ബംഗ്ലാദേശ് എം.പിയുടെ വധം പിന്നിൽ​ സ്വർണക്കടത്ത്,​ പക

Monday 27 May 2024 1:22 AM IST

കൊൽക്കത്ത: കൊല്ലപ്പെട്ട ബംഗ്ലാദേശ് എം.പി അൻവറുൽ അസീം അനാറിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യസൂത്രധാരനും ബംഗ്ലാദേശ് വംശജനുമായ അക്തറുസ്സമാൻ ഷഹീൻ സ്വർണക്കടത്തുകാരനെന്ന് അന്വേഷണസംഘം. എം.പിയും ഇയാളും സ്വർണക്കടത്തിൽ പങ്കാളികളായിരുന്നുവെന്നും ലാഭം പങ്കിടുന്നതിനെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നെന്നും കണ്ടെത്തി. തർക്കമാണ് മരണത്തിലേക്ക് എത്തിച്ചതെന്നാണ് നിഗമനം. ദീർഘകാലമായി ഇരുവർക്കുമിടെയിൽ പ്രശ്നമുണ്ടായിരുന്നെന്ന് അറസ്റ്റിലായവരുടെ മൊഴിയുണ്ട്. മൊഴി പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ബംഗ്ലാദേശ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, ജെനൈദ എം.പിയായ ശേഷം അസീമും കോട്ട്ചന്ദ്പൂർ മുനിസിപ്പാലിറ്റി മേയറുടെ ഇളയ സഹോദരൻ ഷഹീനും ഉൾപ്പെട്ട അതിർത്തി കടന്നുള്ള റാക്കറ്റിൽ പങ്കാളികളായിരുന്നു. ഇവർ ഇന്ത്യയിലേക്ക് സ്വർണക്കട്ടികൾ കടത്തിയിരുന്നു. ദുബായിൽനിന്ന് അഖ്തറുസ്സമാൻ ഷഹീൻ ബംഗ്ലാദേശിലേക്ക് സ്വർണം കടത്തുമ്പോൾ അത് സുരക്ഷിതമായി എത്തേണ്ടിടത്ത് എത്തിക്കുന്നത് അസീം ആയിരുന്നു. കഴിഞ്ഞവർഷം കൂടുതൽ ലാഭവിഹിതം അസീം ആവശ്യപ്പെട്ടെങ്കിലും ഇത് ഷഹീൻ നിരസിച്ചു. ഇതിന് പിന്നാലെ അനധികൃതമായി കടത്തിയ 80 കോടിയോളം രൂപവരുന്ന സ്വർണം അസീം സ്വന്തമാക്കിയതായി ഷഹീൻ കണ്ടെത്തി. ഈ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

സ്വർണ്ണക്കടത്ത് റാക്കറ്റിൽ ഉൾപ്പെട്ട മറ്റു ചിലർക്കും ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ബംഗ്ലാദേശ് പൊലീസ് കരുതുന്നു. 2014ൽ എം.പിയായതോടെ ജനൈദ മേഖലകേന്ദ്രീകരിച്ചുള്ള സ്വർണ്ണക്കടത്തിന്റെ നേതൃത്വം അസീം ഒറ്റയ്ക്ക് ഏറ്റെടുത്തു. പങ്കാളികളായിരുന്ന ഒരുരാഷ്ട്രീയനേതാവിനേയും രണ്ട് വ്യവസായികളേയും ഒഴിവാക്കി. ഇവർക്കും കൊലപാതകത്തിൽ പങ്കുണ്ടോയെന്ന് അന്വേഷിക്കും.

ഈ വർഷം ഫെബ്രുവരിക്കും ഏപ്രിലിനും ഇടയിലാണ് അസീമിനെ വധിക്കാൻ പദ്ധതിയിട്ടത്. കൊലപാതകത്തിൽ പങ്കാളികളായ അമാനുള്ള അമാൻ എന്ന ഷിമുൽ ബുയ്യാൻ, ഫൈസൽ അലി എന്ന സാജി, അസീമിനെ ഹണിട്രാപ്പിൽ കുരുക്കിയ ഷിലാസ്തി റഹ്മാൻ എന്നിവരെ നേരത്തെ ബംഗ്ലാദേശ് പൊലീസ് അറസ്റ്റുചെയ്തിരുന്നു. കൊലപാതകത്തിന് മുംബയിൽ നിന്ന് എത്തിച്ച കശാപ്പുകാരൻ ജിഹാദ് ഹവ്‌ലാദറിനെയും അറസ്റ്ര് ചെയ്‌തിരുന്നു. എം.പിയെ വധിക്കുന്നതിനായി അഞ്ച് കോടി രൂപയാണ് പ്രതികൾക്ക് വാഗ്ദാനം ചെയ്‌തത്.

Advertisement
Advertisement