കനത്ത് മഴ, ആയിരത്തോളം വീടുകൾ വെള്ളത്തിൽ

Monday 27 May 2024 12:59 AM IST

ആലപ്പുഴ : അഞ്ചു ദിവസങ്ങളായി തകർത്തു പെയ്യുന്ന മഴയിൽ ജില്ലയിൽ വെള്ളക്കെട്ട് രൂക്ഷമായി. ആയിരത്തോളം വീടുകൾ വെള്ളത്താൽ ചുറ്റപ്പെട്ട നിലയിലാണ്. താഴ്ന്ന പ്രദേശങ്ങളിലെ പച്ചക്കറി ഉൾപ്പെടെയുള്ള കരകൃഷി നശിച്ചു. പ്രളയജലം കടലിലേക്ക് ഒഴുക്കിവിടുന്നതിനായി തോട്ടപ്പള്ളി പൊഴിമുറിക്കൽ ജോലികൾ പുരോഗമിക്കുന്നു.

ദേശീയ ജലപാതയിലൂടെ കായംകുളം കായലിലേക്കുള്ള ഒഴുക്ക് ശക്തമായതാണ് അല്പം ആശ്വാസം. ഇന്നലെ ഉച്ചവരെ മഴയ്ക്ക് അല്പം ശമനം ഉണ്ടായിരുന്നെങ്കിലും വൈകുന്നേരത്തോടെ വീണ്ടും ശക്തി പ്രാപിച്ചു. മരങ്ങളും മരക്കൊമ്പുകളും ഒടിഞ്ഞു വീണ് പലേടത്തും വൈദ്യുതി ബന്ധം താറുമാറായി. ഗതാഗതവും തടസപ്പെട്ടു. ആലപ്പുഴ വലിയമരം വാർഡിൽ ചേപ്പങ്കരിയിൽ ഷെഫീഖിന്റെ വീട്ടിൻ മുറ്റത്ത് വിളവെടുക്കാറായ കുലച്ച മുന്തിരി നശിച്ചു.

നശിച്ച് കരകൃഷി

1.കാർത്തികപ്പള്ളി താലൂക്കിലെ തൃക്കുന്നപ്പുഴ, കരുവാറ്റ, ചെറുതന, പള്ളിപ്പാട് ,അമ്പലപ്പുഴ താലൂക്കിലെ പുറക്കാട്, അമ്പലപ്പുഴ തെക്ക്, കുട്ടനാട്ടിലെ വീയപുരം, മുട്ടാർ ഉൾപ്പെടെയുള്ള പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിലാണ് വെള്ളക്കെട്ട്

2.എടത്വ, മുട്ടാർ, നെടുമുടി, വീയപുരം പഞ്ചായത്തുകളിൽ വാഴ, കപ്പ, ചേന, ചേമ്പ് തുടങ്ങി വിവിധ ഇനം പച്ചക്കറി കൃഷികൾ പൂർണ്ണമായി വെള്ളത്തിൽ മുങ്ങി. രണ്ട് ദിവസത്തിനുള്ളിൽ വെള്ളം കുറഞ്ഞില്ലെങ്കിൽ ഇവ നശിക്കും

ആറുകളിൽ ജലനിരപ്പുയരുന്നു
പമ്പ, അച്ചൻകോവിൽ, മണിമല ആറുകളിൽ ജലനിരപ്പ് ഉയർന്ന് അപകടനിലയിലേക്കടുക്കുന്നുണ്ട്. ജില്ലയിൽ ഇന്നും യെല്ലോ അലർട്ടാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കളക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നു.

തകർന്നത് 30 വീടുകൾ

മഴക്കെടുതിയിൽ ജില്ലയിൽ ഇന്നലെ വരെ മൂന്ന് വീടുകൾ പൂർണ്ണമായും 27 വീടുകൾ ഭാഗികമായും തകർന്നു. ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, പുന്നപ്ര, അമ്പലപ്പുഴ നോർത്ത് പഞ്ചായത്തുകളിലും ഒറ്റമശ്ശേരി, ചെല്ലാനം പ്രദേശങ്ങളിലും കടൽ പ്രക്ഷുബ്ധമാണ്. ഈ ഭാഗങ്ങളിൽ കടൽഭിത്തിക്ക് മുകളിലൂടെ തിരമാലകൾ അടിച്ചുകയറുന്നുണ്ട്.

മഴയുടെ അളവ് (മി. മീറ്ററിൽ)

ജില്ലയിലെ ശരാശരി: 19.72

താലൂക്കടിസ്ഥാനത്തിൽ

ചേർത്തല: 24.3

കാർത്തികപ്പള്ളി: 28

കുട്ടനാട്: 18.3

മാവേലിക്കര: 19.8

കായംകുളം: 8.2

Advertisement
Advertisement