സൈബർ തട്ടിപ്പിൽ പ്രവാസിക്ക് പോയത് 1.10 കോടി

Monday 27 May 2024 1:21 AM IST

തൃശൂർ: പൊലീസ് ചമഞ്ഞുള്ള സൈബർ തട്ടിപ്പിലൂടെ അന്തിക്കാട് സ്വദേശിയായ പ്രവാസി വ്യവസായിയിൽ നിന്ന് 15 തവണയായി 1.10 കോടി തട്ടി. ടെലികോം റെഗുലേറ്ററി അതോറിറ്റിയിൽ നിന്നെന്ന വ്യാജേന ഏപ്രിൽ 18ന് വ്യവസായിയുടെ മൊബൈൽ ഫോണിലേക്ക് കോൾ വന്നതോടെയാണ് തട്ടിപ്പിന് തുടക്കമായത്. മേയ് ഏഴ് വരെ ഭീഷണി തുടർന്നു. മൊബൈലിൽ അശ്ലീലചിത്രം കണ്ടിട്ടുണ്ടെന്നും കണക്ഷൻ വിച്ഛേദിക്കുമെന്നുമാണ് ആദ്യം പറഞ്ഞത്. നിരപരാധിയാണെന്ന് പറഞ്ഞപ്പോൾ രേഖകൾ പരിശോധിക്കട്ടെയെന്നും വിവരം സി.ബി.ഐയ്ക്ക് കൈമാറുകയാണെന്നും പറഞ്ഞു. പിന്നീട് മുംബയ് സി.ബി.ഐ ഓഫീസിൽ നിന്നെന്ന വ്യാജേന മറ്റൊരാൾ വിളിച്ച് ആധാറിന്റെ കോപ്പി ആവശ്യപ്പെട്ടു. കള്ളപ്പണം വെളുപ്പിക്കലിനെതിരെ കേസുണ്ടെന്നും അറസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. തുടർന്ന് മൊബൈലിൽ സ്‌കൈപ്പ് സോഫ്ട് വെയർ ഇൻസ്റ്റാൾ ചെയ്യിച്ച് വീഡിയോ കാൾ വിളിച്ച് വീടും പരിസരവും കാണിച്ചുകൊടുക്കാൻ ആവശ്യപ്പെട്ടു. ഇക്കാര്യം ആരോടും പറയരുതെന്ന് നിർദ്ദേശിച്ചു. ഇതിനിടെ മറ്റൊരാൾ വിളിച്ച് തഞ്ചത്തിൽ സംസാരിച്ച് വ്യവസായിയുടെ സ്വത്തുവിവരം മനസിലാക്കി. പൊലീസാണെന്ന് തോന്നിക്കാൻ വയർലെസ് ശബ്ദം കേൾപ്പിച്ചു.

സുപ്രീം കോടതി വാറണ്ടുണ്ടെന്നും അറസ്റ്റ് ഒഴിവാക്കാൻ ഉടൻ 10,37,000 രൂപ അടയ്ക്കണമെന്നും നടപടിക്രമം പൂർത്തിയായാൽ തിരികെ നൽകുമെന്നും പറഞ്ഞു. തെളിവായി വ്യാജരേഖ അയച്ചുകൊടുത്തു. ഇത് വിശ്വസിച്ചും പണമയച്ചു. ഇതിനിടെ വ്യവസായിയുടെ ഷെയർ മാർക്കറ്റ് ഇടപാടുകളെക്കുറിച്ച് ചോദിച്ചറിഞ്ഞു. ആദ്യം നൽകിയ തുകയടക്കം 1,10,80,389 രൂപ തട്ടിപ്പിലൂടെ നഷ്ടപ്പെട്ടു.

Advertisement
Advertisement