ആറാം ഘട്ടത്തിലെ പോളിംഗ് കുറവ്,​ വില്ലനായത് ചൂട്

Monday 27 May 2024 12:45 AM IST

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷൻ ഉൗർജ്ജിതമായി ശ്രമിച്ചിട്ടും ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തിലും പോളിംഗ് ശതമാനം കൂടാത്തതിൽ വില്ലനായത് കൊടുംചൂട്. 45 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് ഡൽഹി,​ ഉത്തർപ്രദേശ്, ബിഹാർ, ജാർഖണ്ഡ്, ഒഡീഷ, ഹരിയാന, പശ്‌ചിമ ബംഗാൾ അടക്കമുള്ള സംസ്ഥാനങ്ങളിൽ താപനില. അതുകാരണം വീടുവിട്ട് പുറത്തിറങ്ങാൻ പലരും മടിച്ചു. ഡൽഹിയിലെ മിക്ക മണ്ഡലങ്ങളിലും രാവിലെയും വൈകിട്ടുമാണ് വോട്ടർമാർ ഏറെയും പോളിംഗ് ബൂത്തിലെത്തിയത്.

കഴിഞ്ഞ 25ന് ഡൽഹി,ഹരിയാന അടക്കം ഏഴ് സംസ്ഥാനങ്ങളിലെ 57 മണ്ഡലങ്ങളിലും ജമ്മുകാശ്‌മീരിലെ അനന്ത്‌നാഗ് രജൗരി മണ്ഡലത്തിലും നടന്ന ആറാംഘട്ടത്തിൽ 61.2 ശതമാനമായിരുന്നു പോളിംഗ്. അന്തിമ കണക്കിൽ വലിയ മാറ്റം വരാനിടയില്ല.

കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ട ആദ്യ അഞ്ചുഘട്ടങ്ങളിലെ മണ്ഡലം തിരിച്ചുള്ള കണക്കു പ്രകാരം 66.39 ശതമാനമാണ് ശരാശരി പോളിംഗ്. ആദ്യ ഘട്ടങ്ങളിൽ പോളിംഗ് കുറഞ്ഞത് കണക്കിലെടുത്ത് തിരഞ്ഞെടുപ്പ് കമ്മിഷൻ വിപുലമായ പ്രചാരണ പരിപാടികൾ നടത്തിയിട്ടും ആറാം ഘട്ടത്തിൽ അതു പ്രതിഫലിച്ചില്ല.

പോളിംഗ് കണക്ക്: നിലപാട്

വ്യക്തമാക്കി കമ്മിഷൻ

പോളിംഗ് ഡേറ്റ പുറത്തുവിടുന്നത് സംബന്ധിച്ച ആശങ്കകൾ ദുരീകരിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ കഴിഞ്ഞ ദിവസം ആദ്യ അഞ്ചുഘട്ടങ്ങളിലെ മണ്ഡലം തിരിച്ചുള്ള കണക്ക് പുറത്തുവിട്ടത്. പോളിംഗ് ശതമാനത്തിൽ മാറ്റം വരുത്താനാകില്ലെന്നും കർശനവും സുതാര്യവുമായ രീതിയിൽ നിയമപരമായ ചട്ടക്കൂടിനുള്ളിൽ നിന്നാണ് കണക്കുകൾ പുറത്തുവിടുന്നതെന്നും കമ്മിഷൻ വ്യക്തമാക്കി. ആദ്യഘട്ടം മുതൽ കൃത്യവും സ്ഥിരതയുള്ളതും തിരഞ്ഞെടുപ്പ് നിയമങ്ങൾക്ക് അനുസൃതവുമായാണ് നടപടികൾ. യാതൊരു പൊരുത്തക്കേടും ഉണ്ടായിട്ടില്ല.

ഒരു മണ്ഡലത്തിലെ ആകെ പോൾ ചെയ്ത വോട്ടുകളുടെ എണ്ണം ഒരിക്കലും മാറ്റാൻ കഴിയില്ല. എല്ലാ സ്ഥാനാർത്ഥികൾക്കും അതു ലഭ്യമാണ്. പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയും കാലാവസ്ഥയും അനുസരിച്ചും ഉദ്യോഗസ്ഥർ എത്തുന്ന സമയം കണക്കിലെടുത്തും റീപോളുകളുടെ എണ്ണത്തെ ആശ്രയിച്ചുമാണ് അന്തിമ പോളിംഗ് കണക്കുകൾ രൂപപ്പെടുന്നതെന്നും വ്യക്തമാക്കി.

Advertisement
Advertisement