 ഇറാൻ അവയവക്കച്ചവടം  സജിത്തിന്റെ അക്കൗണ്ടിലേക്ക് കശ്മീരിൽ നിന്നും പണമെത്തി

Monday 27 May 2024 1:17 AM IST

ആലുവ: ഇറാൻ അവയവക്കച്ചവട കേസിൽ അറസ്റ്റിലായ എടത്തല സ്വദേശി സജിത്ത് ശ്യാമിന്റെ അക്കൗണ്ടിലേക്ക് ജമ്മു കശ്മീരിൽ നിന്ന് വരെ ലക്ഷങ്ങൾ എത്തി. ഉത്തരേന്ത്യയിൽ നിന്നാണ് അധിക തുകയും എത്തിയത്. പ്രതികളുടെ സമ്പാദ്യം കോടികളാണെന്ന് സ്ഥിരീകരിക്കുന്ന അന്വേഷണ സംഘം, അക്കൗണ്ടിലെത്തിയ തുക എത്രയെന്നത് രഹസ്യമാക്കിയിരിക്കുകയാണ്. പണം കൈമാറിവരുടെ വിവരങ്ങൾ ഇതിനകം ക്രോഡീകരിച്ചു. ഇവരുടെ വിവരങ്ങൾ നാളെ ബാങ്കിലെത്തി ശേഖരിക്കും.

സാബിത്ത് നാസറടങ്ങുന്ന റാക്കറ്റ് സജിത്തിനെ മുന്നിൽ നിറുത്തിയാണ് ഇടപാടുകൾ ഏകോപിപ്പിച്ചിരുന്നത്. അവയവം ആവശ്യമുള്ളവരെ ഇറാനിൽ തമ്പടിക്കുന്ന മധുവാണ് കണ്ടെത്തുന്നത്. സാബിത്തും സജിത്തുമാണ് ഇരകളെയും കണ്ടെത്തുന്നതും അവരുമായി സംസാരിച്ച് തുക നിശ്ചയിക്കുന്നതും. അവയവം സ്വീകരിക്കുന്നവരിൽ നിന്ന് സജിത്തിന്റെ ബാങ്ക് അക്കൗണ്ട് മുഖേന പണം വാങ്ങും. ഈ അക്കൗണ്ടിൽ നിന്ന് ഇരകൾക്കും പണം കൈമാറിയിട്ടുണ്ട്. സജിത്തിന്റെ അക്കൗണ്ടിലൂടെ നിരന്തരം ഇടപാടുകൾ നടത്തിയ കമ്പനി പൊലീസ് നിരീക്ഷണത്തിലാണ്.

 റാക്കറ്റുകൾ കൈകോർക്കും

വിവിധ സംസ്ഥാനങ്ങളിലായി വേരുറപ്പിച്ച അവയവക്കച്ചവട റാക്കറ്റുകൾ പരസ്പരം സഹകരിച്ച് പ്രവർത്തിക്കാറുണ്ടെന്ന് വ്യക്തമായതോടെ, ഇറാൻ അയവയവക്കച്ചവട കേസിലെ പ്രതികളും ഈ രീതി പിന്തുട‌ർന്നോയെന്ന് പൊലീസ് അന്വേഷിക്കുന്നു. ഹൈദരാബ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘമാണ് പിന്നിലെന്നാണ് വെളിപ്പെടുത്തൽ. എന്നാൽ ഹൈദരാബാദ്, ഡൽഡി, ജയ്‌പൂർ, ചെന്നൈ, മധുര എന്നിവിടങ്ങളിലും റാക്കറ്റുകൾ സ‌ജീവമാണ്.