹൃദയഭേദകമാണ്. കുട്ടികളെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കു ചേരുന്നു. ഉത്തരവാദികളെ വെറുതെ വിടില്ല.

-ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ

Advertisement
Advertisement