കരക്കക്കാവ് ക്ഷേത്രത്തിൽ മോഷണം: പ്രതി സി.സി.ടി.വിയിൽ കുരുങ്ങി
Monday 27 May 2024 1:17 AM IST
പിലിക്കോട്: കാലിക്കടവ് ശ്രീ കരക്കക്കാവ് ഭഗവതി ക്ഷേത്രത്തിൽ മോഷണം. ക്ഷേത്രത്തിലെ മൂന്ന് ഭണ്ഡാരങ്ങൾ തകർത്ത് പണം കവർന്നു. ഒരു ഭണ്ഡാരം പൊളിക്കാൻ കഴിഞ്ഞില്ല. ശ്രീകോവിലിന്റെ വാതിൽ തകർത്ത് അകത്തുകയറാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. വെള്ളിയാഴ്ച അർദ്ധരാത്രിക്ക് ശേഷമാണ് മോഷണം നടന്നതെന്നു കരുതുന്നു.
കൈയിൽ ഒരു സഞ്ചിയുമായി കള്ളി ഷർട്ട് ധരിച്ച മോഷ്ടാവ് ക്ഷേത്രത്തിനകത്ത് പ്രവേശിക്കുന്ന സി.സി.ടി.വി. ദൃശ്യം ലഭിച്ചിട്ടുണ്ട്. ക്ഷേത്രം ഭാരവാഹികൾ നൽകിയ പരാതിയെ തുടർന്ന് ചന്തേര പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതിയെ കുറിച്ച് ചില സൂചനകൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. താമസിയാതെ മോഷ്ടാവ് പൊലീസ് വലയിലാകുമെന്നാണ് കരുതുന്നത്.