ഇ.വി.എം നശിപ്പിച്ചു; ബി.ജെ.പി സ്ഥാനാർത്ഥി അറസ്റ്റിൽ

Monday 27 May 2024 12:56 AM IST

ഭുവനേശ്വർ: ഒഡീഷയിലെ ഖുർദ ജില്ലയിൽ വോട്ടെടുപ്പിനിടെ ഇ.വി.എമ്മുകൾ നശിപ്പിക്കുകയും പോളിംഗ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയും ചെയ്ത ബി.ജെ.പി സ്ഥാനാർത്ഥി അറസ്റ്റിൽ. ചിലിക എം.എൽ.എയും ഖുർദ മണ്ഡലം സ്ഥാനാർത്ഥിയുമായ പ്രശാന്ത് ജഗ്ദേവിനെയാണ് അറസ്റ്റ് ചെയ്ത്. ആറാംഘട്ട വോട്ടെടുപ്പ് നടന്ന കഴി‌ഞ്ഞ ദിവസമായിരുന്നു സംഭവം. അനുയായികളുമായി ബൂത്തിലെത്തിയ എം.എൽ.എ ​പോളിംഗ് ഉദ്യോഗസ്ഥനുമായി തർക്കിക്കുകയും മെഷീനുകൾ നശിപ്പിക്കുകയുമായിരുന്നു. ഭുവനേശ്വർ മണ്ഡലം ബി.ജെ.പി സ്ഥാനാർത്ഥി അപരാജിത സാരംഗിയും സ്ഥലത്തുണ്ടായിരുന്നു. അക്രമശേഷം ഇരുവരും കാറിൽ രക്ഷപ്പെട്ടു. പൊലീസ് പിന്തുടർന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രശാന്തിനെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു. നിലവിൽ ഖുർദ ജയിലിലാണ്. ജനപ്രാതിനിധ്യ നിയമത്തിന് പുറമെ ഐ.പി.സിയുടെ വിവിധ വകുപ്പുകൾ കൂടി ചേർത്താണ് കേസെടുത്തതെന്ന് എസ്.പി പറഞ്ഞു. വോട്ടിംഗിനിടെ മെഷീൻ തകരാറിലായതിനാൽ നിരവധി പേർ ഏറെ നേരം ക്യൂവിൽ നിൽക്കേണ്ടി വന്നതായി അധികൃതർ അറിയിച്ചു.

നേരത്തെ ബി.ജെ.ഡിയിൽ ആയിരുന്ന പ്രശാന്ത് ജഗ്ദേവ് കഴിഞ്ഞ വർഷമാണ് ബി.ജെ.പിയിൽ ചേർന്നത്. 2022 മാർച്ചിൽ ബി.ജെ.പിയുടെ ടൗൺ പ്രസിഡന്റിനെ മർദ്ദിച്ചതിന് പ്രശാന്ത് ജഗ്ദേവ് അറസ്റ്റിലായിരുന്നു. ബി.ജെ.പി അനുഭാവികൾക്ക് നേരെ വാഹനം ഓടിച്ചുകയറ്റിയ കേസും ഉണ്ട്.

സംഭവത്തിൽ 15പേർക്ക് പരിക്കേറ്റിരുന്നു. പിന്നാലെ ബി.ജെ.ഡിയിൽ നിന്ന് പുറത്താക്കി. തുടർന്ന് ബി.ജെ.പിയിൽ ചേർന്ന പ്രശാന്ത് ജഗ്ദേവിന് ഖുർദ മണ്ഡലത്തിൽ സീറ്റ് നൽകുകയായിരുന്നു.

Advertisement
Advertisement