കരസേനാ മേധാവിയുടെ കാലാവധി ഒരുമാസം നീട്ടി

Monday 27 May 2024 1:19 AM IST

ന്യൂഡൽഹി: ഈ മാസം 31ന് വിരമിക്കേണ്ട കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെയുടെ സർവീസ് കാലാവധി ജൂൺ 30വരെ നീട്ടി. കേന്ദ്രമന്ത്രിസഭയുടെ അപ്പോയിന്റ്മെന്റ് കമ്മിറ്റിയുടേതാണ് തീരുമാനം.

ജൂൺ നാലിന് ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്നശേഷമാകും അടുത്ത കരസേനാ മേധാവിയെ പ്രഖ്യാപിക്കുക.

ഉപമേധാവിയായ ലഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി അടുത്ത മേധാവിയാകുമെന്നാണ് സൂചന. ദക്ഷിണ കരസേനാ കമാൻഡർ ലഫ്റ്റനന്റ് ജനറൽ അജയ് കുമാർ സിംഗ് ആണ് സീനിയറായ മറ്റൊരു ഉദ്യോഗസ്ഥൻ.

2022 ഏപ്രിൽ 30-നാണ് ജനറൽ എം.എം. നരവാനെയുടെ പിൻഗാമിയായി 29-ാമത് മേധാവിയായത്. കോർപ്സ് ഓഫ് എൻജിനീയർ വിഭാഗത്തിൽ നിന്നുള്ള ആദ്യത്തെ കരസേനാ മേധാവിയാണ്.
1975-ൽ ഇന്ദിരാഗാന്ധി സർക്കാർ കരസേനാ മേധാവി ജനറൽ ജി. ജി. ബേവൂരിന്റെ കാലാവധി ഒരു വർഷത്തേക്ക് നീട്ടിയിരുന്നു.

Advertisement
Advertisement