രാജ്കോട്ട് ഗെയിം സെന്റർ അഞ്ച് മിനിറ്റിൽ തീഗോളം

Monday 27 May 2024 1:20 AM IST

ഗാന്ധിനഗർ: ' കാതടപ്പിക്കുന്ന ഉഗ്ര സ്ഫോടനമുണ്ടായി. എന്താണ് നടക്കുന്നതെന്ന് വ്യക്തമായില്ല. തീ എല്ലായിടത്തും പടർന്നു. വെറും അഞ്ച് മിനിറ്റിൽ ആകാശത്ത് തീ മൂടി....' 9 കുട്ടികൾ അടക്കം 33 പേരുടെ ജീവൻ കവർന്ന രാജ്‌കോട്ട് ദുരന്തത്തിന്റെ ദൃക്‌സാക്ഷി പറഞ്ഞു.

അപകടമുണ്ടായ ഗെയിമിംഗ് സെന്ററിന് സമീപം ചായക്കട നടത്തുകയാണ് ഇദ്ദേഹം. ശനിയാഴ്ച വൈകിട്ട് 5.30ഓടെയായിരുന്നു സംഭവം. 15 മിനി​റ്റിൽ അഗ്നിശമന വാഹനങ്ങൾ എത്തി. അതിന് മുമ്പേ പ്രദേശവാസികൾ ചിലരെ സെന്ററിന് പുറത്തെത്തിക്കാൻ ശ്രമിച്ചിരുന്നു. ജീവനക്കാർ തീയണയ്‌ക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി.

സെന്ററിന് മുകളിൽ കയറി അകത്തേക്ക് കടക്കാൻ ശ്രമിച്ച ചിലർക്ക് പരിക്കേറ്റു. ഒരാളുടെ തലയിൽ സാരമായി പരിക്കേറ്റു. 70 - 80 പേർ അപകടം സമയം സെന്ററിലുണ്ടായിരുന്നു. മിക്കവരും കുട്ടികളുമൊത്ത് എത്തിയതാണ്. പലരുടെയും മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്ത വിധം കത്തിക്കരിഞ്ഞു. മരിച്ചവരിൽ ഒരു കുടുംബത്തിലെ ഏഴ് പേരും ഉൾപ്പെടുന്നു. 26 പേരെ കണ്ടെത്തിയിട്ടില്ല.

 കാരണം വെൽഡിംഗ് ജോലികൾ ?

ടി.ആർ.പി ഗെയിം സോൺ തുടങ്ങിയത് നാല് വർഷം മുമ്പ്. ഷെഡ് പോലുള്ള ഘടന. രണ്ട് നിലകളുണ്ടായിരുന്നു. ഒന്നാം നിലയിൽ റിസപ്ഷൻ ഏരിയയും അതിന് മുകളിൽ വിവിധ ഗെയിം സോണും ഒരുക്കിയിരുന്നു.

തീപിടിത്തത്തിന്റെ കാരണം ഒന്നാം നിലയിലെ വെൽഡിംഗ് ജോലികളാണോ എന്ന് അഭ്യൂഹമുണ്ട്. എ.സിയിൽ നിന്നുള്ള ഷോർട്ട് സർക്കീറ്റ് സാദ്ധ്യതയും അന്വേഷിക്കുന്നുണ്ട്. ഒന്നാം നിലയിൽ നിന്നാണ് തീപടർന്നതെന്ന് രക്ഷപ്പെട്ടവർ പറയുന്നു.

ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്

6 - 7 അടി മാത്രം ഉയരമുള്ള ഒറ്റ എൻട്രി - എക്സിറ്റ് വാതിൽ

 താത്കാലിക നിർമ്മാണങ്ങൾ തകർന്ന് വാതിലിന് കുറുകേ വീണു

 വാരാന്ത്യമായതിനാൽ ജനത്തിരക്ക്

 ടിക്കറ്റിന് 99 രൂപയെന്ന ഡിസ്കൗണ്ട് ഓഫർ

 3,500 ലിറ്റർ പെട്രോൾ സൂക്ഷിച്ചിരുന്നു

 പ്ലൈവുഡ് അടക്കം വേഗത്തിൽ തീപിടിച്ചു

Advertisement
Advertisement