കായൽപ്പരപ്പിൽ മിന്നിൽപ്പിണറായി സ്പീഡ് ബോട്ടുകൾ

Monday 27 May 2024 12:29 AM IST

കോട്ടയം: വേമ്പനാട്ട് കായൽപ്പരപ്പിലൂടെ സ്പീഡ് ബോട്ടുകൾ ചീറിപ്പാഞ്ഞപ്പോൾ വള്ളംകളി പ്രേമികളുടെ നാട് ആവേശത്തോടെ കൈയടിച്ചു. തിമിർത്തു പെയ്ത മഴയ്ക്കിടയിലും കുമരകത്ത് സംഘടിപ്പിച്ച സ്പീഡ് ബോട്ട് റാലി നവ്യാനുഭവമായി.

കോട്ടയം രാമവർമ്മ യൂണിയൻ ക്ലബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച റാലിയിൽ 35 ബോട്ടുകളാണ് പങ്കെടുത്തത്. 40 എച്ച്.പി, 50 എച്ച്.എപി, 70 എച്ച്.പി, 120 എച്ച്.പി, 150 എച്ച്.പി എന്നിങ്ങനെ എഞ്ചിൻ ക്ഷമതയുള്ള യന്ത്രങ്ങൾ ഘടിപ്പിച്ച സ്പീഡ് ബോട്ടുകളാണ് റാലിയിൽ അണിനിരന്നത്.മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു. 40, 50, 60 വിഭാഗങ്ങളിൽ ഫിലിപ്പ് തോമസും 120, 150 വിഭാഗങ്ങളിൽ രോഹിത് ഓടിച്ച ബോട്ടും ജേതാക്കളായി. 200 എച്ച്.പിക്ക് മുകളിലുള്ള ബോട്ടുകളുടെ മത്സരത്തിൽ സാം കുര്യൻ വിജയിയായി. ക്ലബ് പ്രസിഡന്റ് സ്‌കറിയ സെബാസ്റ്റ്യൻ സമ്മാനം വിതരണം ചെയ്തു.

പ്രായത്തെ തോൽപ്പിച്ച് ലീല

ഒരു ബോട്ടിൽ 68കാരി ലീലയുമുണ്ടായിരുന്നു. 70ഓളം പേർ പങ്കെടുത്ത സ്പീഡ് ബോട്ട് റാലിയിൽ അണിനിരന്ന ഏക സ്ത്രീയായിരുന്നു മാവേലിക്കര സ്വദേശിനിയായ ലീലാമ്മ.

50 എച്ച്.പി ബോട്ടുകളുടെ മത്സരത്തിൽ തുടർച്ചയായ രണ്ടാം തവണയാണ് ലീല മത്സരിച്ചത്.

Advertisement
Advertisement